സമസ്യാപൂരണവും സ്വതന്ത്രശ്ലോകങ്ങളും എഴുതി അനുഷ്ടുപ്പ്, ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര, രഥോദ്ധത, ഇന്ദ്രവംശ, വംശസ്ഥം, സമ്മത, ഭുജംഗപ്രയാതം, ശാലിനി, സ്വാഗത എന്നീ വൃത്തങ്ങള്‍ പരിചയപ്പെട്ടുവല്ലോ. .
ഇനി പരിചയപ്പെടുന്നത് വസന്തതിലകം എന്ന വൃത്തം ആണ്. ഈ വൃത്തത്തിലും ഒരോ വരിയിലും 14 അക്ഷരങ്ങൾ ആണ്
വൃത്തം: വസന്തതിലകം
വൃത്തലക്ഷണം: ചൊല്ലാം വസന്തതിലകം തഭജം ജഗംഗം
അതായത്, തഗണം, ഭഗണം, രണ്ട് ജഗണം പിന്നെ രണ്ട് ഗുരു
ഗുരുലഘുവിന്യാസം*:ggl/gll/lgl/lgl/gg
* l ലഘു, g ഗുരു
താളം/ചൊൽവഴി:
തം തം ത/തം ത ത/ത തം ത /ത തം ത/തം തം
വസന്തതിലകം ഉദാഹരണങ്ങള്‍:
1. വീണപൂവിലെ ശ്ലോകങ്ങള്‍
2. നാരായണീയത്തിലെ ദശകങ്ങള്‍ 6, 10, 12, 16, 17, 21, 23, 29, 30, 33, 38, 43, 52, 65, 72
3. സീതാസ്വയംവരം നാടകം: കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
പൂജ്യത്വമേറുമൊരു രാഘവവംശ്യരായി
പ്രാജ്ഞത്വമോടുമൊരു ചാര്‍ച്ച വരുന്നതോര്‍ത്താല്‍
ഇജ്ജന്മകൃത്യമഴകോടഖിലം കഴിഞ്ഞൂ
മുജ്ജന്മപുണ്യഫലമാണിതു തീര്‍ച്ച തന്നേ
4. ഉമാവിവാഹം നാടകം: കൊച്ചുണ്ണിത്തമ്പുരാന്‍
ഉല്ലാസമോടിവിടെ നിൽക്കിലുമീ വിശേഷ-
മെല്ലാം കനത്ത കുതുകത്തൊടു കണ്ടുകൊൾവാൻ
ഇല്ലാ വിരോധമൊരുവന്നുമിതെന്തു പിന്നെ
വല്ലാതെ നിങ്ങളിഹ വന്നു തിരക്കിടുന്നൂ
5. തുപ്പല്‍ക്കോളാമ്പി കാവ്യം: കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
'എന്നോടലട്ടിയവനംഗജസംഗരത്തി-
ന്നായോതി ഞാ"നിവളൊടൊട്ടു നടക്കയില്ലാ"
അന്നോർത്തുവെച്ച ചതിയാണതിനുണ്ടു സാക്ഷി-
യെന്നോപ്പതന്നുടെ പരിഗ്രഹ'മെന്നുമോതും.
6. സ്യമന്തകം നാടകം: കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
താതന്‍ മരിച്ചതു നിനച്ചഴലോടു കണ്ണീര്‍
പെയ്തംഗമമ്പൊടുടനെണ്ണയിലിട്ടു വച്ചു
ഏതെങ്കിലും ഹരിയൊടോതണമെന്നു യാത്ര-
ചെയ്താള്‍ ഗജാഹ്വയപുരത്തിനു സത്യഭാമ
7. ചന്ദ്രിക (നാടിക): കുഞ്ഞിക്കുട്ടൻ തമ്പുരാൻ
മാർത്താണ്ഡസേനനൊടു സംഗരമായതിങ്കൽ
നേർത്താൽ മടക്കമതെനിക്കു ഭവിപ്പതാണോ
പാർത്താലിതും വിധിവിരോധഫലം കണക്കി-
ലോർത്താണവൻ ചതി പിണച്ചതു, നന്നെ പറ്റി
8. സോമതിലകം ഭാണം: കൊച്ചുണ്ണിത്തമ്പുരാന്‍
ഒന്നാദരാലഴകിയന്ന ഭവാനുറച്ചു
ചൊന്നാലതിന്നൊരു കുഴക്കു ഭവിക്കയില്ലാ
എന്നാലുമിന്നയി, ഭവാനുടെ കൈ തൊടുന്ന-
തിന്നാശകൊണ്ടു കരമൊന്നിത നീട്ടിടുന്നേൻ
9. മലയാംകൊല്ലം: കൊച്ചുണ്ണിത്തമ്പുരാന്‍
പീയൂഷപൂർവജവിരാജിതകണ്ഠനേത്ര-
ത്തീയിൽ പിറന്ന പരമേശ്വരിയെബ്ഭജിപ്പാൻ
തീയർക്കകത്തളിരിലുള്ള രസത്തിനില്ല
കൈയും കണക്കുമൊരുപാടവർ കാഴ്ച വയ്ക്കും
രാവങ്ങു പോയ കഥ കാമിജനാശയങ്ങൾ
വേവും പ്രകാരമിഹ നിത്യമുരച്ചുകൊണ്ട്
കൂവുന്ന കോഴികളെയീബ്ഭരണീമഹത്തി-
ലാവുന്നതും ഝടിതി കാമിനി, വെട്ടീടുന്നൂ
അതു കഴിഞ്ഞ് ജനുവരി 3 മുതൽ ജനുവരി 9 വരെ വസന്തതിലകത്തില്‍ സ്വതന്ത്രശ്ലോകങ്ങള്‍
ങ്ങള്‍