Showing posts with label വൃത്തമഞ്ജരി. Show all posts
Showing posts with label വൃത്തമഞ്ജരി. Show all posts

Monday, July 6, 2020

വൃത്തപരിചയം: അനുഷ്ടുപ്പ്

വൃത്തപരിചയം: അനുഷ്ടുപ്പ്

നമുക്ക് സുപരിചിതമായ അനുഷ്ടുപ്പ് പരിചയപ്പെടുത്താന്‍ ദിലീപേട്ടന്‍ കളരിയില്‍ ഏതാണ്ട് ഒരു കൊല്ലം മുമ്പ് ഇട്ട പോസ്റ്റിനെ ആശ്രയിക്കുന്നു. വൃത്തമഞ്ജരിയിലെ നിയമങ്ങളെക്കാള്‍ എന്നെ സഹായിച്ചിട്ടുള്ളത് ആ വിവരണം ആണ്.

നേരത്തെ ഛന്ദസ്സിനെ കുറിച്ചു പറഞ്ഞിരുന്നല്ലോ. അനുഷ്ടുപ്പ് 8 അക്ഷരം ഒരു വരിയിൽ എന്ന നിബന്ധനയുള്ള ഛന്ദസ്സാണ്. ഈ ഛന്ദസ്സിൽ നിരവധി വൃത്തങ്ങൾ ഉണ്ട്. അത് മുഴുവൻ മനസ്സിലാക്കാൻ ശ്രമിക്കുന്നതിനേക്കാൾ എളുപ്പം ദിലീപേട്ടൻ പറഞ്ഞു തന്ന വഴിയാണ്. അതുറച്ചാൽ സൌകര്യം പോലെ മറ്റുള്ളവ സ്വയം നോക്കാവുന്നതാണ്

ദിലീപേട്ടൻ്റെ പഴയ പോസ്റ്റിൽ നിന്നും:



കാളി കാളി *മഹാകാ*ളി
ഭദ്രകാളി *നമോസ്തു*തേ
കുലം ച കു*ലധര്‍മം* ച
മാം ച പാല*യ പാല*യ


ഓരോ വരിയിലും എട്ടക്ഷരങ്ങൾ (വർണ്ണങ്ങൾ). മുകളിൽ എഴുതിയതിൽ ബോൾഡ് ആയി എഴുതിയ, ഓരോ വരിയിലെയും അക്ഷരങ്ങൾ ശ്രദ്ധിക്കുക. ഗുരു ലഘുക്കളുടെ പരിചയം ഇവിടെ കിട്ടുന്നു.

ചൊല്ലുവാൻ ഒരു സുഖമുണ്ടാകണം, അത് മാത്രമേ അനുഷ്ടുപ്പിന് നിയമമുള്ളൂ. എങ്കിലും പഴമക്കാർ, അങ്ങനെ എളുപ്പത്തിൽ ചൊല്ലുന്നതിന് ഒരു സൂത്രം പറഞ്ഞു തന്നിട്ടുണ്ട്. വീണ്ടും മുകളിലെ വരികളിലെ അവസാനത്തെ നാലക്ഷരം ശ്രദ്ധിക്കുക.

ആദ്യത്തെ നാലക്ഷരം എന്തുവേണമെങ്കിലും ആവാം. അഞ്ചു മുതൽ ഏഴു വരെയുള്ള അക്ഷരങ്ങളിൽ,

അഞ്ചാമത്തെ അക്ഷരം എല്ലാ വരികളിലും ലഘു തന്നെ ആവണം - ഇത് കൂട്ടക്കരമാവാം, പക്ഷെ ദീർഘമാവരുത്. കൂട്ടക്ഷരമായാൽ, നാലാമത്തെ അക്ഷരമാണ് ഗുരു ആവുക. (ഉദാഹരണം, "കത്തി* എന്ന വാക്ക് ഉണ്ടാകുന്നത്, കത്+ തി - എന്നാണ്. അതുകൊണ്ട് ക ആണ് ഗുരു, ത്തി ലഘുവാണ്. അതിനെപ്പറ്റി കൂടുതൽ ഭാവിയിൽ പറയാം)

ആറാമത്തെ അക്ഷരം എല്ലാ വരികളിലും ഗുരുവാകണം - ദീർഘമാകാം, അല്ലെങ്കിൽ അടുത്ത അക്ഷരം കൂട്ടക്ഷരമാക്കിയാൽ മതി - തത്കാലം ഇങ്ങനെ നിൽക്കട്ടെ

ഏഴാമത്തെ അക്ഷരം ഒന്നും മൂന്നും വരികളിൽ ഗുരുവും, രണ്ടും നാലും വരികളിൽ ലഘുവും ആകണം - ഇതാണ് നോക്കേണ്ടത്.

എട്ടാമത്തെ അക്ഷരം എന്തായാലും ഗുരു ആയി പരിഗണിക്കപ്പെടും

അതായത്, ഓരോ വരികളിലും എട്ടക്ഷരങ്ങൾ വീതം,

ആദ്യത്തെ നാലക്ഷരങ്ങൾ എങ്ങനെ വേണമെങ്കിൽ ആവാം

അഞ്ച്, ആറ്, ഏഴ് ഈ സ്ഥാനത്ത് വരുന്ന അക്ഷരങ്ങൾ വിവരിച്ചപോലെ ആക്കാൻ നോക്കണം

എട്ടാമത്തെ അക്ഷരം എന്തുവേണമെങ്കിലും ആവാം.

തത്കാലം, ദീർഘമായതും, ചില്ലക്ഷരങ്ങൾ വരുന്നതും, തുടർന്ന് കൂട്ടക്ഷരം വരുന്നതും ആയ അക്ഷരങ്ങൾ ഗുരുക്കൾ ബാക്കി എല്ലാം ലഘു എന്ന് കണക്കാക്കിയാൽ മതി. കൂട്ടക്ഷരം ഹ്രസ്വമായി വന്നാൽ (ഉദാ: ക്ക) അതിനു മുന്നിലത്തെ അക്ഷരമാണ് ഗുരു. നേരെ മറിച്ച് ക്കാ എന്നായാൽ അതിനു മുന്നില്ലേ അക്ഷരവും, ഇതും ഗുരുക്കൾ ആണ്. ഒന്ന് ശ്രമിച്ചാൽ പെട്ടെന്ന് ചെയ്യാം. 

വൃത്തപരിചയം: മുഖവുര

വൃത്തപരിചയം: മുഖവുര

വൃത്തങ്ങളെ കുറിച്ചു പറയുമ്പോള്‍ പറയുന്ന ഒരു വാക്കാണ് ഛന്ദസ്സ് എന്നത്. എന്താണ്‌ അത് എന്നറിയാന്‍ വൃത്തമഞ്ജരിയിലെ ശ്ലോകം #3 ശ്രദ്ധിക്കുക

പദ്യം വാര്‍ക്കുന്ന തോതല്ലോ
വൃത്തമെന്നിഹ ചൊല്വതു
ഛന്ദസ്സെന്നാലക്ഷരങ്ങ-
ളിത്രയെന്നുള്ള ക്ലിപ്തിയാം

പദ്യം ഉണ്ടാക്കാനുള്ള ക്രമത്തെയാണ്‌ വൃത്തം എന്ന് പറയുന്നത്. ഒരു പാദത്തില്‍ ഇത്ര അക്ഷരം എന്ന നിബന്ധനയാണ്‌ ഛന്ദസ്സ്. അതിനാല്‍ ഒരു ഛന്ദസ്സില്‍ തന്നെ അനവധി വൃത്തങ്ങള്‍ ഉണ്ടാവും.

ഒരു പാദത്തില്‍ ഒരക്ഷരം തൊട്ട് ഒരു പാദത്തില്‍ 16 അക്ഷരം വരെ വരുന്ന ഛന്ദസ്സുകള്‍ ഉണ്ട്. അതായത്, ആകെ 26 ഛന്ദസ്സുകള്‍ ഉണ്ട്

ഒരു പാദത്തില്‍ 26 അക്ഷരത്തില്‍ കൂടുതല്‍ ആണെങ്കില്‍ അവയെ പദ്യം എന്ന് പറയുകില്ലത്രേ. അവയെ ദണ്ഡകം എന്ന് പറയുന്നു. മരുവമ്മാവന്റെ മിരിന്ദാപരിണയത്തില്‍ അവസാനഭാഗത്ത് ഗാന്ധർവവിവാഹസന്ദര്‍ഭത്തിലെ ദണ്ഡകം റഫര്‍ ചെയ്യുമല്ലോ

ലഘു-ഗുരുവിന്യാസം

വൃത്തലക്ഷണത്തില്‍ നിന്നും ലഘു-ഗുരുവിന്യാസം മനസ്സിലാക്കാന്‍ രണ്ട് വഴി എന്ന് സൂചിപ്പിച്ചിരുന്നല്ലോ, അത് വ്യക്തമാക്കാന്‍ നേരത്തെ പരിചയപ്പെട്ട ശാര്‍ദ്ദൂലവിക്രീഡിതം തന്നെ എടുക്കാം

വൃത്തലക്ഷണം: പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം

ഇതിലെ ഗണങ്ങളെ കുറിച്ച് നേരത്തെ പറഞ്ഞുവല്ലോ. അതായത് 1. മഗണം 2. സഗണം 3. ജഗണം 4. സഗണം 5. തഗണം 6. തഗണം അവസാനം ഒറ്റയ്ക്ക് ഒരു ഗുരുവും

അത് അനുസരിച്ച് ഗുരുലഘുവിന്യാസം ഇങ്ങിനെ ആണല്ലോ:
---/vv-/v-v/vv-/(യതി) --v/--v/-

വൃത്തലക്ഷണങ്ങള്‍ തന്നെ അതാതുവൃത്തത്തില്‍ ആണ്‌ എഴുതിയിട്ടുള്ളത്. അതിനാല്‍ വൃത്തലക്ഷണത്തിലെ ലഘു-ഗുരുവിന്യാസം നോക്കിയാല്‍ മതിയാകും ..അതാണ്‌ ഞാന്‍ പരിചയമില്ലാത്ത വൃത്തത്തില്‍ എഴുതാന്‍ ശ്രമിക്കുമ്പോള്‍ പതിവും

ശാർദ്ദൂലവിക്രീഡിതം വൃത്തലക്ഷണത്തിലെ അക്ഷരങ്ങള്‍ക്കനുസരിച്ച് ലഘു-ഗുരുവിന്യാസം താഴെ കൊടുക്കുന്നു

അക്ഷരം  ഗുരു/ലഘു ഗുരുവെങ്കില്‍ എന്തുകൊണ്ട്
ഗുരു അടുത്തതായി കൂട്ടക്ഷരം വരുന്നു
ന്ത്ര ഗുരു അടുത്തതായി കൂട്ടക്ഷരം വരുന്നു
ണ്ടാൽ ഗുരു ദീര്‍ഘം
ലഘു
ലഘു
ജം ഗുരു അനുസ്വാരം 
ലഘു
തം ഗുരു അനുസ്വാരം 
ലഘു
ഗു ലഘു
രു ലഘു
വും ഗുരു അനുസ്വാരം 



ശാർ ഗുരു ദീര്‍ഘം
ദ്ദൂ ഗുരു ദീര്‍ഘം
ലഘു
വി ഗുരു അടുത്തതായി കൂട്ടക്ഷരം വരുന്നു
ക്രീ ഗുരു ദീര്‍ഘം
ഡി ലഘു
തം ഗുരു അനുസ്വാരം 

ഗണങ്ങള്‍

ഗണങ്ങള്‍

വര്‍ണ്ണവൃത്തത്തിന്റെ ലക്ഷണങ്ങളെ മുമ്മൂന്ന് അക്ഷരങ്ങള്‍ കൂടുന്ന ഗണങ്ങളായി തിരിച്ച് ഓരോന്നും ഏതു ഗണത്തില്‍ പെടുന്നു എന്ന രീതിയില്‍ എന്നാണ്‌ സൂചിപ്പിക്കുക

വൃത്തമഞ്ജരിയിലെ ശ്ലോകം 19 (രണ്ടുപാദമേ ഉള്ളൂ) ശ്രദ്ധിക്കുക

മൂന്നക്ഷരം ചേര്‍ന്നതിനു
ഗണമെന്നിഹ സംജ്ഞയാം

ഇത് മൂന്നക്ഷരം കൂടുന്നതിനെ ആണ്‌ ഗണം എന്ന് പറയുക എന്ന് വ്യക്തമാക്കുന്നു

വൃത്തമഞ്ജരിയിലെ ശ്ലോകം 20 (രണ്ടുപാദമേ ഉള്ളൂ) ശ്രദ്ധിക്കുക

ഗണം ഗുരുലഘുസ്ഥാന-
ഭേദത്താലെട്ടുമാതിരി

അതായത് ലഘു-ഗുരുക്കളുടെ സ്ഥാനങ്ങള്‍ കണക്കാക്കിയാണ്‌ അത് ഏത് ഗണം എന്ന് നിശ്ചയിക്കുക; അങ്ങിനെ 8 ഗണങ്ങള്‍ ഉണ്ട്.

മേലില്‍ ലഘു-ഗുരുക്കളെ ഇങ്ങിനെ സൂചിപ്പിക്കുന്നു
v: ലഘു
-:  ഗുരു

അവ ഏതൊക്കെ എന്ന് അറിയാന്‍ ശ്ലോകം 21 ശ്രദ്ധിക്കുക

ആദിമധ്യാന്തവര്‍ണ്ണങ്ങള്‍
ലഘുക്കള്‍ യരതങ്ങളില്‍
ഗുരുക്കള്‍ ഭജസങ്ങള്‍ക്കു
മനങ്ങള്‍ ഗലമാത്രമാം

അതായത്
ആദ്യാക്ഷരം ലഘുവും മറ്റു രണ്ടും ഗുരുവും ആയാല്‍ യഗണം (v--)
മധ്യാക്ഷരം ലഘുവും മറ്റു രണ്ടും ഗുരുവും ആയാല്‍ രഗണം (-v-)
അന്ത്യാക്ഷരം ലഘുവും മറ്റു രണ്ടും ഗുരുവും ആയാല്‍ തഗണം (--v)

ആദ്യാക്ഷരം ഗുരുവും മറ്റു രണ്ടും ലഘുവുംആയാല്‍ ഭഗണം (-vv)
മധ്യാക്ഷരം ഗുരുവും മറ്റു രണ്ടും ലഘുവും ആയാല്‍ ജഗണം (v-v)
അന്ത്യാക്ഷരം ഗുരുവും മറ്റു രണ്ടും ലഘുവുംആയാല്‍ സഗണം  (vv-)

മൂന്നും ലഘുവായാല്‍ നഗണം (vvv) മൂന്നും ഗുരുവായാല്‍ മഗണം (---)

ഗണങ്ങളെ കുറിച്ച് പറയുന്നതിന് മുമ്പ്

ഗണങ്ങളെ കുറിച്ച് പറയുന്നതിന് മുമ്പ്

വൃത്തമഞ്ജരിയിലെ ശ്ലോകം 12 ശ്രദ്ധിക്കുക:
പദ്യം പൂർവ്വോത്തരാർദ്ധങ്ങ -
ളെന്നു രണ്ടായ് മുറിക്കണം
രണ്ടുപാദങ്ങളർദ്ധത്തിൽ
വിഷമാഖ്യം സമാഖ്യവും

നാലു പാദം ചേർന്നത് പദ്യം/ശ്ലോകം.

അതിൽ ആദ്യരണ്ടു പാദം ചേർന്നത് പൂർവ്വാർദ്ധം

അവസാനത്തെ രണ്ടുപാദം ചേർന്നത് ഉത്തരാർദ്ധം

പൂർവ്വാർദ്ധവും ഉത്തരാർദ്ധവും വേറിട്ടു നിൽക്കണം. രണ്ടും കൂടിചേരുന്ന തരത്തിൽ സന്ധി / സമാസങ്ങൾ അനുവദനീയമല്ല ( ശ്ലോകരചനയുടെ ആദ്യകാലങ്ങളിൽ പലരും അങ്ങിനെ തെറ്റിച്ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഞാനും തെറ്റിച്ചെയ്തിട്ടുണ്ട്. പക്ഷെ അത് ചെയ്തുകൂടാ)

ശ്ലോകം 17 ശ്രദ്ധിക്കുക:
വർണ്ണപ്രധാനമാം വൃത്തം
വർണ്ണവൃത്തമതായിടും
മാത്രാപ്രധാനമാം വൃത്തം
മാത്രാവൃത്തമതായിടും

ഒരുപാദത്തിന് ഇത്ര വർണ്ണം (അക്ഷരം*) എന്ന നിയമം ഉള്ളവ വർണ്ണവൃത്തം

തത്കാലം നമുക്ക് വര്‍ണ്ണബദ്ധരചനയില്‍ ശ്രദ്ധിക്കാം. മാത്രാബദ്ധരചന താരതമ്യേന എളുപ്പമാണ്, വര്‍ണ്ണബദ്ധരചന ഉറച്ചാല്‍.  വേണമെങ്കില്‍ പിന്നീട് നോക്കാം മാത്രാബദ്ധരചന


* അക്ഷരം എന്ത് എന്ന് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

ഗുരു-ലഘു വ്യത്യാസം

ഗുരു-ലഘു വ്യത്യാസം തിരിച്ചറിയാന്‍ തൊട്ടടുത്ത ശ്ലോകം (#9) ശ്രദ്ധിക്കുക

ഹ്രസ്വാക്ഷരം ലഘുവതാം
ഗുരുവാം ദീർഘമായത്
അനുസ്വാരം വിസർഗ്ഗം താൻ
തീവ്രയത്നമുരച്ചിടും
ചില്ലുകൂട്ടക്ഷരം താനോ
പിൻവന്നാൽ ഹ്രസ്വവും ഗുരു

സ്വരം മാത്രമാണ് അക്ഷരം എന്ന് പറഞ്ഞുവല്ലോ. അത് ഹ്രസ്വമാണെങ്കിൽ ലഘു. ദീർഘമാണെങ്കിൽ ഗുരു.

എന്നാൽ ഹ്രസ്വമായ അക്ഷരമാണെങ്കിലും ആ അക്ഷരം കഴിഞ്ഞ് ഉടനെ +അനുസ്വാരമോ, വിസർഗ്ഗമോ, ബലമായി ഉച്ചരിക്കേണ്ട ചില്ലക്ഷരമോ, കൂട്ടക്ഷരമോ വന്നാൽ ആ അക്ഷരത്തെ ഗുരുവായി കണക്കാക്കണം

* സ്വരത്തിന്‌ പിന്നാലെ അം പോലെ വരുന്ന ഉച്ചാരണം


അക്ഷരങ്ങള്‍

നേരത്തെ സൂചിപ്പിച്ചത് പോലെ, പഠിക്കുന്നത് ഉറയ്ക്കാന്‍ ചെറിയ ഭാഗങ്ങളായി ഇവിടെ പരിചയപ്പെടുത്താന്‍ ശ്രമിക്കുന്നു.

വൃത്തത്തെ കുറിച്ച് അറിയാന്‍ അത്യാവശ്യമായി അറിയേണ്ട ഒന്നാണ്‌ ഗുരു-ലഘു വ്യത്യാസം. അതിനായി ഇന്നലെ വിഷ്ണുപ്രസാദ് ഷെയര്‍ ചെയ്ത വൃത്തമഞ്ജരിയിലെ മൂന്നാം പേജില്‍ കൊടുത്തിരിക്കുന്ന ശ്ലോകം (#8) ശ്രദ്ധിക്കുക

"സ്വരങ്ങള്‍ താനക്ഷരങ്ങള്‍
വ്യഞ്ജനം വകയില്ലിഹ
വ്യഞ്ജനങ്ങളടുത്തുള്ള
സ്വരങ്ങള്‍ക്കംഗമെന്നുതാന്‍"

അതായത് സ്വരങ്ങളെ മാത്രമേ അക്ഷരമായി കണക്കാക്കൂ. വ്യഞ്ജനങ്ങളെ അടുത്തുള്ള സ്വരങ്ങളോട് ചേര്‍ ത്തേ കണക്കാക്കൂ

ആ നിലയില്‍ മുകളിലെ ശ്ലോകത്തിലെ അക്ഷരങ്ങള്‍ ഇവ മാത്രമാണ്

സ്വ, ര, ങ്ങള്‍ താ, ന, ക്ഷ, ര, ങ്ങള്‍
വ്യ, ഞ്ജ, നം,  വ, ക, യി, ല്ലി, ഹ
വ്യ, ഞ്ജ, ന, ങ്ങ, ള, ടു, ത്തു, ള്ള
സ്വ, ര, ങ്ങ, ള്‍ക്കം, ഗ, മെ, ന്നു, താന്‍