Showing posts with label ശാര്‍ദ്ദൂലവിക്രീഡിതം. Show all posts
Showing posts with label ശാര്‍ദ്ദൂലവിക്രീഡിതം. Show all posts

Saturday, August 15, 2020

ശ്ലോകപരിചയം: ശ്ലോകം 20

ശ്ലോകപരിചയം


ശ്ലോകം 20:

കില്ലെന്ന്യേ ബഹുനാള്‍ ഭജിക്കിലുമിവ-
ന്നായൊന്നുമേ നല്കിയി-
ട്ടില്ലെന്നുള്ളതുകൊണ്ടെനിക്കൊരു കട-
ക്കാരത്തിയായ് തീര്‍ന്നു നീ
വല്ലെന്നാലുമകം കനിഞ്ഞൊരുവരം
തന്നിക്കടപ്പാടു തീര്‍-
ക്കില്ലെന്നാകിലപര്‍ണ്ണയെന്ന തവ പേ-
രീശാനി മോശപ്പെടും

കവി / കൃതി: വള്ളത്തോള്‍ നാരായണമേനോന്റെ ഒറ്റശ്ലോകം 

വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം
വൃത്തലക്ഷണം: പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം

അതായത് മഗണം സഗണം ജഗണം സഗണം  തഗണം, തഗണം  പിന്നെ ഒരു ഗുരു


---/vv-/v-v/vv-/(യതി)--v/--v/-

v ലഘു, - ഗുരു

വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

അർത്ഥം:
(അല്ലയോ) ഈശാനി (ശ്രീപാര്‍വ്വതീ), കില്ലെന്ന്യേ (സംശയമില്ലാതെ) ബഹുനാള്‍ (പല ദിവസം) ഭജിക്കിലും (ഭജിച്ചിട്ടും) ഇവന്നായ് (ഇവനു വേണ്ടി) ഒന്നുമേ (ഒന്നും തന്നെ) നല്കിയിട്ടില്ല (തന്നില്ല) എന്നുള്ളതുകൊണ്ട് (എന്നതുകൊണ്ട്) എനിക്കൊരു കടക്കാരത്തിയായ് തീര്‍ന്നു (എനിക്ക് കടക്കാരിയായി) നീ (ഭഗവതി) വല്ലെന്നാലുമകം (വല്ലവിധേനയും) കനിഞ്ഞൊരുവരം (കനിഞ്ഞു ഒരു വരം) 

തന്നിക്കടപ്പാടു (തന്ന് ഈ കടപ്പാട്) തീര്‍ക്കില്ലെന്നാകില്‍ (തീര്‍ക്കൂകയില്ല എങ്കില്‍) അപര്‍ണ്ണ  (അപര്‍ണ്ണ എന്നാല്‍ കടത്തെ കളയുന്നവര്‍ എന്നും അര്‍ത്ഥം ഉണ്ട്) എന്ന തവ (നിന്റെ) പേര്‍ മോശപ്പെടും (ചീത്തയാകും) 

സാരാര്‍ത്ഥം:
അല്ലയോ ശ്രീപാര്‍വ്വതീദേവീ, പല ദിവസം ഭഗവതിയെ ഭജിച്ചിട്ടും ഒന്നും തന്നില്ല. ഇങ്ങിനെയൊരു കടം ഭഗവതിക്ക് എന്നോട് ഉണ്ട്. ഭഗവതി കനിഞ്ഞു ഒരു വരം തന്നിട്ട് ഈ കടം തീര്‍ക്കാതിരുന്നാല്‍ അപര്‍ണ്ണയെന്ന ഭഗവതിയുടെ പേരു ചീത്തയാകും. (കടത്തെ കളയുന്നവള്‍ അത് വീട്ടണമല്ലോ; അതുകൊണ്ട് വരം തരണം എന്ന് അപേക്ഷ) 

ശബ്ദാലങ്കാരങ്ങൾ:
ദ്വിതീയാക്ഷരസജാതീയപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (ല്ലെ)
കലാശപ്രാസം: പല പാദങ്ങളിലും  അവസാനഭാഗത്ത് സമാനമായ ശബ്ദം വരുന്നത്  ശ്രദ്ധിക്കുക
ന്നായൊ/ന്നുമേ,  ക്കാരത്തിയായ്/തീര്‍ന്നു, ക്കട/പ്പാടു, രീശാനി/മോശപ്പെടും

Wednesday, August 5, 2020

ശ്ലോകപരിചയം: ശ്ലോകം 16

ശ്ലോകപരിചയം

ശ്ലോകം 16:
കണ്ഠേ നല്ല കറുപ്പുമുണ്ടൊരുമുറി-
സ്സോമന്‍ ജടാന്തസ്ഥലേ
പണ്ടേയുള്ളൊരുവെള്ളമുണ്ടുതലയില്‍
കണ്ടാലതും വിസ്മയം
ഉണ്ടേ നിങ്കലൊരെട്ടു നല്ല കരമു-
ണ്ടെന്നല്ല രുദ്രാവലീ
ശ്രീകണ്ഠേശ്വര! പിന്നെയും വെറുതെ നീ
തോല്‍മുണ്ടുടുത്തീടൊലാ

കവി / കൃതി:
വെണ്മണി മഹന്‍ നമ്പൂതിരിയുടെ ഒറ്റശ്ലോകം

വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം
വൃത്തലക്ഷണം: പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം
അതായത് മഗണം സഗണം ജഗണം സഗണം  തഗണം, തഗണം  പിന്നെ ഒരു ഗുരു

---/vv-/v-v/vv-/(യതി)--v/--v/-

v ലഘു, - ഗുരു

വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

അർത്ഥം:
(അല്ലയോ) ശ്രീകണ്ഠേശ്വര!, കണ്ഠേ (കഴുത്തില്‍) നല്ല കറുപ്പും (നീലകണ്ഠനാണല്ലോ ശിവന്‍)  ഉണ്ട്; (അതുപോലെ) ഒരു മുറിസ്സോമന്‍ (ചന്ദ്രക്കല) ജടാന്തസ്ഥലേ (ജടയ്ക്കുള്ളില്‍), തലയില്‍ പണ്ടേ ഉള്ളൊരു വെള്ളം ഉണ്ട്. കണ്ടാല്‍ അതും വിസ്മയം ഉണ്ടേ (ഉണ്ടല്ലോ). നിങ്കല്‍ (നിന്നില്‍ /നിനക്ക്) ഒരെട്ടു നല്ല കരം (നല്ല എട്ട് കൈകള്‍) ഉണ്ട്. രുദ്രാവലീ (ഏകാദശരുദ്രന്മാരുടെ നിര) ഉണ്ട്. പിന്നെയും (ഇത്രയും മുണ്ടുള്ള അവസ്ഥയ്ക്ക്) വെറുതെ നീ തോല്‍മുണ്ട് (തോല്‍ ) ഉടുത്തീടൊലാ (ഉടുത്തുകൂടാ)

സാരാര്‍ത്ഥം:
അല്ലയോ ശ്രീകണ്ഠേശ്വര!, അല്ലയോ) ശ്രീകണ്ഠേശ്വര!, നല്ല കറുപ്പു'മുണ്ട്', ഒരു മുറിസ്സോമന്‍ ജടയ്ക്കുള്ളില്‍; തലയില്‍ പണ്ടേ ഉള്ളൊരു വെള്ള'മുണ്ട്'. കണ്ടാല്‍ അതും വിസ്മയം ഉണ്ടേ (ഉണ്ടല്ലോ). നിങ്കല്‍ (നിന്നില്‍ /നിനക്ക്) ഒരെട്ടു നല്ല കര'മുണ്ട്'. ഏകാദശരുദ്രന്മാരുടെ നിര ഉണ്ട്. പിന്നെയും (ഇത്രയും 'മുണ്ടു'ള്ള അവസ്ഥയ്ക്ക്) വെറുതെ നീ തോല്‍മുണ്ട് (തോല്‍ ) ഉടുത്തീടൊലാ (ഉടുത്തുകൂടാ)

(മുണ്ട് എന്ന വാക്ക് പല അര്‍ത്ഥത്തില്‍ ഉപയോഗിച്ചിട്ട് ഇത്രയധികം മുണ്ടുള്ളപ്പോള്‍ എന്തിനാണ്‌ തോല്മുണ്ട് ഉടുക്കണ്ടാ  ന്ന് തമാശയായിട്ട് ഭഗവാനോട് പറയുന്ന സരസശ്ലോകമാണിത്)

ശബ്ദാലങ്കാരങ്ങൾ:
അനുപ്രാസം (വ്യഞ്ജനം ഇടയ്ക്കിടക്ക് ആവർത്തിച്ചു വരുന്നത്): 
യുള്ളൊരുവെള്ളമുണ്ടു
കണ്ഠേ/കറുപ്പുമുണ്ടൊരു/പണ്ടേ/വെള്ളമുണ്ടു/കണ്ടാലതും/ഉണ്ടേ/കരമുണ്ടെന്നല്ല/ശ്രീകണ്ഠേശ്വര/തോല്‍മുണ്ടു

Tuesday, July 28, 2020

ശ്ലോകപരിചയം: ശ്ലോകം 13

ശ്ലോകപരിചയം

ശ്ലോകം 13:
അബ്ദാർദ്ധേന ഹരിം പ്രസന്നമകരോ-
ദൌത്താനപാദിശ്ശിശുഃ
സപ്താഹേന നൃപഃ പരീക്ഷിദബലാ
യാമാർദ്ധതഃ പിംഗളാ
ഖട്വാംഗോ ഘടികാദ്വയേന നവതി-
പ്രായോപി തന്ന വ്യഥേ
തം കാരുണ്യനിധിം പ്രപദ്യ ശരണം
ശേഷായുഷാ തോഷയേ

കവി / കൃതി:
ചേലപ്പറമ്പ്  നമ്പൂതിരിയുടെ മുക്തകം
(സ്വതവേ ലൌകികജീവിതത്തില്‍ മുഴുകി നടന്നിരുന്ന ചേലപ്പറമ്പിനോട് ആരോ  "ഇനിയെങ്കിലും ഈശ്വരാരാധന ആയിക്കൂടേ" എന്ന് ചോദിച്ചതിനു മറുപടിയായി ഈ ശ്ലോകം എഴുതിച്ചൊല്ലിയതാണത്രേ)

വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം
വൃത്തലക്ഷണം: പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം
അതായത് മഗണം സഗണം ജഗണം സഗണം  തഗണം, തഗണം  പിന്നെ ഒരു ഗുരു

---/vv-/v-v/vv-/(യതി)--v/--v/-

v ലഘു, - ഗുരു

വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ


അർത്ഥം:
i) അബ്ദാർദ്ധേന (അബ്ദത്തിന്റെ പകുതികൊണ്ട് = പാതിവര്‍ഷം കൊണ്ട്) ഔത്താനപാദി ശ്ശിശുഃ (ഉത്താനാപാദന്റെ ഉണ്ണി = ധ്രുവന്‍),
ii) സപ്താഹേന (ഏഴുദിവസം കൊണ്ട്) നൃപഃ (രാജാവ്) പരീക്ഷിത് 
iii) അബലാ പിംഗള (സ്ത്രീയായ പിംഗള) യാമാർദ്ധതഃ (യാമത്തിന്റെ പകുതികൊണ്ടും)
iv) ഖട്വാംഗോ (ഖട്വാംഗന്‍)  ഘടികാദ്വയേന (രണ്ട് ഘടിക കൊണ്ടും)

(ഇവരൊക്കെ)

ഹരിം (ഹരിയെ) പ്രസന്നം അകരോത് (പ്രസന്നനാക്കി)

(അത് അറിയുന്നതുകൊണ്ട്)

നവതി (90) പ്രായ അപി (വയസ്സായി എന്നാലും) തത് (അത്; അതിനാല്‍ ) ന വ്യഥേ (വിഷമിക്കുന്നില്ല)

തം (ആ) കാരുണ്യനിധിം (കരുണാനിധിയെ) ശരണം പ്രപദ്യ (ശരണം പ്രാപിച്ച്)  ശേഷായുഷാ (ശേഷിച്ചിട്ടുള്ള ആയുസ്സുകൊണ്ട്) തോഷയേ (സന്തോഷിപ്പിക്കാം)

സാരാര്‍ത്ഥം:
ധ്രുവന്‍ അരക്കൊല്ലം കൊണ്ടും പരീക്ഷിത് ഏഴുദിവസം കൊണ്ടും പിംഗള യാമത്തിന്റെ പകുതികൊണ്ടും ഖട്വാംഗന്‍ രണ്ട് ഘടിക കൊണ്ടും ഹരിയെ പ്രസാദിപ്പിച്ചല്ലോ. 90 വയസ്സായി എന്നതുകൊണ്ട് വിഷമം ഇല്ല, ഇനിയുള്ള ആയുഷ്ക്കാലം (അത് എത്രയോ ആകട്ടെ) കൊണ്ട് ഭഗവാനെ പ്രീതിപ്പെടുത്താം 

ശബ്ദാലങ്കാരങ്ങൾ:
കലാശപ്രാസം: ശേഷാ/യുഷാ/തോഷയേ

Monday, July 27, 2020

ശ്ലോകപരിചയം: ശ്ലോകം 12

ശ്ലോകപരിചയം

ശ്ലോകം 12:
നോക്കുമ്പോള്‍ പശു പക്ഷി തൊട്ടു വളരെ-
ജ്ജന്മം കഴിഞ്ഞിട്ടിതാ
നോക്കിപ്പോള്‍ നരജന്മമായി, ഭഗവത്-
സേവയ്ക്കു നാം പാത്രമായ്
ചാക്കെന്നാണ, തുമില്ല നിശ്ചയ, മിനി-
സ്സംസാരബന്ധം വരാ-
താക്കാനോര്‍ക്കുക ചിത്സ്വരൂപമനിശം
മങ്ങാതെ മാലോകരേ


കവി / കൃതി:
നടുവത്ത് അച്ഛന്‍ നമ്പൂതിരിയുടെ ഒറ്റശ്ലോകം

വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം
വൃത്തലക്ഷണം: പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം
അതായത് മഗണം സഗണം ജഗണം സഗണം  തഗണം, തഗണം  പിന്നെ ഒരു ഗുരു

---/vv-/v-v/vv-/(യതി)--v/--v/-

v ലഘു, - ഗുരു

ഈ വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

അർത്ഥം:
മാലോകരേ (ലോകത്തിലുള്ളവരെ), നോക്കുമ്പോള്‍ (നോക്കുന്ന നേരം --ദേ കാണുന്നില്ലേ എന്ന ധ്വനിയില്‍) പശു പക്ഷി തൊട്ടു വളരെജ്ജന്മം കഴിഞ്ഞിട്ടിതാ  (പശു പക്ഷി എന്നിങ്ങിനെ പല ജന്മവും കഴിഞ്ഞിപ്പോള്‍) നോക്കിപ്പോള്‍  (നമുക്ക് ഇപ്പോള്‍)  നരജന്മമായി (മനുഷ്യനായി ജന്മം കിട്ടി), ഭഗവത്സേവയ്ക്കു നാം പാത്രമായ് (ഈശ്വരനെ സേവിക്കാന്‍ പറ്റുന്ന നിലയില്‍ ആയി), ചാക്കെന്നാണ്(ചാക്ക്/മരണം  എന്നാണ് = ചാവല്‍ എന്നാണ്) , അതുമില്ല നിശ്ചയം (അതിനെ കുറിച്ച് ഒന്നും അറിയില്ല), ഇനിസ്സംസാരബന്ധം വരാതാക്കാന്‍ (ഇനി സംസാരബന്ധം വരാതിരിക്കാന്‍)  ചിത്സ്വരൂപമനിശം (എല്ലായ്പോഴും ചിത്സ്വരൂപത്തിലുള്ള ശക്തിയെ) മങ്ങാതെ (ഒട്ടും കുറയാതെ) ഓര്‍ക്കുക 

സാരാര്‍ത്ഥം:  എത്രയോ ജന്മം കഴിഞ്ഞ് കിട്ടിയതാണ്‌ മനുഷ്യനായുള്ള ജന്മം. ഈ ജന്മം ഈശ്വരനെ സേവിക്കാന്‍ ഉചിതമാണ്. എന്നാണ്‌ മരണം എന്ന് ഒരു നിശ്ചയവുമില്ല. ഇനി സംസാരബന്ധം വന്നുപെടാതിരിക്കാന്‍ എല്ലാവരും ചിത്സ്വരൂപിയായ ശക്തിയെ നല്ലവണ്ണം  ഓര്‍ക്കുക

ശബ്ദാലങ്കാരങ്ങൾ:
ദ്വിതീയാക്ഷരപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (ക്കു, ക്കി, ക്കെ, ക്കാ )
 
അനുപ്രാസം:  താക്കാ/നോര്‍ക്കുക,  മങ്ങാതെ മാലോകരേ

Thursday, July 16, 2020

ശ്ലോകപരിചയം: ശ്ലോകം 8

*ശ്ലോകപരിചയം*

ശ്ലോകം 8:

എല്ലാരും സമ്മതിക്കുമ്പടി നടവടി പാ-
ടില്ല ദോഷജ്ഞര്‍ ചൂടും
കല്ലായാലെന്നുകണ്ണില്‍ക്കനല്‍ കൊടിയ വിഷ-
ക്കാപ്പി തോല്‍മുണ്ടിവണ്ണം
വല്ലാതുള്ളോരുമട്ടായ് ചുടുമൊരു ചുടല-
ക്കാടുവീടായ് വിളങ്ങും
നല്ലാണും പെണ്ണുമല്ലാതൊരുനിലകലരും
തമ്പുരാനെത്തൊഴുന്നേന്‍

കവി / കൃതി: കുണ്ടൂര്‍ നാരായണമേനോന്റെ ഒറ്റശ്ലോകം

വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം
വൃത്തലക്ഷണം: പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം
അതായത് മഗണം സഗണം ജഗണം സഗണം  തഗണം, തഗണം  പിന്നെ ഒരു ഗുരു

ഈ വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

അർത്ഥം:
എല്ലാരും സമ്മതിക്കും (എല്ലാവരും ചെയ്യുന്നത് പോലെ; വേണ്ടത് പോലെ എന്ന് പറയുന്നത് പോലെ) നടവടി (പെരുമാറ്റം) പാടില്ല, ദോഷജ്ഞര്‍ ചൂടും കല്ലായാല്‍ (ദോഷമറിയുന്നവര്‍ പോലും  ശ്രേഷ്ഠമായി കരുതുന്നവനായാല്‍) എന്ന് കണ്ണില്‍ കനല്‍ (കണ്ണില്‍ തീയും) കൊടിയവിഷക്കാപ്പി (വിഷം കഴിക്കുക), തോല്‍മുണ്ട് (ഉടുക്കാന്‍ തോല്‍) ഇവണ്ണം (ഇതുപോലെ) വല്ലാതുള്ളോരുമട്ടായ് ചുടുമൊരു (വല്ലാത്ത ചൂടുള്ള) ചുടലക്കാടു വീടായ് വിളങ്ങും (ചുടലക്കാടില്‍ താമസിക്കുന്ന) നല്ലാണും പെണ്ണുമല്ലാതൊരുനിലകലരും (ആണും പെണ്ണും അല്ലാതെയുള്ള)
തമ്പുരാനെത്തൊഴുന്നേന്‍

സാരാര്‍ത്ഥം:
പൊതുവേ എല്ലാവരും ചെയ്യണത് പോലെ നടന്നുകൂടാ ശ്രേഷ്ഠനായാല്‍ എന്ന് കരുതി കണ്ണില്‍ തീയോടെയും, വിഷം (കാളകൂടം) കുടിച്ചും, തോലുടുത്തും, ചുടലയില്‍ താമസിച്ചും കഴിയുന്ന അര്‍ദ്ധനാരീശ്വരനായ ദേവനെ തൊഴുന്നൂ

ശബ്ദാലങ്കാരങ്ങൾ:
സജാതീയദ്വതീയാക്ഷരപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (ല്ലാ) ശ്രദ്ധിക്കുക

അനുപ്രാസം : വ്യഞ്ജനം ഇടയ്ക്കിടക്ക് ആവർത്തിച്ചു വരുന്നത്.

"അനുപ്രാസം വ്യഞ്ജനത്തെ-
യാവർത്തിക്കിലിടയ്ക്കിടെ"

മ്മതിക്കു/മ്പടി/നട/വടി, ചുടുമൊരു ചുടല എന്നിവ ശ്രദ്ധിക്കുക

അര്‍ത്ഥാലങ്കാരം: നിന്ദാസ്തുതി നിന്ദ പോലെ തോന്നിക്കുന്ന സ്തുതി

Tuesday, July 14, 2020

ശ്ലോകപരിചയം: ശ്ലോകം 7

ശ്ലോകപരിചയം

ശ്ലോകം 7:

ദുഷ്‌ക്കാലം പെരുകിദ്ദരിദ്രത വളര്‍-
ന്നെത്തുന്ന സത്തുക്കളെ
തല്‍ക്കാലേ പരിരക്ഷ ചെയ്തു വിലസും
ശ്രീഭൈമിഭൂമീപതേ!
ത്വല്‍ക്കാരുണ്യകടാക്ഷഭൃംഗപടലി-
ക്കുദ്യാനമായേഷഞാ-
നിക്കാലത്തുഭവിക്കിലെന്റെഭവന-
പ്പേരെത്രയും സാര്‍ത്ഥമാം

കവി / കൃതി: പൂന്തോട്ടത്ത് അച്ഛന്‍ (ദാമോദരന്‍)  നമ്പൂരിയുടെ ഒറ്റശ്ലോകം

വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം
വൃത്തലക്ഷണം: പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം
അതായത് മഗണം സഗണം ജഗണം സഗണം  തഗണം, തഗണം  പിന്നെ ഒരു ഗുരു

വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

അർത്ഥം:
ദുഷ്‌ക്കാലം (കഷ്ടകാലം) പെരുകി (വളരെ അധികമായി) ദ്ദരിദ്ര്യത വളര്‍ന്നെത്തുന്ന (ദാരിദ്ര്യം കൂടുതലുള്ളത് കാരണം വശം കെട്ട് വരുന്ന) സത്തുക്കളെ (സജ്ജനങ്ങളെ) തല്‍ക്കാലേ (അപ്പപ്പോള്‍) പരിരക്ഷ ചെയ്തു വിലസും (രക്ഷിച്ചുപോരുന്ന)
ശ്രീഭൈമിഭൂമീപതേ+! ത്വല്‍ക്കാരുണ്യകടാക്ഷഭൃംഗപടലിക്ക് (താങ്കളുടെ കടാക്ഷമാകുന്ന വണ്ടിന്റെ കൂട്ടത്തിന്)  ഉദ്യാനമായ് ഏഷ ഞാന്‍ (ഈ ഞാന്‍ പൂന്തോട്ടമായി) ഇക്കാലത്തു ഭവിക്കില്‍ (ഇപ്പോള്‍ അങ്ങിനെ ആവുന്നു എങ്കില്‍) എന്റെ ഭവനപ്പേര് (പൂന്തോട്ടം എന്ന എന്റെ ഇല്ലപ്പേര്) എത്രയും സാര്‍ത്ഥമാം (എത്രയോ അര്‍ത്ഥവത്തായി തീരും)

സാരാര്‍ത്ഥം:
ദാരിദ്ര്യവും കഷ്ടപ്പാടുകളുമായി വരുന്ന സജ്ജനങ്ങളെ അപ്പപ്പോള്‍ കാത്തുരക്ഷിക്കുന്ന  ശ്രീഭൈമിഭൂമീപതേ+, താങ്കളുടെ കടാക്ഷമാകുന്ന വണ്ടുകള്‍ പാറിനടക്കുന്ന പൂന്തോട്ടമായി ഞാന്‍ എങ്കില്‍ (എന്നും എന്നില്‍ ഉണ്ടാവുകയാണെങ്കില്‍) പൂന്തോട്ടം എന്ന എന്റെ  ഇല്ലപ്പേരും അര്‍ത്ഥവത്തായി തീരും 

ശബ്ദാലങ്കാരങ്ങൾ:
സജാതീയദ്വതീയാക്ഷരപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (ക്കാ) ശ്രദ്ധിക്കുക

കലാശപ്രാസം: പല പാദങ്ങളിലും  അവസാനഭാഗത്ത് സമാനമായ ശബ്ദം വരുന്നത്  ശ്രദ്ധിക്കുക.
ന്നെത്തുന്ന/സത്തുക്കളെ, ശ്രീഭൈമി/ഭൂമീപതെ, പ്പേരെത്രയും/സാര്‍ത്ഥമാം

+ കടത്തനാട് രാജാവിന് (കടത്തനാട് ശങ്കരവര്‍മ്മ എന്ന് തോന്നുന്നു) സമര്‍പ്പിച്ച ശ്ലോകമാണ് എന്ന് തോന്നുന്നു.    ഭൈമിഭൂമി കടത്തനാട് ആയാണ് പഴയ സാഹിത്യ കൃതികളിൽ പലതിലും കടത്തനാട് രാജവംശം ഈ പേരിലാണ് അറിയപ്പെടുന്നതത്രേ. കടത്തനാട് രാജ്യത്തിന്റെ ആസ്ഥാനം വടകരയായിരുന്നു.  പൂതച്ചെട എന്ന പര്യായമുണ്ടത്രേ, ഭൈമി എന്ന പദത്തിന്.

Monday, July 6, 2020

ശ്ലോകപരിചയം: ശ്ലോകം 2

ശ്ലോകപരിചയം

ശ്ലോകം 2:
പഴയ മംഗളോദയം മാസികയില്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനെ കുറിച്ചുള്ള  ഒരു ലേഖനത്തില്‍ കണ്ടത്. ആരുടെ എന്ന് അറിയില്ല

"കണ്ടാല്‍ തുമ്പുചുരുണ്ടുനീണ്ടമുടിയും
വിസ്താരമാം ഫാലവും
നീണ്ടാഭംഗിയെഴുന്ന മൂക്കു, നെടുതാം
നേത്രങ്ങള്‍  വക്ഷസ്ഥലം
രണ്ടാം വെണ്മണിയച്ഛനെന്നുപറയാന്‍
പാകത്തിലാകുംഭയും
പൂണ്ടാക്കോമളകുഞ്ഞുഭൂപഗുരുവെന്‍
വിഘ്നങ്ങള്‍ തീര്‍ത്തീടണം"

അര്‍ത്ഥം സ്പഷ്ടമാണ്‌ വിശദീകരണം ആവശ്യമില്ല എന്ന് കരുതുന്നു

വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം
വൃത്തലക്ഷണം: പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം
(ഗണങ്ങളെ കുറിച്ചും വൃത്തലക്ഷണങ്ങളെ കുറിച്ചും മറ്റൊരു പോസ്റ്റ് ഇടാം )

ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത് ആകെ 19 അക്ഷരങ്ങളാണ്‌ ഒരു വരിയില്‍ ... അതിലെ ഗണങ്ങള്‍ താഴെ പറയുന്ന ക്രമത്തില്‍ ആണ്.

1. മഗണം (---)
2. സഗണം (vv-)
3. ജഗണം (v-v)
4. സഗണം (vv-)
5. തഗണം (--v)
6. തഗണം (--v)

മൂന്ന് അക്ഷരം വീതം 6 ഗണം ...18 അക്ഷരങ്ങളല്ലേ ആയുള്ളൂ; അന്ത്യാക്ഷരം ഗുരുവാകണം സതംത*ഗുരുവും" എന്നതിലെ ഗുരുവും സൂചിപ്പിക്കുന്നത്

പന്ത്രണ്ടാൽ എന്നത് പന്ത്രണ്ടാമത്തെ അക്ഷരം കഴിഞ്ഞ് യതി (അര്‍ദ്ധവിരാമം ) വേണം എന്ന് സൂചിപ്പിക്കുന്നു
 
എല്ലാം ചേര്‍ക്കുമ്പോള്‍
---/vv-/v-v/vv-/(യതി) --v/--v/-

ദ്വിതീയാക്ഷരപ്രാസം  (എല്ലാ പാദത്തിലും രണ്ടാമത്തെ അക്ഷരം) ശ്രദ്ധിക്കുമല്ലോ