Friday, December 25, 2020

വൃത്തപരിചയം - 11

സമസ്യാപൂരണവും സ്വതന്ത്രശ്ലോകങ്ങളും എഴുതി അനുഷ്ടുപ്പ്, ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര, രഥോദ്ധത, ഇന്ദ്രവംശ, വംശസ്ഥം, സമ്മത, ഭുജംഗപ്രയാതം, ശാലിനി  എന്നീ വൃത്തങ്ങള്‍ പരിചയപ്പെട്ടുവല്ലോ. .

ഇനി പരിചയപ്പെടുന്നത് സ്വാഗത എന്ന വൃത്തം ആണ്.  ഈ വൃത്തത്തിലും ഒരോ വരിയിലും 11 അക്ഷരങ്ങൾ ആണ്

വൃത്തം:  സ്വാഗത
വൃത്തലക്ഷണം: സ്വാഗതക്ക് രനഭം ഗുരുരണ്ടും

അതായത്, രഗണം, നഗണം, ഭഗണം, പിന്നെ രണ്ട് ഗുരു
(ആദ്യത്തെ രണ്ടു ഗണവും രഥോദ്ധതയുടേതുപോലെയാണ്; രഥോദ്ധത രഗണം നഗണം രഗണം ലഘു ഗുരു എന്നാണല്ലോ)

 ഗുരുലഘുവിന്യാസം*:glg/lll/gll/gg
* l ലഘു, g   ഗുരു

താളം/ചൊൽവഴി:

തം ത തം/ത ത ത/തം ത ത/ തം തം 

ഡിസമ്പര്‍ 14 മുതൽ ഡിസമ്പര്‍ 19 വരെ സ്വാഗത യില്‍ സമസ്യാപൂരണം. സന്തോഷിന്റെയാണ്‌ സമസ്യ; തിങ്കളാഴ്ചയ്ക്ക് അത് ഇടുന്നുണ്ടാവും 

അതു കഴിഞ്ഞ് ഡിസമ്പര്‍ 20 മുതൽ ഡിസമ്പര്‍ 26 വരെ  സ്വാഗതയില്‍  സ്വതന്ത്രശ്ലോകങ്ങള്‍

ഉദാഹരണം:
1. നാരായണീയം ദശകം 70 ശ്ലോകം 6 മുതല്‍ 10 വരെ
2. സീതാസ്വയംവരം നാടകം: കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

ഭാഗ്യമെന്നുടയ മന്ദിരമേറ്റം
യോഗ്യമായി ഭവദാഗമമൂലം
ശ്ലാഘ്യരാകിയൊരു നിങ്ങളെ നേരേ
നോക്കിയാല്‍ സുകൃതിയായിതു ഞാനും

Thursday, December 10, 2020

വൃത്തപരിചയം - 10

 സമസ്യാപൂരണവും സ്വതന്ത്രശ്ലോകങ്ങളും എഴുതി അനുഷ്ടുപ്പ്, ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര, രഥോദ്ധത, ഇന്ദ്രവംശ, വംശസ്ഥം, സമ്മത, ഭുജംഗപ്രയാതം  എന്നീ വൃത്തങ്ങള്‍ പരിചയപ്പെട്ടുവല്ലോ. .

ഇനി പരിചയപ്പെടുന്നത് ശാലിനി എന്ന വൃത്തം ആണ്.  ഈ വൃത്തത്തിലും ഒരോ വരിയിലും 11 അക്ഷരങ്ങൾ ആണ്

വൃത്തം: ശാലിനി
വൃത്തലക്ഷണം: നാലേഴായ് മം ശാലിനീ തംതഗംഗം

ഗുരുലഘുവിന്യാസം*: ggg/g(യതി)gl/g(യതി)gl/gg
* l ലഘു, g   ഗുരു

താളം/ചൊൽവഴി:
തം തം തം/തം (യതി) തം ത/തം(യതി) തം ത/ തം തം 

ഇന്ന് (നവമ്പര്‍ 30) മുതൽ ഡിസമ്പര്‍ 5 വരെ ശാലിനിയില്‍ സമസ്യാപൂരണം. അതു കഴിഞ്ഞ് ഡിസമ്പര്‍ 6 മുതൽ ഡിസമ്പര്‍ 12 വരെ  ശാലിനിയില്‍  സ്വതന്ത്രശ്ലോകങ്ങള്‍

ഉദാഹരണം:
1. നാരായണീയം ദശകം 8 ശ്ലോകം 1,  ദശകം 26, ദശകം 54
2. സീതാസ്വയംവരം നാടകം: കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

അയ്യോ രാമാ, ലക്ഷ്മണാ യാഗമദ്ധ്യേ
പെയ്യുന്നല്ലോ ചോര മാനത്തില്‍നിന്നും
കയ്യോടിപ്പോള്‍ നിങ്ങളീരാത്രിചാരി-
ക്കയ്യന്മാരെക്കൊന്നു രക്ഷിച്ചിടേണം

Saturday, November 28, 2020

വൃത്തപരിചയം - 9

 സമസ്യാപൂരണവും സ്വതന്ത്രശ്ലോകങ്ങളും എഴുതി അനുഷ്ടുപ്പ്, ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര, രഥോദ്ധത, ഇന്ദ്രവംശ, വംശസ്ഥം, സമ്മത    എന്നീ വൃത്തങ്ങള്‍ പരിചയപ്പെട്ടുവല്ലോ. .

ഇനി പരിചയപ്പെടുന്നത് ഭുജംഗപ്രയാതം എന്ന വൃത്തം ആണ്.  ഈ വൃത്തത്തിലും ഒരോ വരിയിലും 12 അക്ഷരങ്ങൾ ആണ്

വൃത്തം: ഭുജംഗപ്രയാതം
വൃത്തലക്ഷണം: യകാരങ്ങൾ നാലോ ഭുജംഗപ്രയാതം

(ആദിലഘുവായ യഗണം നാലുവീതം ഓരോ വരിയിലും) 

ഗുരുലഘുവിന്യാസം*: lgg/lgg/lgg/lgg
* l ലഘു, g   ഗുരു

താളം/ചൊൽവഴി:
ത തം തം/ ത തം തം/ത തം തം/ത തം തം 

ഇന്ന് (നവമ്പര്‍ 15) മുതൽ നവമ്പര്‍  21 വരെ ഭുജംഗപ്രയാതത്തില്‍ സമസ്യാപൂരണം. അതു കഴിഞ്ഞ് നവമ്പര്‍  22 മുതൽ നവമ്പര്‍  28 വരെ  ഭുജംഗപ്രയാതത്തില്‍ സ്വതന്ത്രശ്ലോകങ്ങള്‍

ഉദാഹരണം:
1. വിഷ്ണുഭുജംഗം
2. ശിവഭുജംഗം
3. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ദക്ഷയാഗശതകത്തില്‍ മഹാവിഷ്ണു ചെയ്യുന്ന ശിവസ്തുതി
4. കൊച്ചുണ്ണി തമ്പുരാന്റെ സോമതിലകം ഭാണത്തിലെ കാമഭുജംഗം

Saturday, November 14, 2020

വൃത്തപരിചയം - 8

 സമസ്യാപൂരണവും സ്വതന്ത്രശ്ലോകങ്ങളും എഴുതി അനുഷ്ടുപ്പ്, ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര, രഥോദ്ധത, ഇന്ദ്രവംശ, വംശസ്ഥം, ദ്രുതവിളംബിതം     എന്നീ വൃത്തങ്ങള്‍ പരിചയപ്പെട്ടുവല്ലോ. .

ഇനി പരിചയപ്പെടുന്നത് സമ്മത എന്ന വൃത്തം ആണ്. 

ഈ വൃത്തത്തിലും ഒരോ വരിയിലും 11 അക്ഷരങ്ങൾ ആണ്

വൃത്തം: സമ്മത 

വൃത്തലക്ഷണം:  നരരലം ഗവും സമ്മതാഭിധം

ഗുരുലഘുവിന്യാസം*: lll/glg/glg/lg
* l ലഘു, g   ഗുരു

താളം/ചൊൽവഴി:

ത ത ത/ തം ത തം /തം ത തം/  ത തം  

ഇന്ന് (നവമ്പര്‍ 1) മുതൽ നവമ്പര്‍  7 വരെ സമ്മതയില്‍  സമസ്യാപൂരണം. അതു കഴിഞ്ഞ് നവമ്പര്‍ 8 മുതൽ നവമ്പര്‍ 15 വരെ സമ്മതയില്‍  സ്വതന്ത്രശ്ലോകങ്ങള്‍

ഉദാഹരണം:
1. ഭാഗവതത്തിലെ ഗോപികാഗീതം: ജയതി തേഽധികം ജന്മനാ വ്രജഃ ...
2. നാരായണീയം ദശകം 68

Saturday, October 31, 2020

വൃത്തപരിചയം - 7

സമസ്യാപൂരണവും സ്വതന്ത്രശ്ലോകങ്ങളും എഴുതി അനുഷ്ടുപ്പ്, ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര, രഥോദ്ധത, ഇന്ദ്രവംശ, വംശസ്ഥം    എന്നീ വൃത്തങ്ങള്‍ പരിചയപ്പെട്ടുവല്ലോ. .

ഇനി പരിചയപ്പെടുന്നത് ദ്രുതവിളംബിതം എന്ന വൃത്തം ആണ്. 

ഈ വൃത്തത്തിലും ഒരോ വരിയിലും 12 അക്ഷരങ്ങൾ ആണ്

വൃത്തം: ദ്രുതവിളംബിതം 

വൃത്തലക്ഷണം: ദ്രുതവിളംബിതമാം നഭവും ഭരം

ഗുരുലഘുവിന്യാസം*: lll/gll/gll/glg
* l ലഘു, g   ഗുരു

താളം/ചൊൽവഴി:
ത ത ത/ തം ത ത /തം ത ത/ തം ത തം  

ഇന്ന് (ഒക്റ്റോബര്‍  18) മുതൽ ഒക്റ്റോബര്‍ 24 വരെ വംശസ്ഥത്തില്‍ സമസ്യാപൂരണം. അതു കഴിഞ്ഞ് ഒക്റ്റോബര്‍ 11 മുതൽ ഒക്റ്റോബര്‍ 17 വരെ ദ്രുതവിളംബിതത്തില്‍ സ്വതന്ത്രശ്ലോകങ്ങള്‍

ഉദാഹരണം: 

1. നാരായണീയത്തില്‍ ദശകം 40 (പൂതനാമോക്ഷം), ദശകം 56 (കാളിയമര്‍ദ്ദനം ), ദശകം 63 (ഗോവര്‍ദ്ധനോദ്ധാരണം), ദശകം 78 & 79 (രുക്മിണീസ്വയംവരം ), ദശകം 19 (പ്രാചേതസ്സുകളുടെ കഥ), ദശകം 61 (വിപ്രപത്ന്യനുഗ്രഹം) ഇവയിലെ ശ്ലോകങ്ങള്‍   

2. കുറച്ചുദിവസം മുമ്പ് കളരിയില്‍ ഷെയര്‍ ചെയ്തിരുന്ന കാത്തൊള്ളില്‍ അച്യുതമേനോന്റെ കൃഷ്ണസ്തുതി 

3. കുറച്ചുദിവസം മുമ്പ് കളരിയില്‍ ഷെയര്‍ ചെയ്തിരുന്ന കുണ്ടൂര്‍ നാരായണമേനോന്റെ വലയേശ്വരീപഞ്ചകം

4. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ തുപ്പല്‍ക്കോളാമ്പി കാവ്യത്തിലെ: 

എടി ! ശഠേ മതി; നിന്നുടെ ദുഷ്ടമാം
നടവടിക്രമമൊക്കെയറിഞ്ഞുഞാൻ
കുടിലഭാവമഹോ! തവ കണ്ണിലും
നെടിയതാണു മനസ്സിനു നിശ്ചയം

5. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ സ്യമന്തകം നാടകത്തിലെ:
തെളിവു കൂടിന കണ്ണനെ നോക്കിടു-
ന്നളവു കണ്ണിനു നാണമെഴുന്നു മേ
വളവുകൂടിന കണ്ണുകള്‍ പിന്നെയും
കളമൊടായവനില്‍പ്പതിയുന്നിതാ

Saturday, October 17, 2020

വൃത്തപരിചയം - 6

സമസ്യാപൂരണവും സ്വതന്ത്രശ്ലോകങ്ങളും എഴുതി അനുഷ്ടുപ്പ്, ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര, രഥോദ്ധത, ഇന്ദ്രവംശ  എന്നീ വൃത്തങ്ങള്‍ പരിചയപ്പെട്ടുവല്ലോ. .

ഇനി പരിചയപ്പെടുന്നത് ഇന്ദ്രവംശയും ആയി വളരെ സാമ്യമുള്ള വംശസ്ഥം  എന്ന വൃത്തം ആണ്. 

ഈ വൃത്തത്തിലും ഒരോ വരിയിലും 12 അക്ഷരങ്ങൾ ആണ്; ഇന്ദ്രവംശയുടെ ആദ്യാക്ഷരം ലഘുവായാല്‍ വംശസ്ഥം ആയി. അഥവാ ഉപേന്ദ്രവജ്രയുടെ അവസാനത്തെ അക്ഷരം ലഘുവാക്കി, പിന്നെ ഒരു ഗുരുവും കൂടി ചേര്‍ത്താല്‍ വംശസ്ഥം ആയി 

വൃത്തം: വംശസ്ഥം 

വൃത്തലക്ഷണം: ജതങ്ങൾ വംശസ്ഥമതാം ജരങ്ങളും

ഗുരുലഘുവിന്യാസം*: ggl/ggl/lgl/glg
* l ലഘു, g   ഗുരു

താളം/ചൊൽവഴി:

ത തം ത തം തം ത ത തം ത തം ത തം 

സമാനതയുള്ള മറ്റു വൃത്തങ്ങൾ
1. ഇന്ദ്രവജ്ര: ഈ വൃത്തം പരിചയപ്പെട്ടുവല്ലോ
2. ഉപേന്ദ്രവജ്ര: ഈ വൃത്തം പരിചയപ്പെട്ടുവല്ലോ
3.  ഇന്ദ്രവംശ:   ഈ വൃത്തം പരിചയപ്പെട്ടുവല്ലോ
4. ആഖ്യാനകി: ഒന്നും മൂന്നും പാദം ഇന്ദ്രവജ്ര, രണ്ടും നാലും പാദം ഉപേന്ദ്രവജ്ര
5. വിപരീതാഖ്യാനകി: ഒന്നും മൂന്നും പാദം ഉപേന്ദ്രവജ്ര, രണ്ടും നാലും പാദം ഇന്ദ്രവജ്ര

ഇന്ന് (ഒക്റ്റോബര്‍  4) മുതൽ ഒക്റ്റോബര്‍ 10 വരെ വംശസ്ഥത്തില്‍ സമസ്യാപൂരണം. അതു കഴിഞ്ഞ് ഒക്റ്റോബര്‍ 11 മുതൽ ഒക്റ്റോബര്‍ 17 വരെ വംശസ്ഥത്തില്‍ സ്വതന്ത്രശ്ലോകങ്ങള്‍

ഉദാഹരണം: 
1. നാരായണീയത്തില്‍ ദശകം 19 (പ്രാചേതസ്സുകളുടെ കഥ), ദശകം 22 (അജാമിളോപാഖ്യാനം), ദശകം 42 (ശകടാസുരവധം), ദശകം 48 (നളകൂബരമണിഗ്രീവരുടെ ശാപമോക്ഷം), ദശകം 19 (പ്രാചേതസ്സുകളുടെ കഥ), ദശകം 61 (വിപ്രപത്ന്യനുഗ്രഹം) ഇവയിലെ ശ്ലോകങ്ങള്‍   
2. സീതാസ്വയംവരം നാടകം: കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
പരോപകാരം വ്രതമാണു മന്നവർ-
ക്കൊരിക്കലും തെറ്റു വരില്ല നിങ്ങളിൽ
പരം ഭവാന്മാര്‍ക്കിതുകൊണ്ടു മംഗളം
വരും വിഭോ വംശവിശുദ്ധിയും വരും  -
3. ഉമാവിവാഹം നാടകം: കൊച്ചുണ്ണിത്തമ്പുരാന്‍
പരോപകാരത്തിനു തത്പരത്വവും 
പരം മിടുക്കും ഗുണമേറ്റമിന്നിയും 
ചിരം വിളങ്ങുന്നിവൾ പോയിടുമ്പൊഴി-
പ്പുരം തപിക്കാതെ ഭവിപ്പതെങ്ങനെ?-

Monday, September 28, 2020

വൃത്തപരിചയം - 5

കഴിഞ്ഞ സദസ്സിന്‌ മുമ്പ് സമസ്യാപൂരണവും സ്വതന്ത്രശ്ലോകങ്ങളും എഴുതി അനുഷ്ടുപ്പ്, ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര, രഥോദ്ധത എന്നീ വൃത്തങ്ങള്‍ പരിചയപ്പെട്ടുവല്ലോ. എല്ലാവരും തന്നെ നല്ലവണ്ണം പങ്കെടുത്തു എന്നത് സന്തോഷം തരുന്നു.

ഇനി പരിചയപ്പെടുന്നത് ഇന്ദ്രവജ്രയും ആയി വളരെ സാമ്യമുള്ള ഇന്ദ്രവംശ എന്ന വൃത്തം ആണ്. ഈ വൃത്തത്തിൽ ഒരോ വരിയിലും 12 അക്ഷരങ്ങൾ ആണ്; അതായത് ഇന്ദ്രവജ്രയെക്കാള്‍ ഒരക്ഷരം കൂടുതല്‍ 

വൃത്തം: ഇന്ദ്രവംശ 

വൃത്തലക്ഷണം: കേളിന്ദ്രവംശാതതജങ്ങൾ രേഫവും

ഗുരുലഘുവിന്യാസം*: --v/--v/v-v/-v-

* v ലഘു, -   ഗുരു

താളം/ചൊൽവഴി:

തം തം ത തം തം ത ത തം ത തം ത തം 

അതായത് ഇന്ദ്രവജ്രയുടെ അവസാനത്തെ അക്ഷരം ലഘുവാക്കി, പിന്നെ ഒരു ഗുരുവും കൂടി ചേര്‍ത്താല്‍ ഇന്ദ്രവംശ ആയി

സമാനതയുള്ള മറ്റു വൃത്തങ്ങൾ
1. ഇന്ദ്രവജ്ര: ഈ വൃത്തം പരിചയപ്പെട്ടുവല്ലോ
2. ഉപേന്ദ്രവജ്ര: ഈ വൃത്തം പരിചയപ്പെട്ടുവല്ലോ
3. വംശസ്ഥം:   ഓരോ വരിയിലും ആദ്യത്തെ അക്ഷരം ലഘു, മറ്റെല്ലാം ഇന്ദ്രവംശ പോലെ തന്നെ
4. ആഖ്യാനകി: ഒന്നും മൂന്നും പാദം ഇന്ദ്രവജ്ര, രണ്ടും നാലും പാദം ഉപേന്ദ്രവജ്ര

5. വിപരീതാഖ്യാനകി: ഒന്നും മൂന്നും പാദം ഉപേന്ദ്രവജ്ര, രണ്ടും നാലും പാദം ഇന്ദ്രവജ്ര


ഇന്ന് (സെപ്റ്റംബര്‍ 20) മുതൽ സെപ്റ്റംബര്‍ 26 വരെ ഇന്ദ്രവംശയിൽ സമസ്യാപൂരണം. അതു കഴിഞ്ഞ് സെപ്റ്റംബര്‍ 27 മുതൽ ഒക്റ്റോബര്‍ 3 വരെ ഇന്ദ്രവംശയിൽ സ്വതന്ത്രശ്ലോകങ്ങള്‍



ഉദാഹരണം 


Saturday, September 19, 2020

വിദ്യാഗുണദോഷം 

അര്‍ത്ഥത്തിങ്കല്‍ ബഹുവിധമസം-
ബന്ധവും സന്ധിദോഷാല്‍
വൃത്തത്തെറ്റും വികൃതി പലതും
ചേര്‍ത്തുതീര്‍ത്തുള്ള കാവ്യം
പത്രം തോറും പലരുമെഴുതീ-
ടുന്നു പാരില്‍ പരത്താന്‍
ചിത്രം മറ്റെന്തിതിനു സമമാ-
യുള്ളു പാരുള്ളിലോര്‍ത്താല്‍ 

കൊച്ചുണ്ണി തമ്പുരാന്‍

https://archive.org/details/RasikaranjiniBook2/page/n285/mode/2up

ഗണേശസ്തുതി

ഒറ്റക്കൊമ്പും, തുളുമ്പും കുളുര്‍കുടവയറും,
കൈകളില്‍ കാന്തി തേടും
മറ്റേക്കൊമ്പും കരിമ്പെന്നിവ, പല മിഴി ചി-
ന്നുന്ന ചിഹ്നങ്ങളോടും
തെറ്റെന്നേറ്റം തെളിഞ്ഞുള്‍ക്കനിവൊടെഴുമിട-
പ്പിള്ളിയുണ്ണിഗ്ഗണേശന്‍
തെറ്റൊന്നെങ്കല്‍ പ്പെടായ്വാന്‍ വിരവില്‍ വിലസണം
മുത്തൊടെന്നുള്‍ത്തടാന്തേ

https://archive.org/details/in.ernet.dli.2015.277683/page/n19/mode/2up

Friday, September 11, 2020

Saturday, August 15, 2020

രഥോദ്ധത: ഉദാഹരണങ്ങള്‍

 രഥോദ്ധത: ഉദാഹരണങ്ങള്‍

1. ഉമാവിവാഹം നാടകം
തീരുമാനമുര ചെയ്തിടാമെടോ
തീരുമാനമിതു കേട്ടുവെങ്കിലോ
തീരെ മാനമെഴുമപ്‌സരോമദം
തീരു,മാനനമവർക്കു വാടിടും

2. ഗംഗാവതരണം നാടകം

കോട്ടയം കവിസമാജമതിങ്കൽ
കോട്ടമറ്റൊരുപരീക്ഷയതിങ്കൽ
പുഷ്ടവേഗമതെടുത്തിഹക്കുഞ്ഞി-
ക്കുട്ടഭൂപതികൃതിച്ചുവതല്ലൊ

3. സ്യമന്തകം നാടകം
പ്രാജ്യമായ മണി കൈയുവിട്ടുടന്‍
രാജ്യപാലനു കൊടുപ്പതെങ്ങനെ?
പൂജ്യരാകുമവനൊന്നിരക്കുകില്‍
പൂജ്യമെന്നു പറയുന്നതെങ്ങനെ?

4. സോമതിലകം ഭാണം
വല്ലഭേ, രസമിയന്ന ഭാണമൊ-
ന്നല്ലല്‍ വിട്ടഭിനയിച്ചുകൊണ്ടു നാം
കല്യരായിടുമിവര്ക്കുശേഷവും
നല്ല കൗതുകമതുള്ളിലേറ്റണം

5. സീതാസ്വയംവരം നാടകം
ചൊല്ലെഴുന്ന കുലശേഖരാലയേ
കല്യഭാവമൊടു ചേർന്നു വാണിടും
നല്ല സജ്ജനസദസ്സിതാ രമാ-
വല്ലഭാഗ്രമതിൽ വന്നുചേർന്നുതേ

6. നാരായണീയത്തിലെ ഈ ദശകത്തിലെ ശ്ലോകങ്ങള്‍ രഥോദ്ധതയില്‍ ആണ്:
ദശകം 4 (അഷ്ടാംഗയോഗം), ദശകം 47 (ഉലൂഖലബന്ധനം), ദശകം 59 (വേണുഗാനം)

7. രഥോദ്ധത വാസ്തവത്തിൽ കുസുമസഞ്ജരി എന്ന വലിയ വൃത്തത്തിലേക്കുള്ള പ്രവേശം കൂടിയാണ്.  നാരായണീയം രാസക്രീഡയിലെ ഏതെങ്കിലും ഒരു വരിയിലെ ആദ്യത്തെ 9 അക്ഷരങ്ങൾ താഴെ കൊടുത്തിട്ടുള്ള സമസ്യയുമായി വേണ്ടവർക്ക് ഒന്ന് താരതമ്യം ചെയ്യാം.

വൃത്തപരിചയം - 4

 വൃത്തപരിചയം - 4

അനുഷ്ടുപ്പ്, ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര എന്നീ വൃത്തങ്ങള്‍ സമസ്യാപൂരണവും സ്വതന്ത്രശ്ലോകങ്ങളും എഴുതി പരിചയപ്പെട്ടുവല്ലോ. ഏതാണ്ട് ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും പോലെ തന്നെയാണ്‌ ഇന്ദ്രവംശയും വംശസ്ഥവും .. ഇന്ദ്രവജ്രയുടെ ഓരോ വരിയിലും പതിനൊന്നാം അക്ഷരം ലഘുവും പന്ത്രണ്ടാമതൊരക്ഷരം ഗുരുവായും വന്നാല്‍ ഇന്ദ്രവംശയായി. അതുപോലെ ഉപേന്ദ്രവജ്രയുടെ ഓരോ വരിയിലും പതിനൊന്നാം അക്ഷരം ലഘുവും പന്ത്രണ്ടാമതൊരക്ഷരം ഗുരുവായും വന്നാല്‍ വംശസ്ഥമായി... അതുകൊണ്ട് ഒരുപക്ഷേ ആ വൃത്തങ്ങള്‍  ആവര്‍ത്തനവിരസത തോന്നിക്കാം എന്ന് തോന്നുന്നു. അതിനാല്‍ തല്‍ക്കാലത്തേയ്ക്ക് ഒഴിവാക്കുന്നു

നേരത്തെയുള്ള പ്ലാന്‍ പ്രകാരം അടുത്ത മാസം അക്ഷരശ്ലോകസദസ്സിന്റെ മൂന്നാം റൌണ്ട് തുടങ്ങുമല്ലോ. ഇന്ദ്രവംശയും വംശസ്ഥവും അതുകഴിഞ്ഞാവാം എന്ന് കരുതുന്നു

ഇന്ന് പരിചയപ്പെടുന്നത് ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും പോലെ തന്നെ ലളിതവും വളരെയധികം കണ്ടുവരുന്നതും ആയ രഥോദ്ധത എന്ന വൃത്തം ആണ്. . ഈ വൃത്തത്തിലും ഒരോ വരിയിലും 11 അക്ഷരങ്ങൾ ആണ്

വൃത്തം: രഥോദ്ധത 

വൃത്തലക്ഷണം :  രം നരം ല ഗുരുവും രഥോദ്ധത

ഗുരുലഘുവിന്യാസം*: -v-/vvv/-v-/v-

താളം/ചൊൽവഴി:

തം ത തം/ ത ത ത/തം ത തം/ത തം  

പതിവ് പോലെ, ഇന്ന് (ഓഗസ്റ്റ് 16) മുതൽ ഓഗസ്റ്റ് 22 വരെ രഥോദ്ധതയിൽ സമസ്യാപൂരണം ആവാം എന്ന് കരുതുന്നു. അതു കഴിഞ്ഞ് ഓഗസ്റ്റ് 23 മുതൽ ഓഗസ്റ്റ് 29 വരെ രഥോദ്ധതയില്‍ സ്വന്തം ശ്ലോകങ്ങള്‍ 

* v ലഘു, -   ഗുരു

ശ്ലോകപരിചയം: ശ്ലോകം 20

ശ്ലോകപരിചയം


ശ്ലോകം 20:

കില്ലെന്ന്യേ ബഹുനാള്‍ ഭജിക്കിലുമിവ-
ന്നായൊന്നുമേ നല്കിയി-
ട്ടില്ലെന്നുള്ളതുകൊണ്ടെനിക്കൊരു കട-
ക്കാരത്തിയായ് തീര്‍ന്നു നീ
വല്ലെന്നാലുമകം കനിഞ്ഞൊരുവരം
തന്നിക്കടപ്പാടു തീര്‍-
ക്കില്ലെന്നാകിലപര്‍ണ്ണയെന്ന തവ പേ-
രീശാനി മോശപ്പെടും

കവി / കൃതി: വള്ളത്തോള്‍ നാരായണമേനോന്റെ ഒറ്റശ്ലോകം 

വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം
വൃത്തലക്ഷണം: പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം

അതായത് മഗണം സഗണം ജഗണം സഗണം  തഗണം, തഗണം  പിന്നെ ഒരു ഗുരു


---/vv-/v-v/vv-/(യതി)--v/--v/-

v ലഘു, - ഗുരു

വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

അർത്ഥം:
(അല്ലയോ) ഈശാനി (ശ്രീപാര്‍വ്വതീ), കില്ലെന്ന്യേ (സംശയമില്ലാതെ) ബഹുനാള്‍ (പല ദിവസം) ഭജിക്കിലും (ഭജിച്ചിട്ടും) ഇവന്നായ് (ഇവനു വേണ്ടി) ഒന്നുമേ (ഒന്നും തന്നെ) നല്കിയിട്ടില്ല (തന്നില്ല) എന്നുള്ളതുകൊണ്ട് (എന്നതുകൊണ്ട്) എനിക്കൊരു കടക്കാരത്തിയായ് തീര്‍ന്നു (എനിക്ക് കടക്കാരിയായി) നീ (ഭഗവതി) വല്ലെന്നാലുമകം (വല്ലവിധേനയും) കനിഞ്ഞൊരുവരം (കനിഞ്ഞു ഒരു വരം) 

തന്നിക്കടപ്പാടു (തന്ന് ഈ കടപ്പാട്) തീര്‍ക്കില്ലെന്നാകില്‍ (തീര്‍ക്കൂകയില്ല എങ്കില്‍) അപര്‍ണ്ണ  (അപര്‍ണ്ണ എന്നാല്‍ കടത്തെ കളയുന്നവര്‍ എന്നും അര്‍ത്ഥം ഉണ്ട്) എന്ന തവ (നിന്റെ) പേര്‍ മോശപ്പെടും (ചീത്തയാകും) 

സാരാര്‍ത്ഥം:
അല്ലയോ ശ്രീപാര്‍വ്വതീദേവീ, പല ദിവസം ഭഗവതിയെ ഭജിച്ചിട്ടും ഒന്നും തന്നില്ല. ഇങ്ങിനെയൊരു കടം ഭഗവതിക്ക് എന്നോട് ഉണ്ട്. ഭഗവതി കനിഞ്ഞു ഒരു വരം തന്നിട്ട് ഈ കടം തീര്‍ക്കാതിരുന്നാല്‍ അപര്‍ണ്ണയെന്ന ഭഗവതിയുടെ പേരു ചീത്തയാകും. (കടത്തെ കളയുന്നവള്‍ അത് വീട്ടണമല്ലോ; അതുകൊണ്ട് വരം തരണം എന്ന് അപേക്ഷ) 

ശബ്ദാലങ്കാരങ്ങൾ:
ദ്വിതീയാക്ഷരസജാതീയപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (ല്ലെ)
കലാശപ്രാസം: പല പാദങ്ങളിലും  അവസാനഭാഗത്ത് സമാനമായ ശബ്ദം വരുന്നത്  ശ്രദ്ധിക്കുക
ന്നായൊ/ന്നുമേ,  ക്കാരത്തിയായ്/തീര്‍ന്നു, ക്കട/പ്പാടു, രീശാനി/മോശപ്പെടും

ശ്ലോകപരിചയം: ശ്ലോകം 19

 ശ്ലോകപരിചയം

ശ്ലോകം 19:

മുട്ടിക്കൂടീട്ടു നിന്‍ കാല്‍ത്തളിരിണ പണിയു-
ന്നോര്‍ക്കു കാര്യങ്ങളെല്ലാം
മുട്ടി ക്രൂരാധി ചേരുന്നതിനുടനിടയായ്-
ത്തീരുമോ ചാരുമൂര്‍ത്തേ
തട്ടിത്താപാഗ്നി ചുട്ടുള്ളൊരുഹൃദയമൊടും
ശ്രീപതേ ഞാന്‍ ഭവല്‍ക്കാല്‍-
ത്തട്ടില്‍ത്താനേ കിടക്കും കരുണ തവ കിട-
യ്ക്കാതെ മാറില്ല തെല്ലും


കവി / കൃതി: പന്തളം കേരളവര്‍മ്മയുടെ ലക്ഷ്മീശദശകത്തില്‍ നിന്നും 

വൃത്തം: സ്രഗ്ദ്ധര

വൃത്തലക്ഷണം: ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും

അതായത് മഗണം, രഗണം, ഭഗണം, നഗണം, യഗണം, യഗണം, യഗണം

---/-v-/-(യതി)vv/vvv/v-(യതി)-/v--/v--

v ലഘു, - ഗുരു

വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

അർത്ഥം:
ശ്രീപതേ (അല്ലയോ ശ്രീപതേ; മഹാലക്ഷ്മിയുടെ പതിയായ വിഷ്ണുഭഗവാനേ) മുട്ടിക്കൂടീട്ടു (അടുത്തുകൂടീട്ട്) നിന്‍ കാല്‍ത്തളിരിണ  (കാലുകളാകുന്ന തളിരിന്‍റെ ജോഡി - പാദയുഗ്മം) പണിയുന്നോര്‍ക്കു (സേവിക്കുന്നവര്‍ക്ക്) കാര്യങ്ങളെല്ലാം മുട്ടി (ഒരു കാര്യവും നടക്കാതെ) ക്രൂരാധി (വല്ലാത്ത വിഷമം ) ചേരുന്നതിന്‌ (ഉണ്ടാകുവാന്‍) ഉടന്‍ ഇടയായ് തീരുമോ (സാദ്ധ്യതയുണ്ടോ; ഇല്ല എന്ന് ധ്വനി) ചാരുമൂര്‍ത്തേ (സുന്ദരനായ ഭഗവാനേ). തട്ടിത്താപാഗ്നി ചുട്ടുള്ളൊരു (താപം ചൂട് എന്നും ദുഃഖം എന്നും (മേഘദൂതം സന്തപ്താനാം - ചൂടു തട്ടിയവര്‍ക്ക് എന്നും ദുഃഖിക്കുന്നവര്‍ക്ക് എന്നും) വിഗ്രഹിക്കുമ്പോള്‍ - ചൂടുള്ള തീ എന്നും ദുഃഖത്തിന്‍റെ ചൂട് എന്നും - അത് തട്ടി ദഹിക്കുന്ന) ഹൃദയമൊടും (ഹൃദയത്തോടെ) ഞാന്‍ ഭവല്‍ക്കാല്‍ത്തട്ടിത്താനേ കിടക്കും (താനേ - ഒറ്റയ്ക്ക് എന്നും അവിടെത്തന്നെ എന്നും.  താപവും താനേയും രണ്ടും ധ്വന്യാത്മകമാണ് -  ഞാന്‍ ഭവാന്റെ കാല്‍ക്കല്‍ തന്നെ കിടക്കും) തവ കരുണ കിടയ്ക്കാതെ (ഭവാന്റെ കരുണ ലഭിക്കാതെ) മാറില്ല തെല്ലും (മാറിപ്പോവില്ല)

സാരാര്‍ത്ഥം:
വിഷ്ണുഭഗവാനേ, നിന്റെ അടുത്തു വന്ന് സേവിക്കുന്നവര്‍ക്ക് ഒരു കാര്യവും നടക്കാതെയായി വല്ലാത്ത വിഷമം ഒന്നും വരില്ല (ഇത് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ എനിക്ക് വിഷമങ്ങള്‍ ഉണ്ട്. അതു മാറ്റാന്‍). ഭഗവാന്‍ കനിയുന്നതുവരെ, വിഷമിക്കുന്ന ഹൃദയത്തോടെ, ഞാന്‍ ഭവാന്റെ കാല്‍ക്കല്‍ തന്നെ കിടക്കും.

ശബ്ദാലങ്കാരങ്ങൾ:
ദ്വിതീയാക്ഷരസജാതീയപ്രാസം:  എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (ട്ടി)
കലാശപ്രാസം: പല പാദങ്ങളിലും  അവസാനഭാഗത്ത് സമാനമായ ശബ്ദം വരുന്നത്  ശ്രദ്ധിക്കുക

തീരുമോ ചാരുമൂര്‍ത്തേ, മാറില്ല തെല്ലും

അനുപ്രാസം (വ്യഞ്ജനം ഇടയ്ക്കിടക്ക് ആവർത്തിച്ചു വരുന്നത്):
മുട്ടി/ക്കൂടീട്ടു , തളിരിണ/പണിയു, നുടനിടയായ്, ത്തട്ടില്‍ ത്താനേ, കിടക്കും കരുണ തവ കിടയ്ക്കാതെ

Monday, August 10, 2020

ശ്ലോകപരിചയം : ശ്ലോകം 18

 ശ്ലോകപരിചയം


ശ്ലോകം 18:

അവനമാവനമാലി നടത്തുമെ-
ന്നിഹ മുദാഹമുദാര! നിനച്ചു താന്‍
ഭുവനപാവന! പാര്‍ക്കുവതെന്നതോര്‍-
ക്കണമിതാണമിതാദരമാശ മേ

കവി / കൃതി: കെ സി കേശവപിള്ളയുടെ കേശവാഷ്ടകത്തില്‍ നിന്ന്

വൃത്തം: ദ്രുതവിളംബിതം
വൃത്തലക്ഷണം: ദ്രുതവിളംബിതമാം നഭവും ഭരം

അതായത് നഗണം ഭഗണം ഭഗണം  രഗണം

vvv/-vv/-vv/-v-

v ലഘു, - ഗുരു

വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

അർത്ഥം:

(ഹേ) ഭുവനപാവന! (ലോകം പാലിക്കുന്നവനേ) (ഹേ) ഉദാര (ദയാശീല)  അവനം (പാലനം രക്ഷണം) ആ വനമാലി (വിഷ്ണു/കൃഷ്ണന്‍ ആയ നീ) നടത്തും എന്ന് ഇഹ (ഇവിടെ) മുദാ (സന്തോഷത്തോടെ) അഹം (ഞാന്‍) നിനച്ചു താന്‍ (വിചാരിച്ചു തന്നെയാണ്)  പാര്‍ക്കുവത് (താമസിക്കുന്നത്/ജീവിക്കുന്നത്) എന്നതോര്‍ക്കണം (എന്ന് അങ്ങ് ഓര്‍ത്തുകൊള്ളും) ഇതാണ്‌ മേ (എന്റെ) അമിതാദരം (അമിതമായ ആദരവോട് കൂടിയുള്ള) ​ആശ 

സാരാര്‍ത്ഥം:
ലോകം പാലിക്കുന്ന ദയാശീലനായ ഭഗവാനേ, ഈ ലോകത്തെ ഭഗവാന്‍ പാലിക്കും രക്ഷിക്കും എന്ന് വിചാരിച്ചാണ്‌ ഞാന്‍ സമാധാനമായി ഇരിക്കുന്നത്. ഇത് നീ ഓര്‍ക്കണം എന്നതാണ്‌ എന്റെ വലിയ ആഗ്രഹം 

ശബ്ദാലങ്കാരങ്ങൾ:
അനുപ്രാസം (വ്യഞ്ജനം ഇടയ്ക്കിടക്ക് ആവർത്തിച്ചു വരുന്നത്):
അവനമാവനമാലി, ന്നിഹ മുദാഹമുദാര, ഭുവനപാവന

യമകം (അക്ഷരക്കൂട്ടം പല അര്‍ത്ഥത്തില്‍ ആവർത്തിച്ച് ഉപയോഗിക്കുന്നത്): 
നാലുപാദങ്ങളിലും: അവനമാവന, മുദാഹമുദാര, ഭുവനപാവന, മിതാണമിതാ

Sunday, August 9, 2020

ശ്ലോകപരിചയം : ശ്ലോകം 17

 ശ്ലോകപരിചയം

ശ്ലോകം 17:

നെറ്റിക്കണ്ണന്റെ മൂന്നാം തിരുമിഴിയിലെഴും
നാളമേറ്റങ്ങുമിങ്ങും
പറ്റിച്ചേര്‍ന്നുള്ള പുത്തന്‍മഷിയെയുടനണി-
ത്തിങ്കളില്‍ക്കാണ്‍കമൂലം
നെറ്റിച്ചാന്തിത്രചിന്നും വിധമധികപണി-
പ്പെട്ടഹോ ഗംഗയെന്നെ-
പ്പറ്റിച്ചൂ കള്ളിയെന്നോര്‍ത്തുമയൊരുനെടുവീര്‍-
പ്പിട്ടതിന്നായ് തൊഴുന്നേന്‍ 

കവി / കൃതി:
ചമ്പത്തില്‍ ചാത്തുക്കുട്ടി മന്നാടിയാരുടെ ഒറ്റശ്ലോകം 

വൃത്തം: സ്രഗ്ദ്ധര

വൃത്തലക്ഷണം: ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും

അതായത് മഗണം, രഗണം, ഭഗണം, നഗണം, യഗണം, യഗണം, യഗണം
---/-v-/-(യതി)vv/vvv/v-(യതി)-/v--/v--

v ലഘു, - ഗുരു

വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

അർത്ഥം:

നെറ്റിക്കണ്ണന്റെ (മുക്കണ്ണനായ ശിവന്റെ) മൂന്നാം തിരുമിഴിയിലെഴും (മൂന്നാമത്തെ കണ്ണിലുള്ള) നാളമേറ്റ് (തീനാളം കൊണ്ട്) അങ്ങുമിങ്ങും 

പറ്റിച്ചേര്‍ന്നുള്ള (നെറ്റിയില്‍  അവിടവിടെയായി) പുത്തന്‍മഷിയെ (പുതിയ മഷി... ചന്ദ്രനില്‍ കാണുന്നത് കണ്ണിലെ ജ്വാലയുടെ കരിയാണ്; മഷി കരി...  അതാണ് പുത്തന്‍ മഷി ) ഉടന്‍ അണിത്തിങ്കളില്‍ ക്കാണ്‍കമൂലം (ഉടനെ നെറ്റി എന്ന് താന്‍ ധരിച്ചു നോക്കുന്നതില്‍ കണ്ടത് ഗംഗയുടെ നെറ്റിയിലെ ചാന്താണെന്ന് ശ്രീപാര്‍വ്വതി ധരിച്ചു.. ഭഗവാന്‍റെ നെറ്റിത്തടത്തിനും ബാലചന്ദ്രന്‍റെ ആകൃതിയാണ്; പ്രസിദ്ധമായ ഉപമ സുന്ദരമായ നെറ്റിയും ചന്ദ്രക്കലയും)) നെറ്റിച്ചാന്തിത്രചിന്നും വിധം (നെറ്റിയുള്ള ചാന്ത് ഇത്രയ്ക്ക് എല്ലായിടത്തും ആകുവാന്‍) അധികപണിപ്പെട്ടഹോ ഗംഗ  എന്നെപ്പറ്റിച്ചൂ കള്ളി (ഇപ്പോള്‍ നെറ്റി എന്ന് താന്‍ ധരിച്ചു നോക്കുന്നതില്‍ കണ്ടത് ഗംഗയുടെ നെറ്റിയിലെ ചാന്താണെന്ന് ധരിച്ചു. ഇങ്ങനെ അധികപണിപ്പെട്ട്  സംഗമശങ്ക ഉണ്ടായി) എന്ന് ഓര്‍ത്ത് ഉമ (എന്ന് ശ്രീപാര്‍വ്വതീദേവി ഓര്‍ത്ത്) ഒരു നെടുവീര്‍പ്പിട്ടതിന്നായ് (അത് ചന്ദ്രനാണെന്ന് മനസ്സിലായപ്പോള്‍  സമാധാനത്തിന്‍റെ നെടുവീര്‍പ്പ് ) തൊഴുന്നേന്‍ (തൊഴുന്നു)

സാരാര്‍ത്ഥം:
പരമശിവന്റെ മൂന്നാമത്തെ കണ്ണിലുള്ള തീനാളമേറ്റ് അവിടവിടെയായി പറ്റിപ്പിടിച്ച പുത്തന്‍മഷി ഉടനെ ആദ്യം നെറ്റിയിലും പിന്നെയും മേല്പോട്ട് നോക്കിയപ്പോള്‍ ചന്ദ്രനിലും കണ്ടു (ചന്ദ്രനിലെ കളങ്കം). അത് ഗംഗയുടെ, നെറ്റിയുള്ള ചാന്ത് ആണ്, അത് ഭഗവാന്റെ നെറ്റിയില്‍ ആയതാണ്‌ എന്ന് ധരിച്ചു. പിന്നെ അത് ചന്ദ്രനാണ്‌ എന്ന് മനസ്സിലായി ശ്രീപാര്‍വ്വതീദേവി സമാധാനിച്ചതിനായി തൊഴുന്നു


ശബ്ദാലങ്കാരങ്ങൾ:
ദ്വിതീയാക്ഷരസജാതീയപ്രാസം:  എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (റ്റി)
കലാശപ്രാസം: പല പാദങ്ങളിലും  അവസാനഭാഗത്ത് സമാനമായ ശബ്ദം വരുന്നത്  ശ്രദ്ധിക്കുക
നാളമേറ്റങ്ങു/മിങ്ങും,  പ്പിട്ടതിന്നായ്/തൊഴുന്നേന്‍

Wednesday, August 5, 2020

ശ്ലോകപരിചയം: ശ്ലോകം 16

ശ്ലോകപരിചയം

ശ്ലോകം 16:
കണ്ഠേ നല്ല കറുപ്പുമുണ്ടൊരുമുറി-
സ്സോമന്‍ ജടാന്തസ്ഥലേ
പണ്ടേയുള്ളൊരുവെള്ളമുണ്ടുതലയില്‍
കണ്ടാലതും വിസ്മയം
ഉണ്ടേ നിങ്കലൊരെട്ടു നല്ല കരമു-
ണ്ടെന്നല്ല രുദ്രാവലീ
ശ്രീകണ്ഠേശ്വര! പിന്നെയും വെറുതെ നീ
തോല്‍മുണ്ടുടുത്തീടൊലാ

കവി / കൃതി:
വെണ്മണി മഹന്‍ നമ്പൂതിരിയുടെ ഒറ്റശ്ലോകം

വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം
വൃത്തലക്ഷണം: പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം
അതായത് മഗണം സഗണം ജഗണം സഗണം  തഗണം, തഗണം  പിന്നെ ഒരു ഗുരു

---/vv-/v-v/vv-/(യതി)--v/--v/-

v ലഘു, - ഗുരു

വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

അർത്ഥം:
(അല്ലയോ) ശ്രീകണ്ഠേശ്വര!, കണ്ഠേ (കഴുത്തില്‍) നല്ല കറുപ്പും (നീലകണ്ഠനാണല്ലോ ശിവന്‍)  ഉണ്ട്; (അതുപോലെ) ഒരു മുറിസ്സോമന്‍ (ചന്ദ്രക്കല) ജടാന്തസ്ഥലേ (ജടയ്ക്കുള്ളില്‍), തലയില്‍ പണ്ടേ ഉള്ളൊരു വെള്ളം ഉണ്ട്. കണ്ടാല്‍ അതും വിസ്മയം ഉണ്ടേ (ഉണ്ടല്ലോ). നിങ്കല്‍ (നിന്നില്‍ /നിനക്ക്) ഒരെട്ടു നല്ല കരം (നല്ല എട്ട് കൈകള്‍) ഉണ്ട്. രുദ്രാവലീ (ഏകാദശരുദ്രന്മാരുടെ നിര) ഉണ്ട്. പിന്നെയും (ഇത്രയും മുണ്ടുള്ള അവസ്ഥയ്ക്ക്) വെറുതെ നീ തോല്‍മുണ്ട് (തോല്‍ ) ഉടുത്തീടൊലാ (ഉടുത്തുകൂടാ)

സാരാര്‍ത്ഥം:
അല്ലയോ ശ്രീകണ്ഠേശ്വര!, അല്ലയോ) ശ്രീകണ്ഠേശ്വര!, നല്ല കറുപ്പു'മുണ്ട്', ഒരു മുറിസ്സോമന്‍ ജടയ്ക്കുള്ളില്‍; തലയില്‍ പണ്ടേ ഉള്ളൊരു വെള്ള'മുണ്ട്'. കണ്ടാല്‍ അതും വിസ്മയം ഉണ്ടേ (ഉണ്ടല്ലോ). നിങ്കല്‍ (നിന്നില്‍ /നിനക്ക്) ഒരെട്ടു നല്ല കര'മുണ്ട്'. ഏകാദശരുദ്രന്മാരുടെ നിര ഉണ്ട്. പിന്നെയും (ഇത്രയും 'മുണ്ടു'ള്ള അവസ്ഥയ്ക്ക്) വെറുതെ നീ തോല്‍മുണ്ട് (തോല്‍ ) ഉടുത്തീടൊലാ (ഉടുത്തുകൂടാ)

(മുണ്ട് എന്ന വാക്ക് പല അര്‍ത്ഥത്തില്‍ ഉപയോഗിച്ചിട്ട് ഇത്രയധികം മുണ്ടുള്ളപ്പോള്‍ എന്തിനാണ്‌ തോല്മുണ്ട് ഉടുക്കണ്ടാ  ന്ന് തമാശയായിട്ട് ഭഗവാനോട് പറയുന്ന സരസശ്ലോകമാണിത്)

ശബ്ദാലങ്കാരങ്ങൾ:
അനുപ്രാസം (വ്യഞ്ജനം ഇടയ്ക്കിടക്ക് ആവർത്തിച്ചു വരുന്നത്): 
യുള്ളൊരുവെള്ളമുണ്ടു
കണ്ഠേ/കറുപ്പുമുണ്ടൊരു/പണ്ടേ/വെള്ളമുണ്ടു/കണ്ടാലതും/ഉണ്ടേ/കരമുണ്ടെന്നല്ല/ശ്രീകണ്ഠേശ്വര/തോല്‍മുണ്ടു

Tuesday, August 4, 2020

ഉപേന്ദ്രവജ്ര: ഉദാഹരണങ്ങള്‍

ഉപേന്ദ്രവജ്ര: ഉദാഹരണങ്ങള്‍

1. ഉമാവിവാഹം നാടകം
പടുത്വമോടിങ്ങിനെ തള്ളിയുന്തീ-
ട്ടടുത്തിടുന്നെന്തിനു മാറിനില്പിൻ
തടുത്തിടും ഞാനിനിയങ്ങൊരാളെ-
ക്കടത്തുവാൻ കൽപ്പന വേണമല്ലോ

2. ഗംഗാവതരണം നാടകം
കൊടുക്കുമോഗംഗയെ മന്നനായി-
ട്ടടക്കമില്ലാതെ സുരാധിനാഥൻ.
മുടക്കിയാലോ വരദാനമിഷ്ടം
തടുക്കുവാനും നിരുപിച്ചുകൂടാ

3. തുപ്പല്‍ക്കോളാമ്പി കാവ്യം
പെരുമ്പടപ്പിൽ ക്ഷിതിപാലരത്നം
പെരുമ്പടക്കോപ്പിഹ കൂട്ടിവന്നൂ
ഒരുമ്പെടേണം പട നീ തടുപ്പാൻ
കുരുമ്പയമ്മേ ! മമ തമ്പുരാട്ടി

4. സ്യമന്തകം നാടകം
കളിക്കെടോ ചുക്കിണിയും പിടിച്ചി-
ട്ടിളിച്ചിരുന്നാല്‍ മതിയാകയില്ലാ
കളിപ്രയോഗത്തില്‍ മടങ്ങിയെന്നാ-
ലിളിഭ്യനാമെന്നു മടിച്ചിരുന്നോ? 

5. സോമതിലകം ഭാണം
തനിക്കുതാൻപോന്നവരോടു ചെന്നി-
ക്കനക്ഷയം കാട്ടരുതെങ്കിലും കേൾ
മനക്കുരുന്നിങ്കലെഴുന്ന കാമ-
മെനിക്കു ചൊല്ലാതെയിരിക്കവയ്യാ

വൃത്തപരിചയം - 3

വൃത്തപരിചയം - 3

കഴിഞ്ഞ രണ്ടാഴ്ചകൾ ഇന്ദ്രവജ്രയിലെ സമസ്യാപൂരണവും സ്വതന്ത്രശ്ലോകങ്ങളും, അതിന് മുമ്പ് അനുഷ്ടുപ്പിലും, എഴുതി പരിചയപ്പെട്ടുവല്ലോ. എല്ലാവരും തന്നെ നല്ലവണ്ണം പങ്കെടുത്തു എന്നത് സന്തോഷം തരുന്നു.

ഇനി പരിചയപ്പെടുന്നത് ഉപേന്ദ്രവജ്ര എന്ന വൃത്തം ആണ്. ഇന്ദ്രവജ്ര പോലെ തന്നെ വളരെയധികം കണ്ടുപരിചയം ഉള്ള ഒരു വൃത്തം ആണ് ഇത്. ആദ്യത്തെ അക്ഷരം ലഘുവാണ് എന്നതൊഴിച്ചാൽ ഗുരു-ലഘുവിന്യാസം ഇന്ദ്രവജ്രയുടെ പോലെ തന്നെയാണ്. ഈ വൃത്തത്തിലും ഒരോ വരിയിലും 11 അക്ഷരങ്ങൾ ആണ്

വൃത്തം::  ഉപേന്ദ്രവജ്ര

വൃത്തലക്ഷണം :  ഉപേന്ദ്രവജ്രക്ക് ജതം ജഗംഗം

ഗുരുലഘുവിന്യാസം*: v-v/--v/-v-/--

താളം/ചൊൽവഴി:
ത തം ത തം തം ത ത തം ത തം തം 

സമാനതയുള്ള മറ്റു വൃത്തങ്ങൾ
1. ഇന്ദ്രവജ്ര: ഈ വൃത്തം പരിചയപ്പെട്ടുവല്ലോ
2. വംശസ്ഥം: ഓരോ വരിയിലും പതിനൊന്നാം അക്ഷരം ലഘുവും പന്ത്രണ്ടാമതൊരക്ഷരം ഗുരുവായും,  മറ്റെല്ലാം ഉപേന്ദ്രവജ്ര പോലെ തന്നെ
3. ഇന്ദ്രവംശ:   ഓരോ വരിയിലും ആദ്യത്തെ അക്ഷരം ഗുരു,  പതിനൊന്നാം അക്ഷരം ലഘുവും പന്ത്രണ്ടാമതൊരക്ഷരം ഗുരുവായും,  മറ്റെല്ലാം ഉപേന്ദ്രവജ്ര പോലെ തന്നെ
4. ആഖ്യാനകി: ഒന്നും മൂന്നും പാദം ഇന്ദ്രവജ്ര, രണ്ടും നാലും പാദം ഉപേന്ദ്രവജ്ര
5. വിപരീത ആഖ്യാനകി: ഒന്നും മൂന്നും പാദം ഉപേന്ദ്രവജ്ര, രണ്ടും നാലും പാദം ഇന്ദ്രവജ്ര

ഇന്ന് (ഓഗസ്റ്റ് 2) മുതൽ ഓഗസ്റ്റ് 8 വരെ ഇന്ദ്രവജ്രയിൽ സമസ്യാപൂരണം. അതു കഴിഞ്ഞ് ഓഗസ്റ്റ് 9 മുതൽ ഓഗസ്റ്റ് 15 വരെ

* v ലഘു, -   ഗുരു

ശ്ലോകപരിചയം: ശ്ലോകം 15

ശ്ലോകപരിചയം

ശ്ലോകം 15:
തിങ്ങിപ്പൊങ്ങിപ്പരന്നീടിന പെരിയ ഭവാം-
ഭോനിധിക്കുള്ളിലെന്നും
മുങ്ങിപ്പൊങ്ങിക്കുഴങ്ങീടിനൊരടിയനെ നീ
യത്തല്‍തീര്‍ത്താത്തമോദം
ഭംഗം കൂടാതപാംഗത്തരണിയിലണയെ-
ച്ചേര്‍ത്തുടന്‍ കാത്തിടേണം 
'ചെങ്ങല്‍'ത്തുംഗപ്രമോദാന്വിതമടിയരുളും
ശൈലകന്യേ വദാന്യേ

കവി / കൃതി:
വെണ്മണി അച്ഛന്‍ നമ്പൂതിരിയുടെ ഒറ്റശ്ലോകം

വൃത്തം: സ്രഗ്ദ്ധര
വൃത്തലക്ഷണം: ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും
അതായത് മഗണം, രഗണം, ഭഗണം, നഗണം, യഗണം, യഗണം, യഗണം

---/-v-/-(യതി)vv/vvv/v-(യതി)-/v--/v--

v ലഘു, - ഗുരു

വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

അർത്ഥം:
വദാന്യേ (ഉദാരമനസ്കയായ) 'ചെങ്ങല്‍'ത്തുംഗപ്രമോദാന്വിതമടിയരുളും (+ചെങ്ങല്‍ ക്ഷേത്രത്തില്‍ സന്തോഷത്തോടെ എഴുന്നള്ളിയിരിക്കുന്ന) ശൈലകന്യേ (ശ്രീപാര്‍വ്വതീ) , തിങ്ങിപ്പൊങ്ങിപ്പരന്നീടിന (നിറഞ്ഞുപരന്നു കിടക്കുന്ന) പെരിയ (വലിയ) ഭവാംഭോനിധിക്കുള്ളില്‍ (ലോകമാകുന്ന കടലില്‍) എന്നും മുങ്ങിപ്പൊങ്ങിക്കുഴങ്ങീടിനൊരടിയനെ (മുങ്ങിയും പൊങ്ങിയും കഴയുന്ന എന്നെ) നീയത്തല്‍ (വിഷമം) തീര്‍ത്ത് (ഇല്ലാതെ ആക്കി) ആത്തമോദം (സന്തോഷത്തോടു കൂടി) ഭംഗം കൂടാതെ (തടസ്സങ്ങള്‍ ഇല്ലാതെ) അപാംഗത്തരണിയില്‍ (കടാക്ഷമാകുന്ന വഞ്ചിയില്‍) അണയെച്ചേര്‍ത്തുടന്‍ (തന്നോട് ചേര്‍ത്ത് ഉടനെ തന്നെ) കാത്തിടേണം 

സാരാര്‍ത്ഥം:
ഉദാരമനസ്കയായ ചെങ്ങല്‍ ഭഗവതീ, അറ്റം കാണാനാവാത്ത സംസാരസമുദ്രത്തില്‍ മുങ്ങിപ്പൊങ്ങി വലയുന്ന എന്നെ എത്രയും പെട്ടെന്ന് നിന്നോട് ചേര്‍ത്ത് എന്റെ വിഷമങ്ങള്‍ മാറ്റി കാത്തുരക്ഷിക്കണം

ശബ്ദാലങ്കാരങ്ങൾ:
ദ്വിതീയാക്ഷരപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (ങ്ങി/ഗം/ങ്ങ); ഭംഗം എന്നതില്‍ അക്ഷരം ഗ ആണെങ്കിലും ഭംഗം എന്ന് പറയുമ്പോള്‍ ഏതാണ്ട് ങ്ങ എന്ന പോലെയുള്ള ശബ്ദം ആണല്ലോ; അതിനാല്‍ പൊതുവെ ദ്വിതീയാക്ഷരപ്രാസമായി കാണുന്നു
അനുപ്രാസം (വ്യഞ്ജനം ഇടയ്ക്കിടക്ക് ആവർത്തിച്ചു വരുന്നത്):  തിങ്ങിപ്പൊങ്ങി, മുങ്ങിപ്പൊങ്ങിക്കുഴങ്ങീ, ടിനൊരടിയനെ, ഭംഗം കൂടാതപാംഗ, ത്തരണിയിലണയെ, ഭവാംഭോനിധി
കലാശപ്രാസം: പല പാദങ്ങളിലും  അവസാനഭാഗത്ത് സമാനമായ ശബ്ദം വരുന്നത്  ശ്രദ്ധിക്കുക
യത്തല്‍തീര്‍ത്താത്തമോദം, ച്ചേര്‍ത്തുടന്‍ കാത്തിടേണം , ശൈലകന്യേ വദാന്യേ

+വെണ്മണി  ഇല്ലം സ്ഥിതിചെയ്യുന്ന ശ്രീമൂലനഗരത്തിനും കാഞ്ഞൂരിനും ഇടയ്ക്കുള്ള ഒരു അമ്പലമാണ് ചെങ്ങൽ ഭഗവതീ ക്ഷേത്രം . വെണ്മണിമാരുടെ പല കൃതികളിലും ഇഷ്ടദേവതാവന്ദനമായി തിര വൈരാണിക്കുളത്തപ്പന്‍റേയും  അവിടത്തെ ശ്രീപാര്‍വതിയുടേയും കൂടെ ചെങ്ങൽ ഭഗവതിയെയും സ്മരിച്ചു കാണുന്നുണ്ട്.

Saturday, August 1, 2020

ശ്ലോകപരിചയം: ശ്ലോകം 14

ശ്ലോകപരിചയം

ശ്ലോകം 14:
വിതതസംസൃതിസങ്കടവന്‍കടല്‍
പ്രതരണേ തുണ നിന്തിരുമേനി മേ
സതതമാര്‍ക്കൊരു ശക്തി വിമുക്തി തന്‍
വിതരണേ തരണേ വിജയം ഹരേ

കവി / കൃതി:
കാത്തൊള്ളില്‍ അച്യുതമേനോന്റെ കൃഷ്ണസ്തുതി എന്ന കൃതിയില്‍ നിന്ന്

വൃത്തം: ദ്രുതവിളംബിതം
വൃത്തലക്ഷണം: ദ്രുതവിളംബിതമാം നഭവും ഭരം

അതായത് നഗണം ഭഗണം ഭഗണം  രഗണം

vvv/-vv/-vv/-v-

v ലഘു, - ഗുരു

വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

അർത്ഥം:
അല്ലയോ ഹരേ, ആര്‍ക്ക്  വിമുക്തി  തന്‍  വിതരണേ (ആര്‍ക്ക് വിമുക്തിയുടെ വിതരണത്തില്‍) സതതം ഒരു ശക്തി [(സതതമായ ഒരു ശക്തി)  (ഉണ്ടോ, അങ്ങിനെയല്ലാമുള്ള)] നിന്തിരുമേനി (നിന്‍റെ തിരുവടി) വിതതസംസൃതിസങ്കടവന്‍കടല്‍ പ്രതരണേ  (വിതതം = വ്യാപിച്ച, സംസൃതി = ലോകം; പ്രതരണേ = പ്രകര്‍ഷേണ തരണം ചെയ്യുന്നതില്‍; വിതതമായ സംസൃതിയാകുന്ന വന്‍ കടല്‍ പ്രകര്‍ഷേണ തരണം ചെയ്യുന്നതില്‍)  മേ (എനിക്ക്) തുണ വിജയം തരണേ (തുണയും വിജയവും തരണേ)

സാരാര്‍ത്ഥം:
അല്ലയോ ഹരേ, എന്നും മോക്ഷം തരാന്‍ ശക്തിയുള്ള ഭഗവാന്‍ തന്നെ അനന്തമായി കാണപ്പെടുന്ന ലോകമാകുന്ന വലിയ കടല്‍ കടക്കാന്‍ ഭഗവാന്‍ തന്നെ തുണയും വിജയവും തരണേ

ശബ്ദാലങ്കാരങ്ങൾ:
ദ്വിതീയാക്ഷരസജാതീയപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (ത)
അനുപ്രാസം (വ്യഞ്ജനം ഇടയ്ക്കിടക്ക് ആവർത്തിച്ചു വരുന്നത്):  സങ്കടവന്‍കടല്‍,  പ്രതരണേ തുണ, ശക്തി വിമുക്തി
++യമകം (വാക്കുകൾ ആവർത്തിച്ച് ഉപയോഗിക്കുന്നത്):  വിതരണേ/തരണേ
(കാത്തൊള്ളില്‍ അച്യുതമേനോന്റെ കൃഷ്ണസ്തുതി എന്ന കൃതിയില്‍ എല്ലാ ശ്ലോകത്തിലും യമകം കാണാം )

++ വാക്കുകൾ ആവർത്തനം യമകം ആയി കണക്കാക്കപ്പെടണമെങ്കില്‍ അവ  "ശിവ ശിവ" എന്ന് പറയുന്നത് പോലെ ഒരേ അര്‍ത്ഥത്തില്‍ ആകരുത്
"അക്ഷരക്കൂട്ടമൊന്നായി-
ട്ടർഥം ഭേദിച്ചിടും പടി
ആവർത്തിച്ചു കഥിച്ചീടിൽ
യമകം പലമാതിരി"

Tuesday, July 28, 2020

ശ്ലോകപരിചയം: ശ്ലോകം 13

ശ്ലോകപരിചയം

ശ്ലോകം 13:
അബ്ദാർദ്ധേന ഹരിം പ്രസന്നമകരോ-
ദൌത്താനപാദിശ്ശിശുഃ
സപ്താഹേന നൃപഃ പരീക്ഷിദബലാ
യാമാർദ്ധതഃ പിംഗളാ
ഖട്വാംഗോ ഘടികാദ്വയേന നവതി-
പ്രായോപി തന്ന വ്യഥേ
തം കാരുണ്യനിധിം പ്രപദ്യ ശരണം
ശേഷായുഷാ തോഷയേ

കവി / കൃതി:
ചേലപ്പറമ്പ്  നമ്പൂതിരിയുടെ മുക്തകം
(സ്വതവേ ലൌകികജീവിതത്തില്‍ മുഴുകി നടന്നിരുന്ന ചേലപ്പറമ്പിനോട് ആരോ  "ഇനിയെങ്കിലും ഈശ്വരാരാധന ആയിക്കൂടേ" എന്ന് ചോദിച്ചതിനു മറുപടിയായി ഈ ശ്ലോകം എഴുതിച്ചൊല്ലിയതാണത്രേ)

വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം
വൃത്തലക്ഷണം: പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം
അതായത് മഗണം സഗണം ജഗണം സഗണം  തഗണം, തഗണം  പിന്നെ ഒരു ഗുരു

---/vv-/v-v/vv-/(യതി)--v/--v/-

v ലഘു, - ഗുരു

വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ


അർത്ഥം:
i) അബ്ദാർദ്ധേന (അബ്ദത്തിന്റെ പകുതികൊണ്ട് = പാതിവര്‍ഷം കൊണ്ട്) ഔത്താനപാദി ശ്ശിശുഃ (ഉത്താനാപാദന്റെ ഉണ്ണി = ധ്രുവന്‍),
ii) സപ്താഹേന (ഏഴുദിവസം കൊണ്ട്) നൃപഃ (രാജാവ്) പരീക്ഷിത് 
iii) അബലാ പിംഗള (സ്ത്രീയായ പിംഗള) യാമാർദ്ധതഃ (യാമത്തിന്റെ പകുതികൊണ്ടും)
iv) ഖട്വാംഗോ (ഖട്വാംഗന്‍)  ഘടികാദ്വയേന (രണ്ട് ഘടിക കൊണ്ടും)

(ഇവരൊക്കെ)

ഹരിം (ഹരിയെ) പ്രസന്നം അകരോത് (പ്രസന്നനാക്കി)

(അത് അറിയുന്നതുകൊണ്ട്)

നവതി (90) പ്രായ അപി (വയസ്സായി എന്നാലും) തത് (അത്; അതിനാല്‍ ) ന വ്യഥേ (വിഷമിക്കുന്നില്ല)

തം (ആ) കാരുണ്യനിധിം (കരുണാനിധിയെ) ശരണം പ്രപദ്യ (ശരണം പ്രാപിച്ച്)  ശേഷായുഷാ (ശേഷിച്ചിട്ടുള്ള ആയുസ്സുകൊണ്ട്) തോഷയേ (സന്തോഷിപ്പിക്കാം)

സാരാര്‍ത്ഥം:
ധ്രുവന്‍ അരക്കൊല്ലം കൊണ്ടും പരീക്ഷിത് ഏഴുദിവസം കൊണ്ടും പിംഗള യാമത്തിന്റെ പകുതികൊണ്ടും ഖട്വാംഗന്‍ രണ്ട് ഘടിക കൊണ്ടും ഹരിയെ പ്രസാദിപ്പിച്ചല്ലോ. 90 വയസ്സായി എന്നതുകൊണ്ട് വിഷമം ഇല്ല, ഇനിയുള്ള ആയുഷ്ക്കാലം (അത് എത്രയോ ആകട്ടെ) കൊണ്ട് ഭഗവാനെ പ്രീതിപ്പെടുത്താം 

ശബ്ദാലങ്കാരങ്ങൾ:
കലാശപ്രാസം: ശേഷാ/യുഷാ/തോഷയേ

Monday, July 27, 2020

ശ്ലോകപരിചയം: ശ്ലോകം 12

ശ്ലോകപരിചയം

ശ്ലോകം 12:
നോക്കുമ്പോള്‍ പശു പക്ഷി തൊട്ടു വളരെ-
ജ്ജന്മം കഴിഞ്ഞിട്ടിതാ
നോക്കിപ്പോള്‍ നരജന്മമായി, ഭഗവത്-
സേവയ്ക്കു നാം പാത്രമായ്
ചാക്കെന്നാണ, തുമില്ല നിശ്ചയ, മിനി-
സ്സംസാരബന്ധം വരാ-
താക്കാനോര്‍ക്കുക ചിത്സ്വരൂപമനിശം
മങ്ങാതെ മാലോകരേ


കവി / കൃതി:
നടുവത്ത് അച്ഛന്‍ നമ്പൂതിരിയുടെ ഒറ്റശ്ലോകം

വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം
വൃത്തലക്ഷണം: പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം
അതായത് മഗണം സഗണം ജഗണം സഗണം  തഗണം, തഗണം  പിന്നെ ഒരു ഗുരു

---/vv-/v-v/vv-/(യതി)--v/--v/-

v ലഘു, - ഗുരു

ഈ വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

അർത്ഥം:
മാലോകരേ (ലോകത്തിലുള്ളവരെ), നോക്കുമ്പോള്‍ (നോക്കുന്ന നേരം --ദേ കാണുന്നില്ലേ എന്ന ധ്വനിയില്‍) പശു പക്ഷി തൊട്ടു വളരെജ്ജന്മം കഴിഞ്ഞിട്ടിതാ  (പശു പക്ഷി എന്നിങ്ങിനെ പല ജന്മവും കഴിഞ്ഞിപ്പോള്‍) നോക്കിപ്പോള്‍  (നമുക്ക് ഇപ്പോള്‍)  നരജന്മമായി (മനുഷ്യനായി ജന്മം കിട്ടി), ഭഗവത്സേവയ്ക്കു നാം പാത്രമായ് (ഈശ്വരനെ സേവിക്കാന്‍ പറ്റുന്ന നിലയില്‍ ആയി), ചാക്കെന്നാണ്(ചാക്ക്/മരണം  എന്നാണ് = ചാവല്‍ എന്നാണ്) , അതുമില്ല നിശ്ചയം (അതിനെ കുറിച്ച് ഒന്നും അറിയില്ല), ഇനിസ്സംസാരബന്ധം വരാതാക്കാന്‍ (ഇനി സംസാരബന്ധം വരാതിരിക്കാന്‍)  ചിത്സ്വരൂപമനിശം (എല്ലായ്പോഴും ചിത്സ്വരൂപത്തിലുള്ള ശക്തിയെ) മങ്ങാതെ (ഒട്ടും കുറയാതെ) ഓര്‍ക്കുക 

സാരാര്‍ത്ഥം:  എത്രയോ ജന്മം കഴിഞ്ഞ് കിട്ടിയതാണ്‌ മനുഷ്യനായുള്ള ജന്മം. ഈ ജന്മം ഈശ്വരനെ സേവിക്കാന്‍ ഉചിതമാണ്. എന്നാണ്‌ മരണം എന്ന് ഒരു നിശ്ചയവുമില്ല. ഇനി സംസാരബന്ധം വന്നുപെടാതിരിക്കാന്‍ എല്ലാവരും ചിത്സ്വരൂപിയായ ശക്തിയെ നല്ലവണ്ണം  ഓര്‍ക്കുക

ശബ്ദാലങ്കാരങ്ങൾ:
ദ്വിതീയാക്ഷരപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (ക്കു, ക്കി, ക്കെ, ക്കാ )
 
അനുപ്രാസം:  താക്കാ/നോര്‍ക്കുക,  മങ്ങാതെ മാലോകരേ

Saturday, July 25, 2020

ശ്ലോകപരിചയം: ശ്ലോകം 11

ശ്ലോകപരിചയം

ശ്ലോകം 11:
ശ്രീമൂലം പാപജാലം പലതുമഹമുപാര്‍-
ജ്ജിച്ചു കെല്പുള്ളവണ്ണം
സ്ത്രീമൂലം വന്നിടാവുന്നൊരുദുരിതമിനി-
ബ്ബാക്കിയില്ലോര്‍ക്കിലൊന്നും
വാമൂലം, വാമദേവപ്രണയിനി, ചെറുതോ
പാതകം ഹാ തവാംഘ്രി-
ശ്രീമൂലം വിട്ടുപോയാലടിയനുനരകാ-
വാസമാചന്ദ്രതാരം


കവി / കൃതി:
ഒറവങ്കര നീലകണ്ഠന്‍ നമ്പൂതിരി (രാജാവ്), ദേവീവ്യപാശ്രയസ്തോത്രത്തില്‍

സല്പാത്രത്തിലൊഴിച്ചതില്ലൊരുതവിത്തോയം, ബഹ്മാവിന്റെയുമന്തകന്റെയുമഹോ, സൃഷ്ടിച്ചൂ മര്‍ത്ത്യദേഹം എന്നീ ശ്ലോകങ്ങള്‍ നമ്മുടെ സദസ്സുകളില്‍ ചൊല്ലാറുള്ളത് ഈ കൃതിയില്‍ നിന്നാണ്

വൃത്തം: സ്രഗ്ദ്ധര
വൃത്തലക്ഷണം: ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും

അതായത് മഗണം, രഗണം, ഭഗണം, നഗണം, യഗണം, യഗണം, യഗണം

---/-v-/-(യതി)vv/vvv/v-(യതി)-/v--/v--

v ലഘു, - ഗുരു

വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ


അർത്ഥം:
ശ്രീമൂലം (ധനം  ഉള്ളത് ദുര്‍വിനിയോഗം ചെയ്ത്) പാപജാലം പലതുമഹമുപാര്‍ജ്ജിച്ചു കെല്പുള്ളവണ്ണം  (പറ്റുന്ന പോലെയൊക്കെ പല പാപവും സമ്പാദിച്ചു) സ്ത്രീമൂലം വന്നിടാവുന്നൊരുദുരിതമിനി (ഇനി സ്ത്രീസംസര്‍ഗ്ഗം മൂലം വരാവുന്ന ദുരിതങ്ങളും) ബ്ബാക്കിയില്ലോര്‍ക്കിലൊന്നും (ബാക്കിയില്ലാതെ എല്ലാം തന്നെ വന്നുചേര്‍ന്നു) വാമൂലം (കെട്ട വാക്കുകള്‍ കൊണ്ട്), വാമദേവപ്രണയിനി (വാമദേവന്‍ = ശിവന്‍ , വാമദേവപ്രണയിനി = ശിവപ്രിയ = ശ്രീപാര്‍വ്വതി), ചെറുതോ പാതകം (ചെറുതല്ല ചെയ്ത ദോഷങ്ങള്‍) ഹാ (കഷ്ടം) തവാംഘ്രിശ്രീമൂലം (ഐശ്വര്യത്തിന്‍റെ ആശ്രയമായ ദേവിയുടെ പാദങ്ങള്‍ ) വിട്ടുപോയാല്‍ അടിയനു (എനിക്ക് ) നരകാവാസം (നരകത്തിലെ ആവാസം) ആചന്ദ്രതാരം (നിത്യവും)

സാരാര്‍ത്ഥം:
അല്ലയോ ശ്രീപാര്‍വതീദേവി ധനം,  തെറ്റായി ഉപയോഗിച്ച് പല തെറ്റും ചെയ്തു, സ്ത്രീസംസര്‍ഗ്ഗം കൊണ്ടുവരുന്ന ദുരിതങ്ങളും ഉണ്ടായി, വാക്കുകൊണ്ടും നിരവധി പാപങ്ങള്‍ ചെയ്തു, ദേവിയുടെ തൃപ്പാദം തുണയ്ക്കില്ലെങ്കില്‍ എന്നും നരകവാസം തന്നെയാവും എനിക്ക് അനുഭവം   

ശബ്ദാലങ്കാരങ്ങൾ:
ദ്വിതീയാക്ഷരസജാതീയപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (മൂ)
 
ത്രിതീയാക്ഷരസജാതീയപ്രാസം: എല്ലാ പാദത്തിലേയും മൂന്നാം അക്ഷരം (ലം)

അനുപ്രാസം:  ശ്രീമൂലം/പാപജാലം, വാമൂലം/വാമ, ബ്ബാക്കിയി/ല്ലോര്‍ക്കിലൊന്നും, ചെറുതോ/പാതകം

Wednesday, July 22, 2020

ശ്ലോകപരിചയം : ശ്ലോകം 10

ശ്ലോകപരിചയം

ശ്ലോകം 10:

വെക്കം മുപ്പാര്‍ സമം സാപ്പിടുവതിനു യമന്‍
നീട്ടിടും മൂന്നു നാക്കോ
ചൊല്‍ക്കൊള്ളും വിഷ്ണുപാദാരുണിമ തിരളുമാ
ഗംഗ തന്‍ മൂന്നൊഴുക്കോ
മുക്കണ്ണന്‍ ചൊല്ലില്‍ മൂന്നന്തിയുമണയുവതോ-
യെന്നുവാനോര്‍ നിനയ്ക്കു-
ന്നക്കാളീശൂലമേല്‍ക്കും മഹിഷനിണമൊഴു-
ക്കൂത്തു മൂന്നും ജയിക്ക

കവി / കൃതി: നടുവത്ത് മഹന്‍ നമ്പൂതിരിയുടെ  ഒറ്റശ്ലോകം

വൃത്തം: സ്രഗ്ദ്ധര
വൃത്തലക്ഷണം: ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും

അതായത് മഗണം, രഗണം, ഭഗണം, നഗണം, യഗണം, യഗണം, യഗണം

---/-v-/-(യതി)vv/vvv/v-(യതി)-/v--/v--

v ലഘു, - ഗുരു

വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ


അർത്ഥം:
വെക്കം (വേഗം) മുപ്പാര്‍ സമം (മൂന്ന് ലോകവും ഒരുപോലെ) സാപ്പിടുവതിനു (വിഴുങ്ങുന്നതിന്) യമന്‍ നീട്ടിടും മൂന്നു നാക്കോ (കാലന്‍ നീട്ടുന്ന നാക്കാണോ), ചൊല്‍ക്കൊള്ളും (പേരുകേട്ട) വിഷ്ണുപാദാരുണിമ (വിഷ്ണുവിന്റെ പാദത്തിന്റെ ചുവപ്പു നിറം) തിരളുമാ (പ്രകാശിക്കുന്ന) ഗംഗ തന്‍ (ഗംഗയുടെ) മൂന്നൊഴുക്കോ (മൂന്ന് കൈവഴികളോ), മുക്കണ്ണന്‍ ചൊല്ലില്‍ (പരമശിവന്റെ കല്പനപ്രകാരം) മൂന്നന്തിയുമണയുവതോ (മൂന്ന് സന്ധ്യകളും ഒരുമിച്ചുകാണപ്പെടുന്നതാണോ) എന്നു വാനോര്‍ നിനയ്ക്കുന്ന (ഇങ്ങിനെ സ്വര്‍ ഗ്ഗവാസികള്‍ സംശയിക്കുന്ന)  ക്കാളീശൂലമേല്‍ക്കും (കാളിയുടെ ശൂലമേറ്റിട്ടുവരുന്ന) മഹിഷനിണമൊഴുക്കൂത്തു (മഹിഷാസുരന്റെ ദേഹത്തില്‍ നിന്നും വരുന്ന രക്തപ്രവാഹം) ജയിക്ക

സാരാര്‍ത്ഥം:
ഭഗവതിയുടെ ശൂലം കൊണ്ട് മഹിഷാസുരന്റെ ദേഹത്തിലേറ്റ മൂന്ന് മുറിവുകളില്‍ നിന്നും ഒലിച്ച  ചോരയുടെ ഒഴുക്ക് കണ്ടിട്ട് യമന്‍ മൂന്ന് ലോകവും വിഴുങ്ങാന്‍ നീട്ടുന്ന നാക്കാണോ, വിഷ്ണുപാദത്തില്‍ നിന്നും ഒഴുകിവരുന്ന ഗംഗയുടെ (ത്രിപഥഗാ അല്ലെങ്കിൽ ത്രിസ്രോതസ്സ് ) മൂന്ന് കൈവഴികള്‍ ആണോ, പരമശിവന്റെ കല്പനപ്രകാരം മൂന്ന് സന്ധ്യകളും ഒരുമിക്കുന്നതാണോ എന്ന് ദേവന്മാര്‍ക്ക് ശങ്കയുളവാകുമത്രേ. ആ ഒഴുക്ക് ജയിക്ക എന്ന് ഭഗവതിസ്തുതി 

ശബ്ദാലങ്കാരങ്ങൾ:
അഷ്ടാക്ഷരപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരവും (ക്കം, ല്‍ക്കൊ, ക്ക, ക്കാ) അവസാനത്തെ (ക്കോ, ക്കോ, യ്ക്കു,,ക്ക) അക്ഷരവും ശ്രദ്ധിക്കുക

Monday, July 20, 2020

ശ്ലോകപരിചയം: ശ്ലോകം 9

ശ്ലോകപരിചയം

ശ്ലോകം 9:

സാപ്പാടിന്നായ് ക്ഷണിച്ചീടിന ധനദനൊരു-
ക്കിച്ചുവച്ചുള്ള സദ്യ-
ക്കോപ്പാകെത്തീര്‍ത്തൊരാനത്തലയനു ജഠര-
ത്തീപ്പിശാചൊന്നടങ്ങാന്‍
തപ്പാതെന്തോ ജപിച്ചൂതിയ മലര്‍മണിയാ-
മമ്പുതാങ്ങിക്കൊടുത്താ-
മുപ്പാരിന്‍ മൂപ്പരാകും മലര്‍വിശിഖരിപു-
സ്വാമി സൌഖ്യം തരട്ടെ

കവി / കൃതി: ഒടുവില്‍ കുഞ്ഞുകൃഷ്ണമേനോന്റെ  ഒറ്റശ്ലോകം

വൃത്തം: സ്രഗ്ദ്ധര
വൃത്തലക്ഷണം: ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും

അതായത് മഗണം, രഗണം, ഭഗണം, നഗണം, യഗണം, യഗണം, യഗണം

---/-v-/-(യതി)vv/vvv/v-(യതി)-/v--/v--

v ലഘു, - ഗുരു

വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

അർത്ഥം:
സാപ്പാടിന്നായ് (ഭക്ഷണത്തിനായ്) ക്ഷണിച്ചീടിന (ക്ഷണിച്ച) ധനദനൊരുക്കിച്ചുവച്ചുള്ള (കുബേരന്‍ ഒരുക്കിവച്ച) സദ്യക്കോപ്പാകെ (സദ്യയിലെ വിഭവങ്ങള്‍ മാത്രമല്ല, അതിനുവേണ്ടതായ കലവറയടക്കമുള്ള എല്ലാ സാധനങ്ങളും ) ത്തീര്‍ത്തൊരാനത്തലയനു (കഴിച്ചു തീര്‍ത്ത ഗണപതിക്ക്) ജഠരത്തീപ്പിശാചൊന്നടങ്ങാന്‍ ( ജഠരത്തിലെ തീ ആകുന്ന പിശാച് അടങ്ങാന്‍) തപ്പാതെന്തോ (ഒട്ടും ശങ്കിക്കാതെ) ജപിച്ചൂതിയ (ജപിച്ചുകൊടുത്ത) മലര്‍മണിയാമമ്പു (പൂവാകുന്ന അന്‍പ്) താങ്ങിക്കൊടുത്താ ( അത്ര വലിയ പിശാചിനെ അടക്കാന്‍ വെറും  മലർ (puffed rice) അദ്ദേഹം കൈയില്‍ പിടിച്ച് ഒരൂത്തൂതിയാല്‍ മതി എന്ന താത്പര്യം. ) മുപ്പാരിന്‍ മൂപ്പരാകും (മൂന്ന് ലോകത്തിനും നാഥനായ) മലര്‍വിശിഖരിപുസ്വാമി (കാമദേവന്‌ ശത്രുവായ ഭഗവാന്‍) സൌഖ്യം തരട്ടെ

സാരാര്‍ത്ഥം:
കുബേരന്‍ സദ്യ ഒരുക്കിയതെല്ലാം കഴിച്ചും തീരാത്ത വിശപ്പാകുന്ന പിശാചിനെ,  ജപിച്ച  മലർ (puffed rice)  സ്നേഹത്തോടെ കൊടുത്ത് അടക്കിയ ത്രൈലോക്യനാഥനായ പരമശിവന്‍ സുഖം (എല്ലാവര്‍ക്കും) തരട്ടെ 

ശബ്ദാലങ്കാരങ്ങൾ:
സജാതീയദ്വതീയാക്ഷരപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (പ്പാ) ശ്രദ്ധിക്കുക

അനുപ്രാസം : വ്യഞ്ജനം ഇടയ്ക്കിടക്ക് ആവർത്തിച്ചു വരുന്നത്
1) ...ടിന ധനദനൊരു, 2) ത്തീര്‍ത്തൊരാനത്തലയനു, 3) മലര്‍മണിയാമമ്പു, 4) മുപ്പാരിന്‍ മൂപ്പരാകും

Sunday, July 19, 2020

ഇന്ദ്രവജ്ര: ഉദാഹരണങ്ങൾ

ഇന്ദ്രവജ്ര: ഉദാഹരണങ്ങൾ

1. ഉമാവിവാഹം

നന്നായ്ത്തണുപ്പാശു തപിച്ചവർക്കു
തന്നീടുമിച്ഛായ ചടച്ചു പാരം
ചിന്നുന്ന വൈൽ കൊണ്ടു തപസ്സു കൊണ്ടാ
കുന്നിൻ കിടാവെന്നതു പോലെ കഷ്ടം

2. ഗംഗാവതരണം

കോട്ടം വിനാ കേരള മര്‍ത്യലോകം
കൂട്ടം പെടുന്നിസ്സഭതന്നിൽ വെച്ചു
ആട്ടത്തിനേതാണുചിതം രസത്തെ-
പ്പാട്ടിൽപെടുത്തും നവനാടകം മേ

3. തുപ്പല്‍ക്കോളാമ്പി

എന്തെന്നു ചിന്തിക്കുവതിന്നുമുമ്പാ-
യന്തം പെടാതാശു വടക്കു പങ്കിൽ
ബന്ധിച്ചിടും കൂറൊടു സൈന്യസിന്ധു
സന്ധിച്ചുകൂടുന്നതു കണ്ടുലോകം.

4. സ്യമന്തകം നാടകം

അക്കാലമക്രൂരനൊടൊത്തുകൂടി-
സ്സല്‍ക്കാരപൂര്‍വം കൃതവര്‍മ്മമന്നന്‍
വിക്രാന്തി കൂടും ശതമന്വനെത്തന്‍-
വക്രോക്തികൊണ്ടേറ്റമിളക്കി വിട്ടൂ

വൃത്തപരിചയം - 2

വൃത്തപരിചയം - 2

കഴിഞ്ഞ രണ്ടാഴ്ചകൾ അനുഷ്ടുപ്പ് സമസ്യാപൂരണവും സ്വതന്ത്രശ്ലോകങ്ങളും എഴുതി പരിചയപ്പെട്ടുവല്ലോ. എല്ലാവരും തന്നെ നല്ലവണ്ണം പങ്കെടുത്തു എന്നത് സന്തോഷം തരുന്നു.

ഇനി പരിചയപ്പെടുന്നത് ഇന്ദ്രവജ്ര എന്ന വൃത്തം ആണ്. നാരായണീയത്തിലും മറ്റുമായി നമുക്ക് വളരെയധികം കണ്ടുപരിചയം ഉള്ള ഒരു വൃത്തം ആണ് ഇത്. ഈ വൃത്തത്തിൽ ഒരോ വരിയിലും 11 അക്ഷരങ്ങൾ ആണ്

വൃത്തം::  ഇന്ദ്രവജ്ര

വൃത്തലക്ഷണം :  കേളിന്ദ്രവജ്രയ്ക്കു തതം ജഗംഗം

ഗുരുലഘുവിന്യാസം*: --vv/--v/-v-/--

താളം/ചൊൽവഴി:
തം തം ത തം തം ത ത തം ത തം തം

സമാനതയുള്ള മറ്റു വൃത്തങ്ങൾ
1. ഉപേന്ദ്രവജ്ര: ഓരോ വരിയിലും ആദ്യത്തെ അക്ഷരം ലഘു, മറ്റെല്ലാം ഇന്ദ്രവജ്ര
2. ഇന്ദ്രവംശ: ഓരോ വരിയിലും പതിനൊന്നാം അക്ഷരം ലഘുവും പന്ത്രണ്ടാമതൊരക്ഷരം ഗുരുവായും,  മറ്റെല്ലാം ഇന്ദ്രവജ്ര
3. വംശസ്ഥം:   ഓരോ വരിയിലും ആദ്യത്തെ അക്ഷരം ലഘു,  പതിനൊന്നാം അക്ഷരം ലഘുവും പന്ത്രണ്ടാമതൊരക്ഷരം ഗുരുവായും,  മറ്റെല്ലാം ഇന്ദ്രവജ്ര
4. ആഖ്യാനകി: ഒന്നും മൂന്നും പാദം ഇന്ദ്രവജ്ര, രണ്ടും നാലും പാദം ഉപേന്ദ്രവജ്ര
5. വിപരീത ആഖ്യാനകി: ഒന്നും മൂന്നും പാദം ഉപേന്ദ്രവജ്ര, രണ്ടും നാലും പാദം ഇന്ദ്രവജ്ര

ഇന്ന് (ജൂലൈ 19) മുതൽ ജൂലൈ 25 വരെ ഇന്ദ്രവജ്രയിൽ സമസ്യാപൂരണം. അതു കഴിഞ്ഞ് ജൂലൈ 26 മുതൽ ഓഗസ്റ്റ് 1 വരെ

* v ലഘു, -   ഗുരു

സമസ്യാപൂരണം - 2

പുതിയ സമസ്യ: "പാരില്‍ പലേ കാഴ്ചകളുണ്ടുകാണാന്‍"

വൃത്തം::  ഇന്ദ്രവജ്ര

വൃത്തലക്ഷണം :  കേളിന്ദ്രവജ്രയ്ക്കു തതം ജഗംഗം

ഗുരുലഘുവിന്യാസം*: --vv/--v/-v-/--

താളം/ചൊൽവഴി:
തം തം ത തം തം ത ത തം ത തം തം

Thursday, July 16, 2020

ശ്ലോകപരിചയം: ശ്ലോകം 8

*ശ്ലോകപരിചയം*

ശ്ലോകം 8:

എല്ലാരും സമ്മതിക്കുമ്പടി നടവടി പാ-
ടില്ല ദോഷജ്ഞര്‍ ചൂടും
കല്ലായാലെന്നുകണ്ണില്‍ക്കനല്‍ കൊടിയ വിഷ-
ക്കാപ്പി തോല്‍മുണ്ടിവണ്ണം
വല്ലാതുള്ളോരുമട്ടായ് ചുടുമൊരു ചുടല-
ക്കാടുവീടായ് വിളങ്ങും
നല്ലാണും പെണ്ണുമല്ലാതൊരുനിലകലരും
തമ്പുരാനെത്തൊഴുന്നേന്‍

കവി / കൃതി: കുണ്ടൂര്‍ നാരായണമേനോന്റെ ഒറ്റശ്ലോകം

വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം
വൃത്തലക്ഷണം: പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം
അതായത് മഗണം സഗണം ജഗണം സഗണം  തഗണം, തഗണം  പിന്നെ ഒരു ഗുരു

ഈ വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

അർത്ഥം:
എല്ലാരും സമ്മതിക്കും (എല്ലാവരും ചെയ്യുന്നത് പോലെ; വേണ്ടത് പോലെ എന്ന് പറയുന്നത് പോലെ) നടവടി (പെരുമാറ്റം) പാടില്ല, ദോഷജ്ഞര്‍ ചൂടും കല്ലായാല്‍ (ദോഷമറിയുന്നവര്‍ പോലും  ശ്രേഷ്ഠമായി കരുതുന്നവനായാല്‍) എന്ന് കണ്ണില്‍ കനല്‍ (കണ്ണില്‍ തീയും) കൊടിയവിഷക്കാപ്പി (വിഷം കഴിക്കുക), തോല്‍മുണ്ട് (ഉടുക്കാന്‍ തോല്‍) ഇവണ്ണം (ഇതുപോലെ) വല്ലാതുള്ളോരുമട്ടായ് ചുടുമൊരു (വല്ലാത്ത ചൂടുള്ള) ചുടലക്കാടു വീടായ് വിളങ്ങും (ചുടലക്കാടില്‍ താമസിക്കുന്ന) നല്ലാണും പെണ്ണുമല്ലാതൊരുനിലകലരും (ആണും പെണ്ണും അല്ലാതെയുള്ള)
തമ്പുരാനെത്തൊഴുന്നേന്‍

സാരാര്‍ത്ഥം:
പൊതുവേ എല്ലാവരും ചെയ്യണത് പോലെ നടന്നുകൂടാ ശ്രേഷ്ഠനായാല്‍ എന്ന് കരുതി കണ്ണില്‍ തീയോടെയും, വിഷം (കാളകൂടം) കുടിച്ചും, തോലുടുത്തും, ചുടലയില്‍ താമസിച്ചും കഴിയുന്ന അര്‍ദ്ധനാരീശ്വരനായ ദേവനെ തൊഴുന്നൂ

ശബ്ദാലങ്കാരങ്ങൾ:
സജാതീയദ്വതീയാക്ഷരപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (ല്ലാ) ശ്രദ്ധിക്കുക

അനുപ്രാസം : വ്യഞ്ജനം ഇടയ്ക്കിടക്ക് ആവർത്തിച്ചു വരുന്നത്.

"അനുപ്രാസം വ്യഞ്ജനത്തെ-
യാവർത്തിക്കിലിടയ്ക്കിടെ"

മ്മതിക്കു/മ്പടി/നട/വടി, ചുടുമൊരു ചുടല എന്നിവ ശ്രദ്ധിക്കുക

അര്‍ത്ഥാലങ്കാരം: നിന്ദാസ്തുതി നിന്ദ പോലെ തോന്നിക്കുന്ന സ്തുതി

Tuesday, July 14, 2020

ശ്ലോകപരിചയം: ശ്ലോകം 7

ശ്ലോകപരിചയം

ശ്ലോകം 7:

ദുഷ്‌ക്കാലം പെരുകിദ്ദരിദ്രത വളര്‍-
ന്നെത്തുന്ന സത്തുക്കളെ
തല്‍ക്കാലേ പരിരക്ഷ ചെയ്തു വിലസും
ശ്രീഭൈമിഭൂമീപതേ!
ത്വല്‍ക്കാരുണ്യകടാക്ഷഭൃംഗപടലി-
ക്കുദ്യാനമായേഷഞാ-
നിക്കാലത്തുഭവിക്കിലെന്റെഭവന-
പ്പേരെത്രയും സാര്‍ത്ഥമാം

കവി / കൃതി: പൂന്തോട്ടത്ത് അച്ഛന്‍ (ദാമോദരന്‍)  നമ്പൂരിയുടെ ഒറ്റശ്ലോകം

വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം
വൃത്തലക്ഷണം: പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം
അതായത് മഗണം സഗണം ജഗണം സഗണം  തഗണം, തഗണം  പിന്നെ ഒരു ഗുരു

വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

അർത്ഥം:
ദുഷ്‌ക്കാലം (കഷ്ടകാലം) പെരുകി (വളരെ അധികമായി) ദ്ദരിദ്ര്യത വളര്‍ന്നെത്തുന്ന (ദാരിദ്ര്യം കൂടുതലുള്ളത് കാരണം വശം കെട്ട് വരുന്ന) സത്തുക്കളെ (സജ്ജനങ്ങളെ) തല്‍ക്കാലേ (അപ്പപ്പോള്‍) പരിരക്ഷ ചെയ്തു വിലസും (രക്ഷിച്ചുപോരുന്ന)
ശ്രീഭൈമിഭൂമീപതേ+! ത്വല്‍ക്കാരുണ്യകടാക്ഷഭൃംഗപടലിക്ക് (താങ്കളുടെ കടാക്ഷമാകുന്ന വണ്ടിന്റെ കൂട്ടത്തിന്)  ഉദ്യാനമായ് ഏഷ ഞാന്‍ (ഈ ഞാന്‍ പൂന്തോട്ടമായി) ഇക്കാലത്തു ഭവിക്കില്‍ (ഇപ്പോള്‍ അങ്ങിനെ ആവുന്നു എങ്കില്‍) എന്റെ ഭവനപ്പേര് (പൂന്തോട്ടം എന്ന എന്റെ ഇല്ലപ്പേര്) എത്രയും സാര്‍ത്ഥമാം (എത്രയോ അര്‍ത്ഥവത്തായി തീരും)

സാരാര്‍ത്ഥം:
ദാരിദ്ര്യവും കഷ്ടപ്പാടുകളുമായി വരുന്ന സജ്ജനങ്ങളെ അപ്പപ്പോള്‍ കാത്തുരക്ഷിക്കുന്ന  ശ്രീഭൈമിഭൂമീപതേ+, താങ്കളുടെ കടാക്ഷമാകുന്ന വണ്ടുകള്‍ പാറിനടക്കുന്ന പൂന്തോട്ടമായി ഞാന്‍ എങ്കില്‍ (എന്നും എന്നില്‍ ഉണ്ടാവുകയാണെങ്കില്‍) പൂന്തോട്ടം എന്ന എന്റെ  ഇല്ലപ്പേരും അര്‍ത്ഥവത്തായി തീരും 

ശബ്ദാലങ്കാരങ്ങൾ:
സജാതീയദ്വതീയാക്ഷരപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (ക്കാ) ശ്രദ്ധിക്കുക

കലാശപ്രാസം: പല പാദങ്ങളിലും  അവസാനഭാഗത്ത് സമാനമായ ശബ്ദം വരുന്നത്  ശ്രദ്ധിക്കുക.
ന്നെത്തുന്ന/സത്തുക്കളെ, ശ്രീഭൈമി/ഭൂമീപതെ, പ്പേരെത്രയും/സാര്‍ത്ഥമാം

+ കടത്തനാട് രാജാവിന് (കടത്തനാട് ശങ്കരവര്‍മ്മ എന്ന് തോന്നുന്നു) സമര്‍പ്പിച്ച ശ്ലോകമാണ് എന്ന് തോന്നുന്നു.    ഭൈമിഭൂമി കടത്തനാട് ആയാണ് പഴയ സാഹിത്യ കൃതികളിൽ പലതിലും കടത്തനാട് രാജവംശം ഈ പേരിലാണ് അറിയപ്പെടുന്നതത്രേ. കടത്തനാട് രാജ്യത്തിന്റെ ആസ്ഥാനം വടകരയായിരുന്നു.  പൂതച്ചെട എന്ന പര്യായമുണ്ടത്രേ, ഭൈമി എന്ന പദത്തിന്.

വൃത്തലക്ഷണങ്ങള്‍ 

    1. കേളിന്ദ്രവജ്രയ്ക്കു തതം ജഗംഗം
    2. ഉപേന്ദ്രവജ്രക്ക് ജതം ജഗംഗം
    3. രം നരം ല ഗുരുവും രഥോദ്ധത
    4. സ്വാഗതക്ക് രനഭം ഗുരുരണ്ടും
    5. നരരലം ഗവും സമ്മതാഭിധം
    6. ചേർന്നാൽ തയ സംഭം ഗഗവൃത്തം മദനാർത്താ
    7. നാലു രേഫങ്ങളാല്‍ സ്രഗ്വിണീ വൃത്തമാം
    8. മൌക്തികമാലാ ഭതനഗഗങ്ങള്‍
    9. നയ നയ വന്നാല്‍ കുസുമവിചിത്ര
    10. നാലേഴായ് മം ശാലിനീ തംതഗംഗം
    11. കേളിന്ദ്രവംശാതതജങ്ങൾ രേഫവും
    12. ജതങ്ങൾ വംശസ്ഥമതാം ജരങ്ങളും
    13. ദ്രുതവിളംബിതമാം നഭവും ഭരം
    14. സഗണം കില നാലിഹ തോടകമാം
    15. യകാരങ്ങൾ നാലോ ഭുജംഗപ്രയാതം
    16. ന ജ ജ ര കേള്‍ യതിയഞ്ചില്‍ മാനിനി
    17. ഇന്ദുവന്ദനയ്ക്ക് ഭ ജ സം ന ഗുരു രണ്ടും
    18. വിഷമേ സസജം ഗവും സമേ,സഭരം ലം ഗുരുവും വിയോഗിനീ
    19. വിഷമേ സ സ ജം ഗ ഗം സമത്തിൽ
      സ ഭ രേഫം യ വസന്തമാലികയ്ക്ക്
    20. മന്ദാക്രാന്താ മഭനതതഗം നാലുമാറേഴുമായ്ഗം
    21. ചൊല്ലാം വസന്തതിലകം തഭജം ജഗംഗം
    22. സനജം നഭ സഗണങ്ങളൊടിഹ ശങ്കരചരിതം
    23. നനമയയുഗമെട്ടിൽ തട്ടണം മാലിനിയ്ക്ക്
    24. സജസം കഴിഞ്ഞു ജഗമഞ്ജുഭാഷിണി
    25. ജരം ജരം ജഗം നിരന്നു പഞ്ചചാമരം വരും
    26. ഇഹ വൃത്തം സഭസഭമോടേ സഭ ഗഗ ചേര്‍ന്നാല്‍ വനമാലം
    27. യതിക്കാറിൽത്തട്ടും യമനസഭലം ഗം ശിഖരിണീ
    28. രം സജം ജഭ രേഫമിഗ്ഗണയോഗമത്ര ഹി മല്ലിക
    29. പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം
    30. ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും
    31. രം നരം നരനരം നിരന്നു വരുമെങ്കിലോ കുസുമമഞ്ജരി
    32. മത്തേഭസംജ്ഞമിഹ വൃത്തം ധരിക്ക തഭയത്തോടു ജം സരനഗം
    33. ചതുര്യതിർഹ്യതിരുചിരാ ജഭസ്ജഗം


    Sunday, July 12, 2020

    ശ്ലോകപരിചയം : ശ്ലോകം 6

    ശ്ലോകപരിചയം

    ശ്ലോകം 6:

    ചുറ്റും മുണ്ടില്ല, ചീറ്റും ചില ഫണികളണി-
    ക്കോപ്പു, ഭൂതങ്ങളാണേ
    ചുറ്റും, ചെന്തീയു ചിന്തും മിഴി, ചിത നടുവില്‍
    കേളി, ഗംഗയ്ക്കു ചിറ്റം,
    ചുറ്റും നീയെന്നു താന്‍ ചൊന്നൊരു വടുവടിവായ്
    ചൊന്ന വാക്കോടു ചിത്തം
    ചെറ്റും ചേരാത്ത ഗൌരീനില കരളലിയെ-
    ക്കണ്ട കണ്ണേ ജയിക്ക!

    കവി / കൃതി: പെട്ടരഴിയം വലിയ രാമനിളയത്‌

    വൃത്തം: സ്രഗ്ദ്ധര
    വൃത്തലക്ഷണം: ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും
    അതായത് മഗണം രഗണം ഭഗണം നഗണം  യഗണം, യഗണം, യഗണം; ഏഴാമത്തെയും പതിനാലാമത്തെയും അക്ഷരം കഴിഞ്ഞാല്‍ യതിയും

    ഈ വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

    അർത്ഥം:
    ചുറ്റുന്നതിന് മുണ്ടില്ല
    ചീറ്റുന്ന പാമ്പുകളാണ്‌ ആഭരണങ്ങളായിട്ട് അണിയാന്‍
    ചുറ്റുമുള്ളത് ഭൂതങ്ങളാണ്
    കണ്ണില്‍ തീ
    ചിതയുടെ നടുക്ക് കേളി (നൃത്തം)
    ഗംഗയ്ക്കു ചിറ്റം (സ്നേഹം)

    നീ ചുറ്റും (ഇങ്ങിനെയൊക്കെ ആയതിനാല്‍ നിനക്ക് കഷ്ടപ്പാടാവും, ശിവനെ കല്യാണം കഴിച്ചാല്‍) എന്നു താന്‍ ചൊന്നൊരു വടുവിന്‍റെ വടിവില്‍  ചൊന്ന (വടുവിന്റെ രൂപത്തില്‍ വന്ന് വ്യക്തമായി പറഞ്ഞ) വാക്കോടു (കാര്യത്തിനോട്) ചിത്തം ചെറ്റും ചേരാത്ത (മനസ്സ് അല്പം പോലും ചേരാതെ നിന്ന) ഗൌരീനില (ഗൌരിയുടെ നില) കരളലിയെക്കണ്ട (കരള്‌ അലിയും വിധം കണ്ട) കണ്ണേ (അത് ഭഗവാന്റെ തന്നെ കണ്ണാണല്ലോ) ജയിക്ക!

    സാരാര്‍ത്ഥം: ദിഗംബരനും പന്നഗഭൂഷണനും ആണ്‌ ശിവന്‍, കൂടെയുള്ളത് ഭൂതങ്ങള്‍, കണ്ണില്‍ തീയാണ്, ചുടലയില്‍ നൃത്തം ചെയ്യുന്നവനാണ്‌, പോരെങ്കില്‍ ഗംഗയുമായി അടുപ്പവും ഉണ്ട്. ഇങ്ങിനെയുള്ള ആള്‍ ഭര്‍ ത്താവായാല്‍ ചുറ്റി പോകും എന്ന് ശിവന്‍ ഭിക്ഷുവായി വേഷം മാറി വന്നു പറഞ്ഞപ്പോള്‍ അത് തീരെ കൂട്ടാക്കാതെ നിന്ന ഗൌരിയുടെ നില കരളലയിന്ന മട്ടു കണ്ട ( ഭഗവാന്റെ) കണ്ണ്‌ ജയിക്കട്ടെ     

    ശബ്ദാലങ്കാരങ്ങൾ:
    സജാതീയദ്വതീയാക്ഷരപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (റ്റും) ശ്രദ്ധിക്കുക

    യമകം:  വാക്കുകൾ ആവർത്തിച്ച് ഉപയോഗിക്കുന്നത്
    ചുറ്റും എന്ന വാക്ക് മൂന്ന് തവണ മൂന്ന് അര്‍ത്ഥത്തില്‍ പ്രയോഗിച്ചിരിക്കുന്നു

    അര്‍ത്ഥാലങ്കാരം: നിന്ദാസ്തുതി നിന്ദ പോലെ തോന്നിക്കുന്ന സ്തുതി

    "അക്ഷരക്കൂട്ടമൊന്നായി-
    ട്ടർഥം ഭേദിച്ചിടും പടി
    ആവർത്തിച്ചു കഥിച്ചീടിൽ
    യമകം പലമാതിരി"

    Friday, July 10, 2020

    ശ്ലോകപരിചയം: ശ്ലോകം 5

    ശ്ലോകപരിചയം

    ശ്ലോകം 5:

    പാട്ടില്‍ പാണ്ഡിത്യമുണ്ടാക്കണമധികധനം
    നേടണം നാടിണക്കി-
    പ്പാട്ടില്‍ പാര്‍ക്കേണമെന്നീവക ദുരകളെടു-
    ത്തിട്ടകത്തിട്ടിടും ഞാന്‍
    കാട്ടും പാപങ്ങള്‍ പോക്കിക്കുളിര്‍കരുണ കലര്‍-
    ന്നെന്നെ നീയൊന്നു പെയ്യെ-
    ന്നോട്ടക്കണ്ണിട്ടു നോക്കിത്തരു തിരുപഴനി-
    ത്തേവരമ്മേ വരം മേ

    കവി/കൃതി:
    ശിവൊള്ളി നാരായണന്‍ നമ്പൂതിരിയുടെ ഒറ്റശ്ലോകം/മുക്തകം

    വൃത്തം: സ്രഗ്ദ്ധര
    വൃത്തലക്ഷണം: ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും
    അതായത് മഗണം രഗണം ഭഗണം നഗണം  യഗണം, യഗണം, യഗണം; ഏഴാമത്തെയും പതിനാലാമത്തെയും അക്ഷരം കഴിഞ്ഞാല്‍ യതിയും

    ഈ വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

    അർത്ഥം:
    പാട്ടില്‍ പാണ്ഡിത്യമുണ്ടാക്കണം,അധികധനം നേടണം, നാടിണക്കിപ്പാട്ടില്‍ പാര്‍ക്കേണം (നാട്ടില്‍ എല്ലാവരേയും  ഇണക്കി പാർക്കേണം = അധീനത്തിൽ ആക്കി എന്നോട് ഇണക്കി  ജനനായകനാവണം എന്നു സാരം) എന്നീ വക ദുരകള്‍ ഞാന്‍ എടുത്ത്  അകത്തിട്ടിടും  (അങ്ങിനെയൊക്കെ മനസ്സിൽ വച്ചുകൊണ്ടിരിക്കുന്നവനാണ്‌ ഞാന്‍ ...അങ്ങിനെയൊക്കെ എനിക്ക് മോഹമുണ്ട്) - എങ്കിലും കാട്ടും (ചെയ്യുന്ന) പാപങ്ങള്‍ പോക്കി (മാറ്റി) കുളിര്‍ കരുണ കലര്‍ന്നെന്നെ ( (സുഖ)ശിതളിമയാർന്ന കരുണ
    യോടെ) നീയൊന്നു പെയ്യെന്നോട്ടക്കണ്ണിട്ടു (പയ്യെന്ന് ഓട്ടക്കണ്ണിട്ട് - പതുക്കെ, ചെറുതായി... ആ ഒരു നോട്ടം മതി പാപം പോക്കാൻ എന്ന് ധ്വനി)  നോക്കിത്തരു തിരുപഴനിത്തേവരമ്മേ (ശ്രീപാര്‍വ്വതീദേവീ) വരം മേ (അതിനുള്ള) വരം തരൂ

    സാരം:  പാണ്ഡിത്യമുണ്ടാക്കണം,അധികധനം നേടണം, ജനനായകനാവണം അങ്ങിനെയൊക്കെ ഉള്ളില്‍ മോഹിക്കുന്നവനാണ്‌ ഞാന്‍ എങ്കിലും ഓട്ടക്കണ്ണിട്ട് നോക്കി ചെയ്യുന്നത് തെറ്റുകള്‍ മാറ്റൂ; അതിനുള്ള വരം തരൂ

    ശബ്ദാലങ്കാരങ്ങൾ:
    ദ്വതീയാക്ഷരപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (ട്ടി/ട്ടി/ട്ടും/ട്ട) ശ്രദ്ധിക്കുക

    കലാശപ്രാസം: പല പാദങ്ങളിലും  അവസാനഭാഗത്ത് സമാനമായ ശബ്ദം വരുന്നത്  ശ്രദ്ധിക്കുക.
    നേടണം/നാടിണക്കി,   ത്തിട്ടക/ത്തിട്ടിടും, ന്നെന്നെ/നീയൊന്നു, ത്തേവരമ്മേ/വരം മേ

    യമകം:  വാക്കുകൾ ആവർത്തിച്ച് ഉപയോഗിക്കുന്നത്
    പാട്ടില്‍: ഒന്നും രണ്ടും പാദങ്ങളില്‍
    വരമ്മേ/വരം മേ:  അവസാനപാദത്തില്‍

    "അക്ഷരക്കൂട്ടമൊന്നായി-
    ട്ടർഥം ഭേദിച്ചിടും പടി
    ആവർത്തിച്ചു കഥിച്ചീടിൽ
    യമകം പലമാതിരി"

    Wednesday, July 8, 2020

    ശ്ലോകപരിചയം: ശ്ലോകം 4

    ശ്ലോകപരിചയം

    ശ്ലോകം 4: വിദ്വാന്‍ ഇളയതമ്പുരാനെ കുറിച്ചുള്ള  ശ്ലോകം

    മുറ്റും ചൈതന്യപുഞ്ജായിതനയനസരോ-
    ജത്തിനോടൊത്തിണങ്ങി-
    ച്ചുറ്റും പറ്റും കരിംകൂവളദളനിഭമാ-
    മങ്കമത്യുന്നതാംഗം
    കറ്റക്കാറൊത്തവര്‍ണ്ണം കനവടിവിയലും
    ചില്ലി വിസ്തീര്‍ണ്ണവക്ഷ-
    സ്സ, റ്റം മുട്ടോളമെത്തും ഭുജ, മരിയമഹാം-
    ഭോധി ഗംഭീരഭാവം

    കവി / കൃതി:
    ആരുടെ എന്ന് അറിയില്ല, കാത്തുള്ളില്‍ കാളകണ്ഠമേനോന്‍ ഭാഷാപോഷിണിയില്‍  വിദ്വാന്‍ ഇളയതമ്പുരാനെ കുറിച്ച് എഴുതിയിട്ടുള്ള ലേഖനത്തില്‍ കണ്ടതാണ്

    വൃത്തം: സ്രഗ്ദ്ധര
    വൃത്തലക്ഷണം: ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും
    അതായത് മഗണം രഗണം ഭഗണം നഗണം  യഗണം, യഗണം, യഗണം; ഏഴാമത്തെയും പതിനാലാമത്തെയും അക്ഷരം കഴിഞ്ഞാല്‍ യതിയും

    ഈ വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

    അർത്ഥം:
    1. മുറ്റും (നിറച്ചുള്ള) ചൈതന്യപുഞ്ജായിതനയനസരോജത്തിനോടൊത്തിണങ്ങി (ചൈതന്യം കൂട്ടം കൂടിയതായിട്ടുള്ള, നയനങ്ങളാകുന്ന താമരകളോടു ചേരുന്ന മട്ടില്‍ )
    2. ച്ചുറ്റും പറ്റും കരിംകൂവളദളനിഭമാമങ്കമത്യുന്നതാംഗം (കരിംകൂവളപ്പൂക്കളുടെ ഇതളിനു സമാനമായ അങ്കങ്ങള്‍ - അടയാളങ്ങള്‍ - പീലികള്‍ എന്നാവണം
    3. ഉന്നതാംഗം - ഉയര്‍ന്നു നില്‍ക്കുന്ന ശരീരം - പൊക്കം കൂടിയ പ്രകൃതം
    4. കറ്റക്കാറൊത്തവര്‍ണ്ണം (കറ്റക്കാറിനു/കാര്‍മേഘത്തിന് -  തുല്യമായ വര്‍ണ്ണം/ശരീരനിറം)
    5. കന-വടിവ്-ഇയലുന്ന ചില്ലി - വിസ്താരത്തിന്‍റെ ഭംഗി ചേരുന്ന - വിസ്തൃതമായ, ഭംഗിയുള്ള പുരികങ്ങള്‍
    6. വിസ്തീര്‍ണ്ണവക്ഷസ്സ് - വിരിഞ്ഞമാര്‍വിടം
    7. അറ്റം മുട്ടോളമെത്തും ഭുജം - ആജാനുബാഹു (ജാനു വരെ നീളുന്ന കൈകള്‍ - "മുട്ടോളമെത്തിന ഭുജാമുസലങ്ങള്‍ രണ്ടും" - വള്ളത്തോള്‍- ബന്ധനസ്ഥനായഅനിരുദ്ധന്‍, മന്ത്രി കുംഭാഡകന്‍റെ വര്‍ണ്ണന)
    8. അരിയ മഹാംഭോധിയുടെ ഗാംഭീര്യഭാവം - മഹാസമുദ്രത്തിന്‍റെ ഗാംഭീര്യം തുളുമ്പുന്ന ഭാവം - ഗൌരവസമ്പൂര്‍ണ്ണമായ ഭാവം (ഗാംഭീര്യവും സമുദ്രവും പ്രസിദ്ധമായ ഉപമ)

    സാരാര്‍ത്ഥം: താമരപ്പൂ പോലത്തെ കണ്ണുകള്‍, അതിന്‌ ചേരുന്ന പുരികങ്ങള്‍,  പൊക്കം കൂടിയ പ്രകൃതം, കാര്‍മേഘം പോലത്തെ നിറം, വിരിഞ്ഞമാര്‍വിടം, ആജാനുബാഹു, മഹാസമുദ്രത്തിന്‍റെ ഗാംഭീര്യം തുളുമ്പുന്ന ഭാവം 

    ശബ്ദാലങ്കാരങ്ങൾ:
    ദ്വതീയാക്ഷരപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (റ്റും/റ്റ) ശ്രദ്ധിക്കുക

    കലാശപ്രാസം: ഓരോ പാദത്തിലും അവസാനഭാഗത്ത് സമാനമായ ശബ്ദം വരുന്നത്  ശ്രദ്ധിക്കുക.
    1. ജത്തിനോ/ടൊത്തിണങ്ങി, 2. മങ്കമത്യു/ ന്നതാംഗം, 3. ഭോധി ഗം/ഭീരഭാവം

    Monday, July 6, 2020

    ശ്ലോകപരിചയം: ശ്ലോകം 3

    ശ്ലോകപരിചയം

    ശ്ലോകം 3:

    നാശം നാട്ടാർക്കുദിപ്പിപ്പതിനതിവിരുതു -
    ള്ളെംഡനീയിൻഡ്യപുക്കു-
    ദ്ദേശം സാധിച്ചുകൊണ്ടങ്ങനെ ചില ദിവസം
    സഞ്ചരിച്ചഞ്ചിടാതെ
    ക്ലേശം ചെറ്റിങ്ങുചേർത്തെങ്കിലുമതുകടലിൽ
    താഴ്കയാലാകവേയി-
    ദ്ദേശം നിർബാധമായീനിഖിലവുമിതുപോ-
    ലായ് വരും ദൈവയോഗാൽ

    കവി / കൃതി:
    ഐതിഹ്യമാല എഴുതിയ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ആധുനികയുദ്ധം എന്ന കൃതിയിൽ നിന്നും ആണ്. ഒന്നാം ലോകമഹായുദ്ധത്തെ മഹാഭാരതയുദ്ധവുമായി താരതമ്യം ചെയ്തുകൊണ്ടുള്ള കൃതിയാണ്.

    ആ കാലഘട്ടത്തിൽ ഇന്ത്യൻ കടൽത്തീരങ്ങളെ ഭയപ്പെടുത്തിയ SMS Emden എന്ന കപ്പല്‍  നെ കുറിച്ചാണ് ഈ ശ്ലോകത്തിലെ പരാമർശം. ആ കപ്പലിൻ്റെ പേരിൽ നിന്നാണത്രേ മലയാളത്തിൽ എമണ്ടൻ എന്ന വാക്കു വന്നത്. തമിഴിലും സമാനമായ വാക്കുണ്ട്.

    വൃത്തം: സ്രഗ്ദ്ധര
    വൃത്തലക്ഷണം: ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും

    അതായത് ഒരു പാദത്തില്‍ ആകെ 21 അക്ഷരം .. അത് ഏഴ് അക്ഷരങ്ങള്‍ ഉള്ള മൂന്ന് ഭാഗങ്ങള്‍ ആയി വേണം .. എന്ന് വച്ചാല്‍ ഓരോ 7 അക്ഷരങ്ങളുടെയും സെറ്റ് കഴിഞ്ഞാല്‍ യതി (അര്‍ദ്ധവിരാമം) .. അതിന്‌ പാകത്തിന്‌ എഴുതണം/ചൊല്ലണം ആസ്വാദ്യമാകാന്‍ ..

    ഈ വൃത്തത്തിലെ ഗുരുലഘുവിന്യാസം  നേരത്തെ സൂചിപ്പിച്ചത് പോലെ  അതിന്റെ ലക്ഷണത്തില്‍ നിന്ന് തന്നെ കണ്ടുപിടിക്കുമല്ലോ അല്ലേ? അത് ഹോംവര്‍ക്ക് ആയി ഇരിക്കട്ടെ

    അർത്ഥം:
    നാശം നാട്ടാർക്ക് ഉദിപ്പിപ്പതിന്‌ (ഉണ്ടാക്കുന്നതിന്) അതിവിരുത് ഉള്ള എംഡന്‍ (കപ്പല്‍)  ഇൻഡ്യ പുക്ക് (ഇന്ത്യയില്‍ പ്രവേശിച്ച്) ഉദ്ദേശം സാധിച്ചുകൊണ്ടങ്ങനെ ചില ദിവസം അഞ്ചിടാതെ (ഭയപ്പെടാതെ/പതറാതെ) സഞ്ചരിച്ച് ക്ലേശം ചെറ്റ് (കുറച്ച് ബുദ്ധിമുട്ട്)  ഇങ്ങു ചേർത്തെങ്കിലും (ഉണ്ടാക്കിയെങ്കിലും), അതു കടലിൽ താഴ്കയാല്‍ ഈ ദേശം ആകവേ  നിർബാധമായീ (ബാധ/ബുദ്ധിമുട്ട് ഇല്ലാത്തതായി), ദൈവയോഗാൽ  നിഖിലവും (മുഴുവനും) ഇതുപോലായ് വരും

    സാരം: എംഡന്‍ എന്ന കപ്പല്‍ ബ്രിട്ടീഷ് പടയെ ഒട്ടും കൂസാതെ ഇന്‍ഡ്യന്‍  മഹാസമുദ്രത്തില്‍ വന്ന് കുഴപ്പങ്ങള്‍ നിരവധി ഉണ്ടാക്കിയെങ്കിലും അത് കടലില്‍ താഴ്ന്നതു കാരണം പ്രശ്നമില്ലാതെ ആയി, അതുപോലെ ദൈവാനുഗ്രഹത്താല്‍ എല്ലാ പ്രശ്നവും തീരും

    ശബ്ദാലങ്കാരങ്ങൾ:
    സജാതീയദ്വതീയാക്ഷരപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം ശം എന്നാണ്‌ എന്ന് ശ്രദ്ധിക്കുക; ഇതാണ്‌ സജാതീയദ്വിതീയാക്ഷരപ്രാസം .. രണ്ടാമത്തെ അക്ഷരം ഒന്ന് (ശം) തന്നെ, അതിന്റെ ജാതി ഒരേപോലെ (ശ എന്നാല്‍ എല്ലാ പാദവും ശ, ശി എന്നാല്‍ എല്ലാ പാദവും ശി, ശു എന്നാല്‍ എല്ലാ പാദത്തിനും ശു, അങ്ങിനെ) ഉള്ളതിനെ  സജാതീയദ്വതീയാക്ഷരപ്രാസം എന്ന് പറയുന്നു

    കലാശപ്രാസം: ഓരോ പാദത്തിലും അവസാനഭാഗത്ത് സമാനമായ ശബ്ദം വരുന്നത്  ശ്രദ്ധിക്കുക. എംഡന്‍/ഇന്‍ഡ്യ (ഒന്നാം പാദത്തിലെ അവസാനഭാഗം), സഞ്ചരി/ച്ചഞ്ചിടാതെ (രണ്ടാം  പാദത്തിലെ അവസാനഭാഗം), താഴ്കയാ/ലാകവേ (മൂന്നാം  പാദത്തിലെ അവസാനഭാഗം), ലായ് വരും/ദൈവയോ (നാലാം  പാദത്തിലെ അവസാനഭാഗം)

    കലാശപ്രാസത്തെ ശങ്കുണ്ണിപ്രാസം എന്നും പറയുമത്രേ, അത് കൊട്ടാരത്തില്‍ ശങ്കുണ്ണി സുലഭമായി പ്രയോഗിക്കുക കാരണം

    സന്ദര്‍ഭവശാല്‍ പറയട്ടെ, ശങ്കുണ്ണിപ്രാസത്തെ ഞാന്‍ ആദ്യമായി അറിയുന്നത് സന്തോഷ് പറഞ്ഞുതന്നിട്ടാണ്

    വൃത്തപരിചയം: അനുഷ്ടുപ്പ്

    വൃത്തപരിചയം: അനുഷ്ടുപ്പ്

    നമുക്ക് സുപരിചിതമായ അനുഷ്ടുപ്പ് പരിചയപ്പെടുത്താന്‍ ദിലീപേട്ടന്‍ കളരിയില്‍ ഏതാണ്ട് ഒരു കൊല്ലം മുമ്പ് ഇട്ട പോസ്റ്റിനെ ആശ്രയിക്കുന്നു. വൃത്തമഞ്ജരിയിലെ നിയമങ്ങളെക്കാള്‍ എന്നെ സഹായിച്ചിട്ടുള്ളത് ആ വിവരണം ആണ്.

    നേരത്തെ ഛന്ദസ്സിനെ കുറിച്ചു പറഞ്ഞിരുന്നല്ലോ. അനുഷ്ടുപ്പ് 8 അക്ഷരം ഒരു വരിയിൽ എന്ന നിബന്ധനയുള്ള ഛന്ദസ്സാണ്. ഈ ഛന്ദസ്സിൽ നിരവധി വൃത്തങ്ങൾ ഉണ്ട്. അത് മുഴുവൻ മനസ്സിലാക്കാൻ ശ്രമിക്കുന്നതിനേക്കാൾ എളുപ്പം ദിലീപേട്ടൻ പറഞ്ഞു തന്ന വഴിയാണ്. അതുറച്ചാൽ സൌകര്യം പോലെ മറ്റുള്ളവ സ്വയം നോക്കാവുന്നതാണ്

    ദിലീപേട്ടൻ്റെ പഴയ പോസ്റ്റിൽ നിന്നും:



    കാളി കാളി *മഹാകാ*ളി
    ഭദ്രകാളി *നമോസ്തു*തേ
    കുലം ച കു*ലധര്‍മം* ച
    മാം ച പാല*യ പാല*യ


    ഓരോ വരിയിലും എട്ടക്ഷരങ്ങൾ (വർണ്ണങ്ങൾ). മുകളിൽ എഴുതിയതിൽ ബോൾഡ് ആയി എഴുതിയ, ഓരോ വരിയിലെയും അക്ഷരങ്ങൾ ശ്രദ്ധിക്കുക. ഗുരു ലഘുക്കളുടെ പരിചയം ഇവിടെ കിട്ടുന്നു.

    ചൊല്ലുവാൻ ഒരു സുഖമുണ്ടാകണം, അത് മാത്രമേ അനുഷ്ടുപ്പിന് നിയമമുള്ളൂ. എങ്കിലും പഴമക്കാർ, അങ്ങനെ എളുപ്പത്തിൽ ചൊല്ലുന്നതിന് ഒരു സൂത്രം പറഞ്ഞു തന്നിട്ടുണ്ട്. വീണ്ടും മുകളിലെ വരികളിലെ അവസാനത്തെ നാലക്ഷരം ശ്രദ്ധിക്കുക.

    ആദ്യത്തെ നാലക്ഷരം എന്തുവേണമെങ്കിലും ആവാം. അഞ്ചു മുതൽ ഏഴു വരെയുള്ള അക്ഷരങ്ങളിൽ,

    അഞ്ചാമത്തെ അക്ഷരം എല്ലാ വരികളിലും ലഘു തന്നെ ആവണം - ഇത് കൂട്ടക്കരമാവാം, പക്ഷെ ദീർഘമാവരുത്. കൂട്ടക്ഷരമായാൽ, നാലാമത്തെ അക്ഷരമാണ് ഗുരു ആവുക. (ഉദാഹരണം, "കത്തി* എന്ന വാക്ക് ഉണ്ടാകുന്നത്, കത്+ തി - എന്നാണ്. അതുകൊണ്ട് ക ആണ് ഗുരു, ത്തി ലഘുവാണ്. അതിനെപ്പറ്റി കൂടുതൽ ഭാവിയിൽ പറയാം)

    ആറാമത്തെ അക്ഷരം എല്ലാ വരികളിലും ഗുരുവാകണം - ദീർഘമാകാം, അല്ലെങ്കിൽ അടുത്ത അക്ഷരം കൂട്ടക്ഷരമാക്കിയാൽ മതി - തത്കാലം ഇങ്ങനെ നിൽക്കട്ടെ

    ഏഴാമത്തെ അക്ഷരം ഒന്നും മൂന്നും വരികളിൽ ഗുരുവും, രണ്ടും നാലും വരികളിൽ ലഘുവും ആകണം - ഇതാണ് നോക്കേണ്ടത്.

    എട്ടാമത്തെ അക്ഷരം എന്തായാലും ഗുരു ആയി പരിഗണിക്കപ്പെടും

    അതായത്, ഓരോ വരികളിലും എട്ടക്ഷരങ്ങൾ വീതം,

    ആദ്യത്തെ നാലക്ഷരങ്ങൾ എങ്ങനെ വേണമെങ്കിൽ ആവാം

    അഞ്ച്, ആറ്, ഏഴ് ഈ സ്ഥാനത്ത് വരുന്ന അക്ഷരങ്ങൾ വിവരിച്ചപോലെ ആക്കാൻ നോക്കണം

    എട്ടാമത്തെ അക്ഷരം എന്തുവേണമെങ്കിലും ആവാം.

    തത്കാലം, ദീർഘമായതും, ചില്ലക്ഷരങ്ങൾ വരുന്നതും, തുടർന്ന് കൂട്ടക്ഷരം വരുന്നതും ആയ അക്ഷരങ്ങൾ ഗുരുക്കൾ ബാക്കി എല്ലാം ലഘു എന്ന് കണക്കാക്കിയാൽ മതി. കൂട്ടക്ഷരം ഹ്രസ്വമായി വന്നാൽ (ഉദാ: ക്ക) അതിനു മുന്നിലത്തെ അക്ഷരമാണ് ഗുരു. നേരെ മറിച്ച് ക്കാ എന്നായാൽ അതിനു മുന്നില്ലേ അക്ഷരവും, ഇതും ഗുരുക്കൾ ആണ്. ഒന്ന് ശ്രമിച്ചാൽ പെട്ടെന്ന് ചെയ്യാം. 

    വൃത്തപരിചയം: മുഖവുര

    വൃത്തപരിചയം: മുഖവുര

    വൃത്തങ്ങളെ കുറിച്ചു പറയുമ്പോള്‍ പറയുന്ന ഒരു വാക്കാണ് ഛന്ദസ്സ് എന്നത്. എന്താണ്‌ അത് എന്നറിയാന്‍ വൃത്തമഞ്ജരിയിലെ ശ്ലോകം #3 ശ്രദ്ധിക്കുക

    പദ്യം വാര്‍ക്കുന്ന തോതല്ലോ
    വൃത്തമെന്നിഹ ചൊല്വതു
    ഛന്ദസ്സെന്നാലക്ഷരങ്ങ-
    ളിത്രയെന്നുള്ള ക്ലിപ്തിയാം

    പദ്യം ഉണ്ടാക്കാനുള്ള ക്രമത്തെയാണ്‌ വൃത്തം എന്ന് പറയുന്നത്. ഒരു പാദത്തില്‍ ഇത്ര അക്ഷരം എന്ന നിബന്ധനയാണ്‌ ഛന്ദസ്സ്. അതിനാല്‍ ഒരു ഛന്ദസ്സില്‍ തന്നെ അനവധി വൃത്തങ്ങള്‍ ഉണ്ടാവും.

    ഒരു പാദത്തില്‍ ഒരക്ഷരം തൊട്ട് ഒരു പാദത്തില്‍ 16 അക്ഷരം വരെ വരുന്ന ഛന്ദസ്സുകള്‍ ഉണ്ട്. അതായത്, ആകെ 26 ഛന്ദസ്സുകള്‍ ഉണ്ട്

    ഒരു പാദത്തില്‍ 26 അക്ഷരത്തില്‍ കൂടുതല്‍ ആണെങ്കില്‍ അവയെ പദ്യം എന്ന് പറയുകില്ലത്രേ. അവയെ ദണ്ഡകം എന്ന് പറയുന്നു. മരുവമ്മാവന്റെ മിരിന്ദാപരിണയത്തില്‍ അവസാനഭാഗത്ത് ഗാന്ധർവവിവാഹസന്ദര്‍ഭത്തിലെ ദണ്ഡകം റഫര്‍ ചെയ്യുമല്ലോ

    ലഘു-ഗുരുവിന്യാസം

    വൃത്തലക്ഷണത്തില്‍ നിന്നും ലഘു-ഗുരുവിന്യാസം മനസ്സിലാക്കാന്‍ രണ്ട് വഴി എന്ന് സൂചിപ്പിച്ചിരുന്നല്ലോ, അത് വ്യക്തമാക്കാന്‍ നേരത്തെ പരിചയപ്പെട്ട ശാര്‍ദ്ദൂലവിക്രീഡിതം തന്നെ എടുക്കാം

    വൃത്തലക്ഷണം: പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം

    ഇതിലെ ഗണങ്ങളെ കുറിച്ച് നേരത്തെ പറഞ്ഞുവല്ലോ. അതായത് 1. മഗണം 2. സഗണം 3. ജഗണം 4. സഗണം 5. തഗണം 6. തഗണം അവസാനം ഒറ്റയ്ക്ക് ഒരു ഗുരുവും

    അത് അനുസരിച്ച് ഗുരുലഘുവിന്യാസം ഇങ്ങിനെ ആണല്ലോ:
    ---/vv-/v-v/vv-/(യതി) --v/--v/-

    വൃത്തലക്ഷണങ്ങള്‍ തന്നെ അതാതുവൃത്തത്തില്‍ ആണ്‌ എഴുതിയിട്ടുള്ളത്. അതിനാല്‍ വൃത്തലക്ഷണത്തിലെ ലഘു-ഗുരുവിന്യാസം നോക്കിയാല്‍ മതിയാകും ..അതാണ്‌ ഞാന്‍ പരിചയമില്ലാത്ത വൃത്തത്തില്‍ എഴുതാന്‍ ശ്രമിക്കുമ്പോള്‍ പതിവും

    ശാർദ്ദൂലവിക്രീഡിതം വൃത്തലക്ഷണത്തിലെ അക്ഷരങ്ങള്‍ക്കനുസരിച്ച് ലഘു-ഗുരുവിന്യാസം താഴെ കൊടുക്കുന്നു

    അക്ഷരം  ഗുരു/ലഘു ഗുരുവെങ്കില്‍ എന്തുകൊണ്ട്
    ഗുരു അടുത്തതായി കൂട്ടക്ഷരം വരുന്നു
    ന്ത്ര ഗുരു അടുത്തതായി കൂട്ടക്ഷരം വരുന്നു
    ണ്ടാൽ ഗുരു ദീര്‍ഘം
    ലഘു
    ലഘു
    ജം ഗുരു അനുസ്വാരം 
    ലഘു
    തം ഗുരു അനുസ്വാരം 
    ലഘു
    ഗു ലഘു
    രു ലഘു
    വും ഗുരു അനുസ്വാരം 



    ശാർ ഗുരു ദീര്‍ഘം
    ദ്ദൂ ഗുരു ദീര്‍ഘം
    ലഘു
    വി ഗുരു അടുത്തതായി കൂട്ടക്ഷരം വരുന്നു
    ക്രീ ഗുരു ദീര്‍ഘം
    ഡി ലഘു
    തം ഗുരു അനുസ്വാരം 

    ഗുരു-ലഘു വ്യത്യാസം - ഉദാഹരണം

    ഗണം തിരിച്ചുനോക്കുമല്ലോ:

    പാദം 1: കണ്ടാല്‍ തു/മ്പുചുരു/ണ്ടുനീണ്ട/മുടിയും/(യതി)വിസ്താര/മാം ഫാല/വും
    പാദം 2: നീണ്ടാഭം/ഗിയെഴു/ന്ന മൂക്കു/, നെടുതാം/(യതി)നേത്രങ്ങള്‍/വക്ഷസ്ഥ/ലം
    പാദം 3: രണ്ടാം വെ/ണ്മണിയ/ച്ഛനെന്നു/പറയാന്‍/ (യതി)പാകത്തി/ലാകുംഭ/യും
    പാദം 4: പൂണ്ടാക്കോ/മളകു/ഞ്ഞുഭൂപ/ഗുരുവെന്‍/(യതി)വിഘ്നങ്ങള്‍/തീര്‍ത്തീട/ണം"

    ഗണം 1: കണ്ടാ തു

    ക ഗുരുവാകും ണ്ട എന്ന കൂട്ടക്ഷരം കാരണം
    ണ്ടാ ഗുരുവാകും ദീര്‍ ഘം ആയതുകൊണ്ട്
    തു ഗുരുവാകും മ്പു  എന്ന കൂട്ടക്ഷരം കാരണം

    ---: മഗണം

    ഗണം 2: മ്പുചുരു

    മ്പു ലഘു
    ചു ലഘു
    രു ഗുരുവാകും ണ്ടു എന്ന കൂട്ടക്ഷരം കാരണം

    vv-: സഗണം

    ഇതുപോലെ മറ്റുഗണങ്ങളും നോക്കുമല്ലോ

    ശ്ലോകപരിചയം: ശ്ലോകം 2

    ശ്ലോകപരിചയം

    ശ്ലോകം 2:
    പഴയ മംഗളോദയം മാസികയില്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനെ കുറിച്ചുള്ള  ഒരു ലേഖനത്തില്‍ കണ്ടത്. ആരുടെ എന്ന് അറിയില്ല

    "കണ്ടാല്‍ തുമ്പുചുരുണ്ടുനീണ്ടമുടിയും
    വിസ്താരമാം ഫാലവും
    നീണ്ടാഭംഗിയെഴുന്ന മൂക്കു, നെടുതാം
    നേത്രങ്ങള്‍  വക്ഷസ്ഥലം
    രണ്ടാം വെണ്മണിയച്ഛനെന്നുപറയാന്‍
    പാകത്തിലാകുംഭയും
    പൂണ്ടാക്കോമളകുഞ്ഞുഭൂപഗുരുവെന്‍
    വിഘ്നങ്ങള്‍ തീര്‍ത്തീടണം"

    അര്‍ത്ഥം സ്പഷ്ടമാണ്‌ വിശദീകരണം ആവശ്യമില്ല എന്ന് കരുതുന്നു

    വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം
    വൃത്തലക്ഷണം: പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം
    (ഗണങ്ങളെ കുറിച്ചും വൃത്തലക്ഷണങ്ങളെ കുറിച്ചും മറ്റൊരു പോസ്റ്റ് ഇടാം )

    ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത് ആകെ 19 അക്ഷരങ്ങളാണ്‌ ഒരു വരിയില്‍ ... അതിലെ ഗണങ്ങള്‍ താഴെ പറയുന്ന ക്രമത്തില്‍ ആണ്.

    1. മഗണം (---)
    2. സഗണം (vv-)
    3. ജഗണം (v-v)
    4. സഗണം (vv-)
    5. തഗണം (--v)
    6. തഗണം (--v)

    മൂന്ന് അക്ഷരം വീതം 6 ഗണം ...18 അക്ഷരങ്ങളല്ലേ ആയുള്ളൂ; അന്ത്യാക്ഷരം ഗുരുവാകണം സതംത*ഗുരുവും" എന്നതിലെ ഗുരുവും സൂചിപ്പിക്കുന്നത്

    പന്ത്രണ്ടാൽ എന്നത് പന്ത്രണ്ടാമത്തെ അക്ഷരം കഴിഞ്ഞ് യതി (അര്‍ദ്ധവിരാമം ) വേണം എന്ന് സൂചിപ്പിക്കുന്നു
     
    എല്ലാം ചേര്‍ക്കുമ്പോള്‍
    ---/vv-/v-v/vv-/(യതി) --v/--v/-

    ദ്വിതീയാക്ഷരപ്രാസം  (എല്ലാ പാദത്തിലും രണ്ടാമത്തെ അക്ഷരം) ശ്രദ്ധിക്കുമല്ലോ

    ഗണങ്ങള്‍

    ഗണങ്ങള്‍

    വര്‍ണ്ണവൃത്തത്തിന്റെ ലക്ഷണങ്ങളെ മുമ്മൂന്ന് അക്ഷരങ്ങള്‍ കൂടുന്ന ഗണങ്ങളായി തിരിച്ച് ഓരോന്നും ഏതു ഗണത്തില്‍ പെടുന്നു എന്ന രീതിയില്‍ എന്നാണ്‌ സൂചിപ്പിക്കുക

    വൃത്തമഞ്ജരിയിലെ ശ്ലോകം 19 (രണ്ടുപാദമേ ഉള്ളൂ) ശ്രദ്ധിക്കുക

    മൂന്നക്ഷരം ചേര്‍ന്നതിനു
    ഗണമെന്നിഹ സംജ്ഞയാം

    ഇത് മൂന്നക്ഷരം കൂടുന്നതിനെ ആണ്‌ ഗണം എന്ന് പറയുക എന്ന് വ്യക്തമാക്കുന്നു

    വൃത്തമഞ്ജരിയിലെ ശ്ലോകം 20 (രണ്ടുപാദമേ ഉള്ളൂ) ശ്രദ്ധിക്കുക

    ഗണം ഗുരുലഘുസ്ഥാന-
    ഭേദത്താലെട്ടുമാതിരി

    അതായത് ലഘു-ഗുരുക്കളുടെ സ്ഥാനങ്ങള്‍ കണക്കാക്കിയാണ്‌ അത് ഏത് ഗണം എന്ന് നിശ്ചയിക്കുക; അങ്ങിനെ 8 ഗണങ്ങള്‍ ഉണ്ട്.

    മേലില്‍ ലഘു-ഗുരുക്കളെ ഇങ്ങിനെ സൂചിപ്പിക്കുന്നു
    v: ലഘു
    -:  ഗുരു

    അവ ഏതൊക്കെ എന്ന് അറിയാന്‍ ശ്ലോകം 21 ശ്രദ്ധിക്കുക

    ആദിമധ്യാന്തവര്‍ണ്ണങ്ങള്‍
    ലഘുക്കള്‍ യരതങ്ങളില്‍
    ഗുരുക്കള്‍ ഭജസങ്ങള്‍ക്കു
    മനങ്ങള്‍ ഗലമാത്രമാം

    അതായത്
    ആദ്യാക്ഷരം ലഘുവും മറ്റു രണ്ടും ഗുരുവും ആയാല്‍ യഗണം (v--)
    മധ്യാക്ഷരം ലഘുവും മറ്റു രണ്ടും ഗുരുവും ആയാല്‍ രഗണം (-v-)
    അന്ത്യാക്ഷരം ലഘുവും മറ്റു രണ്ടും ഗുരുവും ആയാല്‍ തഗണം (--v)

    ആദ്യാക്ഷരം ഗുരുവും മറ്റു രണ്ടും ലഘുവുംആയാല്‍ ഭഗണം (-vv)
    മധ്യാക്ഷരം ഗുരുവും മറ്റു രണ്ടും ലഘുവും ആയാല്‍ ജഗണം (v-v)
    അന്ത്യാക്ഷരം ഗുരുവും മറ്റു രണ്ടും ലഘുവുംആയാല്‍ സഗണം  (vv-)

    മൂന്നും ലഘുവായാല്‍ നഗണം (vvv) മൂന്നും ഗുരുവായാല്‍ മഗണം (---)

    ഗണങ്ങളെ കുറിച്ച് പറയുന്നതിന് മുമ്പ്

    ഗണങ്ങളെ കുറിച്ച് പറയുന്നതിന് മുമ്പ്

    വൃത്തമഞ്ജരിയിലെ ശ്ലോകം 12 ശ്രദ്ധിക്കുക:
    പദ്യം പൂർവ്വോത്തരാർദ്ധങ്ങ -
    ളെന്നു രണ്ടായ് മുറിക്കണം
    രണ്ടുപാദങ്ങളർദ്ധത്തിൽ
    വിഷമാഖ്യം സമാഖ്യവും

    നാലു പാദം ചേർന്നത് പദ്യം/ശ്ലോകം.

    അതിൽ ആദ്യരണ്ടു പാദം ചേർന്നത് പൂർവ്വാർദ്ധം

    അവസാനത്തെ രണ്ടുപാദം ചേർന്നത് ഉത്തരാർദ്ധം

    പൂർവ്വാർദ്ധവും ഉത്തരാർദ്ധവും വേറിട്ടു നിൽക്കണം. രണ്ടും കൂടിചേരുന്ന തരത്തിൽ സന്ധി / സമാസങ്ങൾ അനുവദനീയമല്ല ( ശ്ലോകരചനയുടെ ആദ്യകാലങ്ങളിൽ പലരും അങ്ങിനെ തെറ്റിച്ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഞാനും തെറ്റിച്ചെയ്തിട്ടുണ്ട്. പക്ഷെ അത് ചെയ്തുകൂടാ)

    ശ്ലോകം 17 ശ്രദ്ധിക്കുക:
    വർണ്ണപ്രധാനമാം വൃത്തം
    വർണ്ണവൃത്തമതായിടും
    മാത്രാപ്രധാനമാം വൃത്തം
    മാത്രാവൃത്തമതായിടും

    ഒരുപാദത്തിന് ഇത്ര വർണ്ണം (അക്ഷരം*) എന്ന നിയമം ഉള്ളവ വർണ്ണവൃത്തം

    തത്കാലം നമുക്ക് വര്‍ണ്ണബദ്ധരചനയില്‍ ശ്രദ്ധിക്കാം. മാത്രാബദ്ധരചന താരതമ്യേന എളുപ്പമാണ്, വര്‍ണ്ണബദ്ധരചന ഉറച്ചാല്‍.  വേണമെങ്കില്‍ പിന്നീട് നോക്കാം മാത്രാബദ്ധരചന


    * അക്ഷരം എന്ത് എന്ന് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

    ഗുരു-ലഘു വ്യത്യാസം - ഉദാഹരണം

     ഇന്നലെ പരിചയപ്പെടുത്തിയ ശ്ലോകം 
    അക്ഷരം  ഗുരു/ലഘു ഗുരുവെങ്കില്‍ എന്തുകൊണ്ട്
    ദൃ ഗുരു അടുത്തതായി കൂട്ടക്ഷരം വരുന്നു
    ഷ്ട്വാ ഗുരു ദീര്‍ഘം
    രാ ഗുരു ദീര്‍ഘം
    മേ ഗുരു ദീര്‍ഘം



    ലഘു
    ലഘു
    ലഘു
    ലഘു
    ലി ലഘു
    താം ഗുരു ദീര്‍ഘം



    കേ ഗുരു ദീര്‍ഘം
    ലഘു
    കീം ഗുരു ദീര്‍ഘം
    സ്വര്‍ ഗുരു അടുത്തതായി കൂട്ടക്ഷരം വരുന്നു
    ണ്ണ ലഘു
    വര്‍  ഗുരു അടുത്തതായി കൂട്ടക്ഷരം വരുന്നു
    ണ്ണാം ഗുരു ദീര്‍ഘം


    അക്ഷരം  ഗുരു/ലഘു ഗുരുവെങ്കില്‍ എന്തുകൊണ്ട്
    ഗുരു അടുത്തതായി കൂട്ടക്ഷരം വരുന്നു
    ദ്മ ഗുരു അടുത്തതായി കൂട്ടക്ഷരം വരുന്നു
    ഭ്രാ ഗുരു ദീര്‍ഘം
    ന്ത്യാ ഗുരു ദീര്‍ഘം



    ക്ഷു ലഘു
    ധി ലഘു
    ലഘു
    ലഘു
    ധു ലഘു
    പഃ ഗുരു വിസര്‍ഗ്ഗം



    പു ഗുരു അടുത്തതായി കൂട്ടക്ഷരം വരുന്നു
    ഷ്പ ലഘു
    ഗുരു അടുത്തതായി കൂട്ടക്ഷരം വരുന്നു
    ദ്ധ്യേ ഗുരു ദീര്‍ഘം
    ലഘു
    പാ ഗുരു ദീര്‍ഘം
    ഗുരു പാദാന്ത്യത്തെ ഗുരുവായി കാണാം എന്ന് ഒരു നിയമം ഉണ്ട്; അതുകൊണ്ട് ആണ്‌ എന്ന് കരുതുന്നു

    ഗുരുതാന്‍ ലഘു താനാകും
    ഹ്രസ്വം പാദാന്തസംസ്ഥിതം
    വൃത്തമഞ്ജരി ശ്ലോകം #10


    അക്ഷരം  ഗുരു/ലഘു ഗുരുവെങ്കില്‍ എന്തുകൊണ്ട്
    ഗുരു അടുത്തതായി കൂട്ടക്ഷരം വരുന്നു
    ന്ധീ ഗുരു ദീര്‍ഘം
    ഭൂ ഗുരു ദീര്‍ഘം
    തഃ ഗുരു വിസര്‍ഗ്ഗം



    കു ലഘു
    സു ലഘു
    ലഘു
    ലഘു
    ലഘു
    സാ ഗുരു ദീര്‍ഘം



    ഗുരു അടുത്തതായി കൂട്ടക്ഷരം വരുന്നു
    ണ്ട ലഘു
    കൈര്‍ ഗുരു ദീര്‍ഘം
    വി ഗുരു അടുത്തതായി കൂട്ടക്ഷരം വരുന്നു
    ദ്ധ ലഘു
    ഗുരു അടുത്തതായി കൂട്ടക്ഷരം വരുന്നു
    ക്ഷഃ ഗുരു വിസര്‍ഗ്ഗം


    അക്ഷരം  ഗുരു/ലഘു ഗുരുവെങ്കില്‍ എന്തുകൊണ്ട്
    സ്ഥാ ഗുരു ദീര്‍ഘം
    തും  ഗുരു അനുസ്വാരം 
    ഗുരു അടുത്തതായി കൂട്ടക്ഷരം വരുന്നു
    ന്തും  ഗുരു അനുസ്വാരം 



    ദ്വ ലഘു
    ലഘു
    ലഘു
    പി ലഘു
    ലഘു
    ഖേ ഗുരു ദീര്‍ഘം



    നാ ഗുരു ദീര്‍ഘം
    ത്ര ലഘു
    കര്‍ ഗുരു അടുത്തതായി കൂട്ടക്ഷരം വരുന്നു
    ത്തും  ഗുരു അനുസ്വാരം 
     സ ലഘു
    മര്‍ ഗുരു അടുത്തതായി കൂട്ടക്ഷരം വരുന്നു
    ത്ഥഃ ഗുരു വിസര്‍ഗ്ഗം

    ഗുരു-ലഘു വ്യത്യാസം - ഉദാഹരണം

    ഇത് അനുസരിച്ച് ഇന്നലെ കൊടുത്ത ശ്ലോകത്തില്‍ 
    1. ദൃഷ്ട്വാരാമേ എന്നതില്‍ നാലക്ഷരവും ഗുരുവാണ്.
    2. പവനചലിതാം എന്നതില്‍ ആദ്യത്തെ അഞ്ചക്ഷരവും ലഘുവും ആറാമത്തെ അക്ഷരം ഗുരുവും ആണ്
    3. കേതകീം എന്നതില്‍ ആദ്യത്തെയും മൂന്നാമത്തേയും അക്ഷരം ഗുരുവും നടുക്കുള്ളത് ലഘുവും ആണ്.
    4. സ്വര്‍ണ്ണവര്‍ണ്ണാം എന്നതില്‍ എല്ലാ രണ്ടാമത്തെ അക്ഷരം ലഘുവും മറ്റു മൂന്നും ഗുരുവും ആണ്.

    ഇതുപോലെ മറ്റുള്ള വരിയിലെ അക്ഷരങ്ങളും ഗുരു-ലഘു തിരിച്ച് നോക്കുമല്ലോ

    പരിചയമുള്ള മറ്റു ശ്ലോകങ്ങളിലും ഇതുപോലെ ഗുരു-ലഘുവിന്യാസം തിരിക്കാന്‍ ശ്രമിക്കുകയും സംശയം വന്നാല്‍ ചോദിക്കുകയും ചെയ്യുമല്ലോ. അതിനു ശേഷം നാളെ ഗണങ്ങളെ കുറിച്ച് നോക്കാം