Showing posts with label സ്രഗ്ദ്ധര. Show all posts
Showing posts with label സ്രഗ്ദ്ധര. Show all posts

Saturday, September 19, 2020

ഗണേശസ്തുതി

ഒറ്റക്കൊമ്പും, തുളുമ്പും കുളുര്‍കുടവയറും,
കൈകളില്‍ കാന്തി തേടും
മറ്റേക്കൊമ്പും കരിമ്പെന്നിവ, പല മിഴി ചി-
ന്നുന്ന ചിഹ്നങ്ങളോടും
തെറ്റെന്നേറ്റം തെളിഞ്ഞുള്‍ക്കനിവൊടെഴുമിട-
പ്പിള്ളിയുണ്ണിഗ്ഗണേശന്‍
തെറ്റൊന്നെങ്കല്‍ പ്പെടായ്വാന്‍ വിരവില്‍ വിലസണം
മുത്തൊടെന്നുള്‍ത്തടാന്തേ

https://archive.org/details/in.ernet.dli.2015.277683/page/n19/mode/2up

Saturday, August 15, 2020

ശ്ലോകപരിചയം: ശ്ലോകം 19

 ശ്ലോകപരിചയം

ശ്ലോകം 19:

മുട്ടിക്കൂടീട്ടു നിന്‍ കാല്‍ത്തളിരിണ പണിയു-
ന്നോര്‍ക്കു കാര്യങ്ങളെല്ലാം
മുട്ടി ക്രൂരാധി ചേരുന്നതിനുടനിടയായ്-
ത്തീരുമോ ചാരുമൂര്‍ത്തേ
തട്ടിത്താപാഗ്നി ചുട്ടുള്ളൊരുഹൃദയമൊടും
ശ്രീപതേ ഞാന്‍ ഭവല്‍ക്കാല്‍-
ത്തട്ടില്‍ത്താനേ കിടക്കും കരുണ തവ കിട-
യ്ക്കാതെ മാറില്ല തെല്ലും


കവി / കൃതി: പന്തളം കേരളവര്‍മ്മയുടെ ലക്ഷ്മീശദശകത്തില്‍ നിന്നും 

വൃത്തം: സ്രഗ്ദ്ധര

വൃത്തലക്ഷണം: ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും

അതായത് മഗണം, രഗണം, ഭഗണം, നഗണം, യഗണം, യഗണം, യഗണം

---/-v-/-(യതി)vv/vvv/v-(യതി)-/v--/v--

v ലഘു, - ഗുരു

വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

അർത്ഥം:
ശ്രീപതേ (അല്ലയോ ശ്രീപതേ; മഹാലക്ഷ്മിയുടെ പതിയായ വിഷ്ണുഭഗവാനേ) മുട്ടിക്കൂടീട്ടു (അടുത്തുകൂടീട്ട്) നിന്‍ കാല്‍ത്തളിരിണ  (കാലുകളാകുന്ന തളിരിന്‍റെ ജോഡി - പാദയുഗ്മം) പണിയുന്നോര്‍ക്കു (സേവിക്കുന്നവര്‍ക്ക്) കാര്യങ്ങളെല്ലാം മുട്ടി (ഒരു കാര്യവും നടക്കാതെ) ക്രൂരാധി (വല്ലാത്ത വിഷമം ) ചേരുന്നതിന്‌ (ഉണ്ടാകുവാന്‍) ഉടന്‍ ഇടയായ് തീരുമോ (സാദ്ധ്യതയുണ്ടോ; ഇല്ല എന്ന് ധ്വനി) ചാരുമൂര്‍ത്തേ (സുന്ദരനായ ഭഗവാനേ). തട്ടിത്താപാഗ്നി ചുട്ടുള്ളൊരു (താപം ചൂട് എന്നും ദുഃഖം എന്നും (മേഘദൂതം സന്തപ്താനാം - ചൂടു തട്ടിയവര്‍ക്ക് എന്നും ദുഃഖിക്കുന്നവര്‍ക്ക് എന്നും) വിഗ്രഹിക്കുമ്പോള്‍ - ചൂടുള്ള തീ എന്നും ദുഃഖത്തിന്‍റെ ചൂട് എന്നും - അത് തട്ടി ദഹിക്കുന്ന) ഹൃദയമൊടും (ഹൃദയത്തോടെ) ഞാന്‍ ഭവല്‍ക്കാല്‍ത്തട്ടിത്താനേ കിടക്കും (താനേ - ഒറ്റയ്ക്ക് എന്നും അവിടെത്തന്നെ എന്നും.  താപവും താനേയും രണ്ടും ധ്വന്യാത്മകമാണ് -  ഞാന്‍ ഭവാന്റെ കാല്‍ക്കല്‍ തന്നെ കിടക്കും) തവ കരുണ കിടയ്ക്കാതെ (ഭവാന്റെ കരുണ ലഭിക്കാതെ) മാറില്ല തെല്ലും (മാറിപ്പോവില്ല)

സാരാര്‍ത്ഥം:
വിഷ്ണുഭഗവാനേ, നിന്റെ അടുത്തു വന്ന് സേവിക്കുന്നവര്‍ക്ക് ഒരു കാര്യവും നടക്കാതെയായി വല്ലാത്ത വിഷമം ഒന്നും വരില്ല (ഇത് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ എനിക്ക് വിഷമങ്ങള്‍ ഉണ്ട്. അതു മാറ്റാന്‍). ഭഗവാന്‍ കനിയുന്നതുവരെ, വിഷമിക്കുന്ന ഹൃദയത്തോടെ, ഞാന്‍ ഭവാന്റെ കാല്‍ക്കല്‍ തന്നെ കിടക്കും.

ശബ്ദാലങ്കാരങ്ങൾ:
ദ്വിതീയാക്ഷരസജാതീയപ്രാസം:  എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (ട്ടി)
കലാശപ്രാസം: പല പാദങ്ങളിലും  അവസാനഭാഗത്ത് സമാനമായ ശബ്ദം വരുന്നത്  ശ്രദ്ധിക്കുക

തീരുമോ ചാരുമൂര്‍ത്തേ, മാറില്ല തെല്ലും

അനുപ്രാസം (വ്യഞ്ജനം ഇടയ്ക്കിടക്ക് ആവർത്തിച്ചു വരുന്നത്):
മുട്ടി/ക്കൂടീട്ടു , തളിരിണ/പണിയു, നുടനിടയായ്, ത്തട്ടില്‍ ത്താനേ, കിടക്കും കരുണ തവ കിടയ്ക്കാതെ

Sunday, August 9, 2020

ശ്ലോകപരിചയം : ശ്ലോകം 17

 ശ്ലോകപരിചയം

ശ്ലോകം 17:

നെറ്റിക്കണ്ണന്റെ മൂന്നാം തിരുമിഴിയിലെഴും
നാളമേറ്റങ്ങുമിങ്ങും
പറ്റിച്ചേര്‍ന്നുള്ള പുത്തന്‍മഷിയെയുടനണി-
ത്തിങ്കളില്‍ക്കാണ്‍കമൂലം
നെറ്റിച്ചാന്തിത്രചിന്നും വിധമധികപണി-
പ്പെട്ടഹോ ഗംഗയെന്നെ-
പ്പറ്റിച്ചൂ കള്ളിയെന്നോര്‍ത്തുമയൊരുനെടുവീര്‍-
പ്പിട്ടതിന്നായ് തൊഴുന്നേന്‍ 

കവി / കൃതി:
ചമ്പത്തില്‍ ചാത്തുക്കുട്ടി മന്നാടിയാരുടെ ഒറ്റശ്ലോകം 

വൃത്തം: സ്രഗ്ദ്ധര

വൃത്തലക്ഷണം: ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും

അതായത് മഗണം, രഗണം, ഭഗണം, നഗണം, യഗണം, യഗണം, യഗണം
---/-v-/-(യതി)vv/vvv/v-(യതി)-/v--/v--

v ലഘു, - ഗുരു

വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

അർത്ഥം:

നെറ്റിക്കണ്ണന്റെ (മുക്കണ്ണനായ ശിവന്റെ) മൂന്നാം തിരുമിഴിയിലെഴും (മൂന്നാമത്തെ കണ്ണിലുള്ള) നാളമേറ്റ് (തീനാളം കൊണ്ട്) അങ്ങുമിങ്ങും 

പറ്റിച്ചേര്‍ന്നുള്ള (നെറ്റിയില്‍  അവിടവിടെയായി) പുത്തന്‍മഷിയെ (പുതിയ മഷി... ചന്ദ്രനില്‍ കാണുന്നത് കണ്ണിലെ ജ്വാലയുടെ കരിയാണ്; മഷി കരി...  അതാണ് പുത്തന്‍ മഷി ) ഉടന്‍ അണിത്തിങ്കളില്‍ ക്കാണ്‍കമൂലം (ഉടനെ നെറ്റി എന്ന് താന്‍ ധരിച്ചു നോക്കുന്നതില്‍ കണ്ടത് ഗംഗയുടെ നെറ്റിയിലെ ചാന്താണെന്ന് ശ്രീപാര്‍വ്വതി ധരിച്ചു.. ഭഗവാന്‍റെ നെറ്റിത്തടത്തിനും ബാലചന്ദ്രന്‍റെ ആകൃതിയാണ്; പ്രസിദ്ധമായ ഉപമ സുന്ദരമായ നെറ്റിയും ചന്ദ്രക്കലയും)) നെറ്റിച്ചാന്തിത്രചിന്നും വിധം (നെറ്റിയുള്ള ചാന്ത് ഇത്രയ്ക്ക് എല്ലായിടത്തും ആകുവാന്‍) അധികപണിപ്പെട്ടഹോ ഗംഗ  എന്നെപ്പറ്റിച്ചൂ കള്ളി (ഇപ്പോള്‍ നെറ്റി എന്ന് താന്‍ ധരിച്ചു നോക്കുന്നതില്‍ കണ്ടത് ഗംഗയുടെ നെറ്റിയിലെ ചാന്താണെന്ന് ധരിച്ചു. ഇങ്ങനെ അധികപണിപ്പെട്ട്  സംഗമശങ്ക ഉണ്ടായി) എന്ന് ഓര്‍ത്ത് ഉമ (എന്ന് ശ്രീപാര്‍വ്വതീദേവി ഓര്‍ത്ത്) ഒരു നെടുവീര്‍പ്പിട്ടതിന്നായ് (അത് ചന്ദ്രനാണെന്ന് മനസ്സിലായപ്പോള്‍  സമാധാനത്തിന്‍റെ നെടുവീര്‍പ്പ് ) തൊഴുന്നേന്‍ (തൊഴുന്നു)

സാരാര്‍ത്ഥം:
പരമശിവന്റെ മൂന്നാമത്തെ കണ്ണിലുള്ള തീനാളമേറ്റ് അവിടവിടെയായി പറ്റിപ്പിടിച്ച പുത്തന്‍മഷി ഉടനെ ആദ്യം നെറ്റിയിലും പിന്നെയും മേല്പോട്ട് നോക്കിയപ്പോള്‍ ചന്ദ്രനിലും കണ്ടു (ചന്ദ്രനിലെ കളങ്കം). അത് ഗംഗയുടെ, നെറ്റിയുള്ള ചാന്ത് ആണ്, അത് ഭഗവാന്റെ നെറ്റിയില്‍ ആയതാണ്‌ എന്ന് ധരിച്ചു. പിന്നെ അത് ചന്ദ്രനാണ്‌ എന്ന് മനസ്സിലായി ശ്രീപാര്‍വ്വതീദേവി സമാധാനിച്ചതിനായി തൊഴുന്നു


ശബ്ദാലങ്കാരങ്ങൾ:
ദ്വിതീയാക്ഷരസജാതീയപ്രാസം:  എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (റ്റി)
കലാശപ്രാസം: പല പാദങ്ങളിലും  അവസാനഭാഗത്ത് സമാനമായ ശബ്ദം വരുന്നത്  ശ്രദ്ധിക്കുക
നാളമേറ്റങ്ങു/മിങ്ങും,  പ്പിട്ടതിന്നായ്/തൊഴുന്നേന്‍

Tuesday, August 4, 2020

ശ്ലോകപരിചയം: ശ്ലോകം 15

ശ്ലോകപരിചയം

ശ്ലോകം 15:
തിങ്ങിപ്പൊങ്ങിപ്പരന്നീടിന പെരിയ ഭവാം-
ഭോനിധിക്കുള്ളിലെന്നും
മുങ്ങിപ്പൊങ്ങിക്കുഴങ്ങീടിനൊരടിയനെ നീ
യത്തല്‍തീര്‍ത്താത്തമോദം
ഭംഗം കൂടാതപാംഗത്തരണിയിലണയെ-
ച്ചേര്‍ത്തുടന്‍ കാത്തിടേണം 
'ചെങ്ങല്‍'ത്തുംഗപ്രമോദാന്വിതമടിയരുളും
ശൈലകന്യേ വദാന്യേ

കവി / കൃതി:
വെണ്മണി അച്ഛന്‍ നമ്പൂതിരിയുടെ ഒറ്റശ്ലോകം

വൃത്തം: സ്രഗ്ദ്ധര
വൃത്തലക്ഷണം: ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും
അതായത് മഗണം, രഗണം, ഭഗണം, നഗണം, യഗണം, യഗണം, യഗണം

---/-v-/-(യതി)vv/vvv/v-(യതി)-/v--/v--

v ലഘു, - ഗുരു

വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

അർത്ഥം:
വദാന്യേ (ഉദാരമനസ്കയായ) 'ചെങ്ങല്‍'ത്തുംഗപ്രമോദാന്വിതമടിയരുളും (+ചെങ്ങല്‍ ക്ഷേത്രത്തില്‍ സന്തോഷത്തോടെ എഴുന്നള്ളിയിരിക്കുന്ന) ശൈലകന്യേ (ശ്രീപാര്‍വ്വതീ) , തിങ്ങിപ്പൊങ്ങിപ്പരന്നീടിന (നിറഞ്ഞുപരന്നു കിടക്കുന്ന) പെരിയ (വലിയ) ഭവാംഭോനിധിക്കുള്ളില്‍ (ലോകമാകുന്ന കടലില്‍) എന്നും മുങ്ങിപ്പൊങ്ങിക്കുഴങ്ങീടിനൊരടിയനെ (മുങ്ങിയും പൊങ്ങിയും കഴയുന്ന എന്നെ) നീയത്തല്‍ (വിഷമം) തീര്‍ത്ത് (ഇല്ലാതെ ആക്കി) ആത്തമോദം (സന്തോഷത്തോടു കൂടി) ഭംഗം കൂടാതെ (തടസ്സങ്ങള്‍ ഇല്ലാതെ) അപാംഗത്തരണിയില്‍ (കടാക്ഷമാകുന്ന വഞ്ചിയില്‍) അണയെച്ചേര്‍ത്തുടന്‍ (തന്നോട് ചേര്‍ത്ത് ഉടനെ തന്നെ) കാത്തിടേണം 

സാരാര്‍ത്ഥം:
ഉദാരമനസ്കയായ ചെങ്ങല്‍ ഭഗവതീ, അറ്റം കാണാനാവാത്ത സംസാരസമുദ്രത്തില്‍ മുങ്ങിപ്പൊങ്ങി വലയുന്ന എന്നെ എത്രയും പെട്ടെന്ന് നിന്നോട് ചേര്‍ത്ത് എന്റെ വിഷമങ്ങള്‍ മാറ്റി കാത്തുരക്ഷിക്കണം

ശബ്ദാലങ്കാരങ്ങൾ:
ദ്വിതീയാക്ഷരപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (ങ്ങി/ഗം/ങ്ങ); ഭംഗം എന്നതില്‍ അക്ഷരം ഗ ആണെങ്കിലും ഭംഗം എന്ന് പറയുമ്പോള്‍ ഏതാണ്ട് ങ്ങ എന്ന പോലെയുള്ള ശബ്ദം ആണല്ലോ; അതിനാല്‍ പൊതുവെ ദ്വിതീയാക്ഷരപ്രാസമായി കാണുന്നു
അനുപ്രാസം (വ്യഞ്ജനം ഇടയ്ക്കിടക്ക് ആവർത്തിച്ചു വരുന്നത്):  തിങ്ങിപ്പൊങ്ങി, മുങ്ങിപ്പൊങ്ങിക്കുഴങ്ങീ, ടിനൊരടിയനെ, ഭംഗം കൂടാതപാംഗ, ത്തരണിയിലണയെ, ഭവാംഭോനിധി
കലാശപ്രാസം: പല പാദങ്ങളിലും  അവസാനഭാഗത്ത് സമാനമായ ശബ്ദം വരുന്നത്  ശ്രദ്ധിക്കുക
യത്തല്‍തീര്‍ത്താത്തമോദം, ച്ചേര്‍ത്തുടന്‍ കാത്തിടേണം , ശൈലകന്യേ വദാന്യേ

+വെണ്മണി  ഇല്ലം സ്ഥിതിചെയ്യുന്ന ശ്രീമൂലനഗരത്തിനും കാഞ്ഞൂരിനും ഇടയ്ക്കുള്ള ഒരു അമ്പലമാണ് ചെങ്ങൽ ഭഗവതീ ക്ഷേത്രം . വെണ്മണിമാരുടെ പല കൃതികളിലും ഇഷ്ടദേവതാവന്ദനമായി തിര വൈരാണിക്കുളത്തപ്പന്‍റേയും  അവിടത്തെ ശ്രീപാര്‍വതിയുടേയും കൂടെ ചെങ്ങൽ ഭഗവതിയെയും സ്മരിച്ചു കാണുന്നുണ്ട്.

Saturday, July 25, 2020

ശ്ലോകപരിചയം: ശ്ലോകം 11

ശ്ലോകപരിചയം

ശ്ലോകം 11:
ശ്രീമൂലം പാപജാലം പലതുമഹമുപാര്‍-
ജ്ജിച്ചു കെല്പുള്ളവണ്ണം
സ്ത്രീമൂലം വന്നിടാവുന്നൊരുദുരിതമിനി-
ബ്ബാക്കിയില്ലോര്‍ക്കിലൊന്നും
വാമൂലം, വാമദേവപ്രണയിനി, ചെറുതോ
പാതകം ഹാ തവാംഘ്രി-
ശ്രീമൂലം വിട്ടുപോയാലടിയനുനരകാ-
വാസമാചന്ദ്രതാരം


കവി / കൃതി:
ഒറവങ്കര നീലകണ്ഠന്‍ നമ്പൂതിരി (രാജാവ്), ദേവീവ്യപാശ്രയസ്തോത്രത്തില്‍

സല്പാത്രത്തിലൊഴിച്ചതില്ലൊരുതവിത്തോയം, ബഹ്മാവിന്റെയുമന്തകന്റെയുമഹോ, സൃഷ്ടിച്ചൂ മര്‍ത്ത്യദേഹം എന്നീ ശ്ലോകങ്ങള്‍ നമ്മുടെ സദസ്സുകളില്‍ ചൊല്ലാറുള്ളത് ഈ കൃതിയില്‍ നിന്നാണ്

വൃത്തം: സ്രഗ്ദ്ധര
വൃത്തലക്ഷണം: ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും

അതായത് മഗണം, രഗണം, ഭഗണം, നഗണം, യഗണം, യഗണം, യഗണം

---/-v-/-(യതി)vv/vvv/v-(യതി)-/v--/v--

v ലഘു, - ഗുരു

വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ


അർത്ഥം:
ശ്രീമൂലം (ധനം  ഉള്ളത് ദുര്‍വിനിയോഗം ചെയ്ത്) പാപജാലം പലതുമഹമുപാര്‍ജ്ജിച്ചു കെല്പുള്ളവണ്ണം  (പറ്റുന്ന പോലെയൊക്കെ പല പാപവും സമ്പാദിച്ചു) സ്ത്രീമൂലം വന്നിടാവുന്നൊരുദുരിതമിനി (ഇനി സ്ത്രീസംസര്‍ഗ്ഗം മൂലം വരാവുന്ന ദുരിതങ്ങളും) ബ്ബാക്കിയില്ലോര്‍ക്കിലൊന്നും (ബാക്കിയില്ലാതെ എല്ലാം തന്നെ വന്നുചേര്‍ന്നു) വാമൂലം (കെട്ട വാക്കുകള്‍ കൊണ്ട്), വാമദേവപ്രണയിനി (വാമദേവന്‍ = ശിവന്‍ , വാമദേവപ്രണയിനി = ശിവപ്രിയ = ശ്രീപാര്‍വ്വതി), ചെറുതോ പാതകം (ചെറുതല്ല ചെയ്ത ദോഷങ്ങള്‍) ഹാ (കഷ്ടം) തവാംഘ്രിശ്രീമൂലം (ഐശ്വര്യത്തിന്‍റെ ആശ്രയമായ ദേവിയുടെ പാദങ്ങള്‍ ) വിട്ടുപോയാല്‍ അടിയനു (എനിക്ക് ) നരകാവാസം (നരകത്തിലെ ആവാസം) ആചന്ദ്രതാരം (നിത്യവും)

സാരാര്‍ത്ഥം:
അല്ലയോ ശ്രീപാര്‍വതീദേവി ധനം,  തെറ്റായി ഉപയോഗിച്ച് പല തെറ്റും ചെയ്തു, സ്ത്രീസംസര്‍ഗ്ഗം കൊണ്ടുവരുന്ന ദുരിതങ്ങളും ഉണ്ടായി, വാക്കുകൊണ്ടും നിരവധി പാപങ്ങള്‍ ചെയ്തു, ദേവിയുടെ തൃപ്പാദം തുണയ്ക്കില്ലെങ്കില്‍ എന്നും നരകവാസം തന്നെയാവും എനിക്ക് അനുഭവം   

ശബ്ദാലങ്കാരങ്ങൾ:
ദ്വിതീയാക്ഷരസജാതീയപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (മൂ)
 
ത്രിതീയാക്ഷരസജാതീയപ്രാസം: എല്ലാ പാദത്തിലേയും മൂന്നാം അക്ഷരം (ലം)

അനുപ്രാസം:  ശ്രീമൂലം/പാപജാലം, വാമൂലം/വാമ, ബ്ബാക്കിയി/ല്ലോര്‍ക്കിലൊന്നും, ചെറുതോ/പാതകം

Wednesday, July 22, 2020

ശ്ലോകപരിചയം : ശ്ലോകം 10

ശ്ലോകപരിചയം

ശ്ലോകം 10:

വെക്കം മുപ്പാര്‍ സമം സാപ്പിടുവതിനു യമന്‍
നീട്ടിടും മൂന്നു നാക്കോ
ചൊല്‍ക്കൊള്ളും വിഷ്ണുപാദാരുണിമ തിരളുമാ
ഗംഗ തന്‍ മൂന്നൊഴുക്കോ
മുക്കണ്ണന്‍ ചൊല്ലില്‍ മൂന്നന്തിയുമണയുവതോ-
യെന്നുവാനോര്‍ നിനയ്ക്കു-
ന്നക്കാളീശൂലമേല്‍ക്കും മഹിഷനിണമൊഴു-
ക്കൂത്തു മൂന്നും ജയിക്ക

കവി / കൃതി: നടുവത്ത് മഹന്‍ നമ്പൂതിരിയുടെ  ഒറ്റശ്ലോകം

വൃത്തം: സ്രഗ്ദ്ധര
വൃത്തലക്ഷണം: ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും

അതായത് മഗണം, രഗണം, ഭഗണം, നഗണം, യഗണം, യഗണം, യഗണം

---/-v-/-(യതി)vv/vvv/v-(യതി)-/v--/v--

v ലഘു, - ഗുരു

വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ


അർത്ഥം:
വെക്കം (വേഗം) മുപ്പാര്‍ സമം (മൂന്ന് ലോകവും ഒരുപോലെ) സാപ്പിടുവതിനു (വിഴുങ്ങുന്നതിന്) യമന്‍ നീട്ടിടും മൂന്നു നാക്കോ (കാലന്‍ നീട്ടുന്ന നാക്കാണോ), ചൊല്‍ക്കൊള്ളും (പേരുകേട്ട) വിഷ്ണുപാദാരുണിമ (വിഷ്ണുവിന്റെ പാദത്തിന്റെ ചുവപ്പു നിറം) തിരളുമാ (പ്രകാശിക്കുന്ന) ഗംഗ തന്‍ (ഗംഗയുടെ) മൂന്നൊഴുക്കോ (മൂന്ന് കൈവഴികളോ), മുക്കണ്ണന്‍ ചൊല്ലില്‍ (പരമശിവന്റെ കല്പനപ്രകാരം) മൂന്നന്തിയുമണയുവതോ (മൂന്ന് സന്ധ്യകളും ഒരുമിച്ചുകാണപ്പെടുന്നതാണോ) എന്നു വാനോര്‍ നിനയ്ക്കുന്ന (ഇങ്ങിനെ സ്വര്‍ ഗ്ഗവാസികള്‍ സംശയിക്കുന്ന)  ക്കാളീശൂലമേല്‍ക്കും (കാളിയുടെ ശൂലമേറ്റിട്ടുവരുന്ന) മഹിഷനിണമൊഴുക്കൂത്തു (മഹിഷാസുരന്റെ ദേഹത്തില്‍ നിന്നും വരുന്ന രക്തപ്രവാഹം) ജയിക്ക

സാരാര്‍ത്ഥം:
ഭഗവതിയുടെ ശൂലം കൊണ്ട് മഹിഷാസുരന്റെ ദേഹത്തിലേറ്റ മൂന്ന് മുറിവുകളില്‍ നിന്നും ഒലിച്ച  ചോരയുടെ ഒഴുക്ക് കണ്ടിട്ട് യമന്‍ മൂന്ന് ലോകവും വിഴുങ്ങാന്‍ നീട്ടുന്ന നാക്കാണോ, വിഷ്ണുപാദത്തില്‍ നിന്നും ഒഴുകിവരുന്ന ഗംഗയുടെ (ത്രിപഥഗാ അല്ലെങ്കിൽ ത്രിസ്രോതസ്സ് ) മൂന്ന് കൈവഴികള്‍ ആണോ, പരമശിവന്റെ കല്പനപ്രകാരം മൂന്ന് സന്ധ്യകളും ഒരുമിക്കുന്നതാണോ എന്ന് ദേവന്മാര്‍ക്ക് ശങ്കയുളവാകുമത്രേ. ആ ഒഴുക്ക് ജയിക്ക എന്ന് ഭഗവതിസ്തുതി 

ശബ്ദാലങ്കാരങ്ങൾ:
അഷ്ടാക്ഷരപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരവും (ക്കം, ല്‍ക്കൊ, ക്ക, ക്കാ) അവസാനത്തെ (ക്കോ, ക്കോ, യ്ക്കു,,ക്ക) അക്ഷരവും ശ്രദ്ധിക്കുക

Monday, July 20, 2020

ശ്ലോകപരിചയം: ശ്ലോകം 9

ശ്ലോകപരിചയം

ശ്ലോകം 9:

സാപ്പാടിന്നായ് ക്ഷണിച്ചീടിന ധനദനൊരു-
ക്കിച്ചുവച്ചുള്ള സദ്യ-
ക്കോപ്പാകെത്തീര്‍ത്തൊരാനത്തലയനു ജഠര-
ത്തീപ്പിശാചൊന്നടങ്ങാന്‍
തപ്പാതെന്തോ ജപിച്ചൂതിയ മലര്‍മണിയാ-
മമ്പുതാങ്ങിക്കൊടുത്താ-
മുപ്പാരിന്‍ മൂപ്പരാകും മലര്‍വിശിഖരിപു-
സ്വാമി സൌഖ്യം തരട്ടെ

കവി / കൃതി: ഒടുവില്‍ കുഞ്ഞുകൃഷ്ണമേനോന്റെ  ഒറ്റശ്ലോകം

വൃത്തം: സ്രഗ്ദ്ധര
വൃത്തലക്ഷണം: ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും

അതായത് മഗണം, രഗണം, ഭഗണം, നഗണം, യഗണം, യഗണം, യഗണം

---/-v-/-(യതി)vv/vvv/v-(യതി)-/v--/v--

v ലഘു, - ഗുരു

വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

അർത്ഥം:
സാപ്പാടിന്നായ് (ഭക്ഷണത്തിനായ്) ക്ഷണിച്ചീടിന (ക്ഷണിച്ച) ധനദനൊരുക്കിച്ചുവച്ചുള്ള (കുബേരന്‍ ഒരുക്കിവച്ച) സദ്യക്കോപ്പാകെ (സദ്യയിലെ വിഭവങ്ങള്‍ മാത്രമല്ല, അതിനുവേണ്ടതായ കലവറയടക്കമുള്ള എല്ലാ സാധനങ്ങളും ) ത്തീര്‍ത്തൊരാനത്തലയനു (കഴിച്ചു തീര്‍ത്ത ഗണപതിക്ക്) ജഠരത്തീപ്പിശാചൊന്നടങ്ങാന്‍ ( ജഠരത്തിലെ തീ ആകുന്ന പിശാച് അടങ്ങാന്‍) തപ്പാതെന്തോ (ഒട്ടും ശങ്കിക്കാതെ) ജപിച്ചൂതിയ (ജപിച്ചുകൊടുത്ത) മലര്‍മണിയാമമ്പു (പൂവാകുന്ന അന്‍പ്) താങ്ങിക്കൊടുത്താ ( അത്ര വലിയ പിശാചിനെ അടക്കാന്‍ വെറും  മലർ (puffed rice) അദ്ദേഹം കൈയില്‍ പിടിച്ച് ഒരൂത്തൂതിയാല്‍ മതി എന്ന താത്പര്യം. ) മുപ്പാരിന്‍ മൂപ്പരാകും (മൂന്ന് ലോകത്തിനും നാഥനായ) മലര്‍വിശിഖരിപുസ്വാമി (കാമദേവന്‌ ശത്രുവായ ഭഗവാന്‍) സൌഖ്യം തരട്ടെ

സാരാര്‍ത്ഥം:
കുബേരന്‍ സദ്യ ഒരുക്കിയതെല്ലാം കഴിച്ചും തീരാത്ത വിശപ്പാകുന്ന പിശാചിനെ,  ജപിച്ച  മലർ (puffed rice)  സ്നേഹത്തോടെ കൊടുത്ത് അടക്കിയ ത്രൈലോക്യനാഥനായ പരമശിവന്‍ സുഖം (എല്ലാവര്‍ക്കും) തരട്ടെ 

ശബ്ദാലങ്കാരങ്ങൾ:
സജാതീയദ്വതീയാക്ഷരപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (പ്പാ) ശ്രദ്ധിക്കുക

അനുപ്രാസം : വ്യഞ്ജനം ഇടയ്ക്കിടക്ക് ആവർത്തിച്ചു വരുന്നത്
1) ...ടിന ധനദനൊരു, 2) ത്തീര്‍ത്തൊരാനത്തലയനു, 3) മലര്‍മണിയാമമ്പു, 4) മുപ്പാരിന്‍ മൂപ്പരാകും

Sunday, July 12, 2020

ശ്ലോകപരിചയം : ശ്ലോകം 6

ശ്ലോകപരിചയം

ശ്ലോകം 6:

ചുറ്റും മുണ്ടില്ല, ചീറ്റും ചില ഫണികളണി-
ക്കോപ്പു, ഭൂതങ്ങളാണേ
ചുറ്റും, ചെന്തീയു ചിന്തും മിഴി, ചിത നടുവില്‍
കേളി, ഗംഗയ്ക്കു ചിറ്റം,
ചുറ്റും നീയെന്നു താന്‍ ചൊന്നൊരു വടുവടിവായ്
ചൊന്ന വാക്കോടു ചിത്തം
ചെറ്റും ചേരാത്ത ഗൌരീനില കരളലിയെ-
ക്കണ്ട കണ്ണേ ജയിക്ക!

കവി / കൃതി: പെട്ടരഴിയം വലിയ രാമനിളയത്‌

വൃത്തം: സ്രഗ്ദ്ധര
വൃത്തലക്ഷണം: ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും
അതായത് മഗണം രഗണം ഭഗണം നഗണം  യഗണം, യഗണം, യഗണം; ഏഴാമത്തെയും പതിനാലാമത്തെയും അക്ഷരം കഴിഞ്ഞാല്‍ യതിയും

ഈ വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

അർത്ഥം:
ചുറ്റുന്നതിന് മുണ്ടില്ല
ചീറ്റുന്ന പാമ്പുകളാണ്‌ ആഭരണങ്ങളായിട്ട് അണിയാന്‍
ചുറ്റുമുള്ളത് ഭൂതങ്ങളാണ്
കണ്ണില്‍ തീ
ചിതയുടെ നടുക്ക് കേളി (നൃത്തം)
ഗംഗയ്ക്കു ചിറ്റം (സ്നേഹം)

നീ ചുറ്റും (ഇങ്ങിനെയൊക്കെ ആയതിനാല്‍ നിനക്ക് കഷ്ടപ്പാടാവും, ശിവനെ കല്യാണം കഴിച്ചാല്‍) എന്നു താന്‍ ചൊന്നൊരു വടുവിന്‍റെ വടിവില്‍  ചൊന്ന (വടുവിന്റെ രൂപത്തില്‍ വന്ന് വ്യക്തമായി പറഞ്ഞ) വാക്കോടു (കാര്യത്തിനോട്) ചിത്തം ചെറ്റും ചേരാത്ത (മനസ്സ് അല്പം പോലും ചേരാതെ നിന്ന) ഗൌരീനില (ഗൌരിയുടെ നില) കരളലിയെക്കണ്ട (കരള്‌ അലിയും വിധം കണ്ട) കണ്ണേ (അത് ഭഗവാന്റെ തന്നെ കണ്ണാണല്ലോ) ജയിക്ക!

സാരാര്‍ത്ഥം: ദിഗംബരനും പന്നഗഭൂഷണനും ആണ്‌ ശിവന്‍, കൂടെയുള്ളത് ഭൂതങ്ങള്‍, കണ്ണില്‍ തീയാണ്, ചുടലയില്‍ നൃത്തം ചെയ്യുന്നവനാണ്‌, പോരെങ്കില്‍ ഗംഗയുമായി അടുപ്പവും ഉണ്ട്. ഇങ്ങിനെയുള്ള ആള്‍ ഭര്‍ ത്താവായാല്‍ ചുറ്റി പോകും എന്ന് ശിവന്‍ ഭിക്ഷുവായി വേഷം മാറി വന്നു പറഞ്ഞപ്പോള്‍ അത് തീരെ കൂട്ടാക്കാതെ നിന്ന ഗൌരിയുടെ നില കരളലയിന്ന മട്ടു കണ്ട ( ഭഗവാന്റെ) കണ്ണ്‌ ജയിക്കട്ടെ     

ശബ്ദാലങ്കാരങ്ങൾ:
സജാതീയദ്വതീയാക്ഷരപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (റ്റും) ശ്രദ്ധിക്കുക

യമകം:  വാക്കുകൾ ആവർത്തിച്ച് ഉപയോഗിക്കുന്നത്
ചുറ്റും എന്ന വാക്ക് മൂന്ന് തവണ മൂന്ന് അര്‍ത്ഥത്തില്‍ പ്രയോഗിച്ചിരിക്കുന്നു

അര്‍ത്ഥാലങ്കാരം: നിന്ദാസ്തുതി നിന്ദ പോലെ തോന്നിക്കുന്ന സ്തുതി

"അക്ഷരക്കൂട്ടമൊന്നായി-
ട്ടർഥം ഭേദിച്ചിടും പടി
ആവർത്തിച്ചു കഥിച്ചീടിൽ
യമകം പലമാതിരി"

Friday, July 10, 2020

ശ്ലോകപരിചയം: ശ്ലോകം 5

ശ്ലോകപരിചയം

ശ്ലോകം 5:

പാട്ടില്‍ പാണ്ഡിത്യമുണ്ടാക്കണമധികധനം
നേടണം നാടിണക്കി-
പ്പാട്ടില്‍ പാര്‍ക്കേണമെന്നീവക ദുരകളെടു-
ത്തിട്ടകത്തിട്ടിടും ഞാന്‍
കാട്ടും പാപങ്ങള്‍ പോക്കിക്കുളിര്‍കരുണ കലര്‍-
ന്നെന്നെ നീയൊന്നു പെയ്യെ-
ന്നോട്ടക്കണ്ണിട്ടു നോക്കിത്തരു തിരുപഴനി-
ത്തേവരമ്മേ വരം മേ

കവി/കൃതി:
ശിവൊള്ളി നാരായണന്‍ നമ്പൂതിരിയുടെ ഒറ്റശ്ലോകം/മുക്തകം

വൃത്തം: സ്രഗ്ദ്ധര
വൃത്തലക്ഷണം: ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും
അതായത് മഗണം രഗണം ഭഗണം നഗണം  യഗണം, യഗണം, യഗണം; ഏഴാമത്തെയും പതിനാലാമത്തെയും അക്ഷരം കഴിഞ്ഞാല്‍ യതിയും

ഈ വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

അർത്ഥം:
പാട്ടില്‍ പാണ്ഡിത്യമുണ്ടാക്കണം,അധികധനം നേടണം, നാടിണക്കിപ്പാട്ടില്‍ പാര്‍ക്കേണം (നാട്ടില്‍ എല്ലാവരേയും  ഇണക്കി പാർക്കേണം = അധീനത്തിൽ ആക്കി എന്നോട് ഇണക്കി  ജനനായകനാവണം എന്നു സാരം) എന്നീ വക ദുരകള്‍ ഞാന്‍ എടുത്ത്  അകത്തിട്ടിടും  (അങ്ങിനെയൊക്കെ മനസ്സിൽ വച്ചുകൊണ്ടിരിക്കുന്നവനാണ്‌ ഞാന്‍ ...അങ്ങിനെയൊക്കെ എനിക്ക് മോഹമുണ്ട്) - എങ്കിലും കാട്ടും (ചെയ്യുന്ന) പാപങ്ങള്‍ പോക്കി (മാറ്റി) കുളിര്‍ കരുണ കലര്‍ന്നെന്നെ ( (സുഖ)ശിതളിമയാർന്ന കരുണ
യോടെ) നീയൊന്നു പെയ്യെന്നോട്ടക്കണ്ണിട്ടു (പയ്യെന്ന് ഓട്ടക്കണ്ണിട്ട് - പതുക്കെ, ചെറുതായി... ആ ഒരു നോട്ടം മതി പാപം പോക്കാൻ എന്ന് ധ്വനി)  നോക്കിത്തരു തിരുപഴനിത്തേവരമ്മേ (ശ്രീപാര്‍വ്വതീദേവീ) വരം മേ (അതിനുള്ള) വരം തരൂ

സാരം:  പാണ്ഡിത്യമുണ്ടാക്കണം,അധികധനം നേടണം, ജനനായകനാവണം അങ്ങിനെയൊക്കെ ഉള്ളില്‍ മോഹിക്കുന്നവനാണ്‌ ഞാന്‍ എങ്കിലും ഓട്ടക്കണ്ണിട്ട് നോക്കി ചെയ്യുന്നത് തെറ്റുകള്‍ മാറ്റൂ; അതിനുള്ള വരം തരൂ

ശബ്ദാലങ്കാരങ്ങൾ:
ദ്വതീയാക്ഷരപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (ട്ടി/ട്ടി/ട്ടും/ട്ട) ശ്രദ്ധിക്കുക

കലാശപ്രാസം: പല പാദങ്ങളിലും  അവസാനഭാഗത്ത് സമാനമായ ശബ്ദം വരുന്നത്  ശ്രദ്ധിക്കുക.
നേടണം/നാടിണക്കി,   ത്തിട്ടക/ത്തിട്ടിടും, ന്നെന്നെ/നീയൊന്നു, ത്തേവരമ്മേ/വരം മേ

യമകം:  വാക്കുകൾ ആവർത്തിച്ച് ഉപയോഗിക്കുന്നത്
പാട്ടില്‍: ഒന്നും രണ്ടും പാദങ്ങളില്‍
വരമ്മേ/വരം മേ:  അവസാനപാദത്തില്‍

"അക്ഷരക്കൂട്ടമൊന്നായി-
ട്ടർഥം ഭേദിച്ചിടും പടി
ആവർത്തിച്ചു കഥിച്ചീടിൽ
യമകം പലമാതിരി"

Wednesday, July 8, 2020

ശ്ലോകപരിചയം: ശ്ലോകം 4

ശ്ലോകപരിചയം

ശ്ലോകം 4: വിദ്വാന്‍ ഇളയതമ്പുരാനെ കുറിച്ചുള്ള  ശ്ലോകം

മുറ്റും ചൈതന്യപുഞ്ജായിതനയനസരോ-
ജത്തിനോടൊത്തിണങ്ങി-
ച്ചുറ്റും പറ്റും കരിംകൂവളദളനിഭമാ-
മങ്കമത്യുന്നതാംഗം
കറ്റക്കാറൊത്തവര്‍ണ്ണം കനവടിവിയലും
ചില്ലി വിസ്തീര്‍ണ്ണവക്ഷ-
സ്സ, റ്റം മുട്ടോളമെത്തും ഭുജ, മരിയമഹാം-
ഭോധി ഗംഭീരഭാവം

കവി / കൃതി:
ആരുടെ എന്ന് അറിയില്ല, കാത്തുള്ളില്‍ കാളകണ്ഠമേനോന്‍ ഭാഷാപോഷിണിയില്‍  വിദ്വാന്‍ ഇളയതമ്പുരാനെ കുറിച്ച് എഴുതിയിട്ടുള്ള ലേഖനത്തില്‍ കണ്ടതാണ്

വൃത്തം: സ്രഗ്ദ്ധര
വൃത്തലക്ഷണം: ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും
അതായത് മഗണം രഗണം ഭഗണം നഗണം  യഗണം, യഗണം, യഗണം; ഏഴാമത്തെയും പതിനാലാമത്തെയും അക്ഷരം കഴിഞ്ഞാല്‍ യതിയും

ഈ വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

അർത്ഥം:
1. മുറ്റും (നിറച്ചുള്ള) ചൈതന്യപുഞ്ജായിതനയനസരോജത്തിനോടൊത്തിണങ്ങി (ചൈതന്യം കൂട്ടം കൂടിയതായിട്ടുള്ള, നയനങ്ങളാകുന്ന താമരകളോടു ചേരുന്ന മട്ടില്‍ )
2. ച്ചുറ്റും പറ്റും കരിംകൂവളദളനിഭമാമങ്കമത്യുന്നതാംഗം (കരിംകൂവളപ്പൂക്കളുടെ ഇതളിനു സമാനമായ അങ്കങ്ങള്‍ - അടയാളങ്ങള്‍ - പീലികള്‍ എന്നാവണം
3. ഉന്നതാംഗം - ഉയര്‍ന്നു നില്‍ക്കുന്ന ശരീരം - പൊക്കം കൂടിയ പ്രകൃതം
4. കറ്റക്കാറൊത്തവര്‍ണ്ണം (കറ്റക്കാറിനു/കാര്‍മേഘത്തിന് -  തുല്യമായ വര്‍ണ്ണം/ശരീരനിറം)
5. കന-വടിവ്-ഇയലുന്ന ചില്ലി - വിസ്താരത്തിന്‍റെ ഭംഗി ചേരുന്ന - വിസ്തൃതമായ, ഭംഗിയുള്ള പുരികങ്ങള്‍
6. വിസ്തീര്‍ണ്ണവക്ഷസ്സ് - വിരിഞ്ഞമാര്‍വിടം
7. അറ്റം മുട്ടോളമെത്തും ഭുജം - ആജാനുബാഹു (ജാനു വരെ നീളുന്ന കൈകള്‍ - "മുട്ടോളമെത്തിന ഭുജാമുസലങ്ങള്‍ രണ്ടും" - വള്ളത്തോള്‍- ബന്ധനസ്ഥനായഅനിരുദ്ധന്‍, മന്ത്രി കുംഭാഡകന്‍റെ വര്‍ണ്ണന)
8. അരിയ മഹാംഭോധിയുടെ ഗാംഭീര്യഭാവം - മഹാസമുദ്രത്തിന്‍റെ ഗാംഭീര്യം തുളുമ്പുന്ന ഭാവം - ഗൌരവസമ്പൂര്‍ണ്ണമായ ഭാവം (ഗാംഭീര്യവും സമുദ്രവും പ്രസിദ്ധമായ ഉപമ)

സാരാര്‍ത്ഥം: താമരപ്പൂ പോലത്തെ കണ്ണുകള്‍, അതിന്‌ ചേരുന്ന പുരികങ്ങള്‍,  പൊക്കം കൂടിയ പ്രകൃതം, കാര്‍മേഘം പോലത്തെ നിറം, വിരിഞ്ഞമാര്‍വിടം, ആജാനുബാഹു, മഹാസമുദ്രത്തിന്‍റെ ഗാംഭീര്യം തുളുമ്പുന്ന ഭാവം 

ശബ്ദാലങ്കാരങ്ങൾ:
ദ്വതീയാക്ഷരപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (റ്റും/റ്റ) ശ്രദ്ധിക്കുക

കലാശപ്രാസം: ഓരോ പാദത്തിലും അവസാനഭാഗത്ത് സമാനമായ ശബ്ദം വരുന്നത്  ശ്രദ്ധിക്കുക.
1. ജത്തിനോ/ടൊത്തിണങ്ങി, 2. മങ്കമത്യു/ ന്നതാംഗം, 3. ഭോധി ഗം/ഭീരഭാവം

Monday, July 6, 2020

ശ്ലോകപരിചയം: ശ്ലോകം 3

ശ്ലോകപരിചയം

ശ്ലോകം 3:

നാശം നാട്ടാർക്കുദിപ്പിപ്പതിനതിവിരുതു -
ള്ളെംഡനീയിൻഡ്യപുക്കു-
ദ്ദേശം സാധിച്ചുകൊണ്ടങ്ങനെ ചില ദിവസം
സഞ്ചരിച്ചഞ്ചിടാതെ
ക്ലേശം ചെറ്റിങ്ങുചേർത്തെങ്കിലുമതുകടലിൽ
താഴ്കയാലാകവേയി-
ദ്ദേശം നിർബാധമായീനിഖിലവുമിതുപോ-
ലായ് വരും ദൈവയോഗാൽ

കവി / കൃതി:
ഐതിഹ്യമാല എഴുതിയ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ആധുനികയുദ്ധം എന്ന കൃതിയിൽ നിന്നും ആണ്. ഒന്നാം ലോകമഹായുദ്ധത്തെ മഹാഭാരതയുദ്ധവുമായി താരതമ്യം ചെയ്തുകൊണ്ടുള്ള കൃതിയാണ്.

ആ കാലഘട്ടത്തിൽ ഇന്ത്യൻ കടൽത്തീരങ്ങളെ ഭയപ്പെടുത്തിയ SMS Emden എന്ന കപ്പല്‍  നെ കുറിച്ചാണ് ഈ ശ്ലോകത്തിലെ പരാമർശം. ആ കപ്പലിൻ്റെ പേരിൽ നിന്നാണത്രേ മലയാളത്തിൽ എമണ്ടൻ എന്ന വാക്കു വന്നത്. തമിഴിലും സമാനമായ വാക്കുണ്ട്.

വൃത്തം: സ്രഗ്ദ്ധര
വൃത്തലക്ഷണം: ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും

അതായത് ഒരു പാദത്തില്‍ ആകെ 21 അക്ഷരം .. അത് ഏഴ് അക്ഷരങ്ങള്‍ ഉള്ള മൂന്ന് ഭാഗങ്ങള്‍ ആയി വേണം .. എന്ന് വച്ചാല്‍ ഓരോ 7 അക്ഷരങ്ങളുടെയും സെറ്റ് കഴിഞ്ഞാല്‍ യതി (അര്‍ദ്ധവിരാമം) .. അതിന്‌ പാകത്തിന്‌ എഴുതണം/ചൊല്ലണം ആസ്വാദ്യമാകാന്‍ ..

ഈ വൃത്തത്തിലെ ഗുരുലഘുവിന്യാസം  നേരത്തെ സൂചിപ്പിച്ചത് പോലെ  അതിന്റെ ലക്ഷണത്തില്‍ നിന്ന് തന്നെ കണ്ടുപിടിക്കുമല്ലോ അല്ലേ? അത് ഹോംവര്‍ക്ക് ആയി ഇരിക്കട്ടെ

അർത്ഥം:
നാശം നാട്ടാർക്ക് ഉദിപ്പിപ്പതിന്‌ (ഉണ്ടാക്കുന്നതിന്) അതിവിരുത് ഉള്ള എംഡന്‍ (കപ്പല്‍)  ഇൻഡ്യ പുക്ക് (ഇന്ത്യയില്‍ പ്രവേശിച്ച്) ഉദ്ദേശം സാധിച്ചുകൊണ്ടങ്ങനെ ചില ദിവസം അഞ്ചിടാതെ (ഭയപ്പെടാതെ/പതറാതെ) സഞ്ചരിച്ച് ക്ലേശം ചെറ്റ് (കുറച്ച് ബുദ്ധിമുട്ട്)  ഇങ്ങു ചേർത്തെങ്കിലും (ഉണ്ടാക്കിയെങ്കിലും), അതു കടലിൽ താഴ്കയാല്‍ ഈ ദേശം ആകവേ  നിർബാധമായീ (ബാധ/ബുദ്ധിമുട്ട് ഇല്ലാത്തതായി), ദൈവയോഗാൽ  നിഖിലവും (മുഴുവനും) ഇതുപോലായ് വരും

സാരം: എംഡന്‍ എന്ന കപ്പല്‍ ബ്രിട്ടീഷ് പടയെ ഒട്ടും കൂസാതെ ഇന്‍ഡ്യന്‍  മഹാസമുദ്രത്തില്‍ വന്ന് കുഴപ്പങ്ങള്‍ നിരവധി ഉണ്ടാക്കിയെങ്കിലും അത് കടലില്‍ താഴ്ന്നതു കാരണം പ്രശ്നമില്ലാതെ ആയി, അതുപോലെ ദൈവാനുഗ്രഹത്താല്‍ എല്ലാ പ്രശ്നവും തീരും

ശബ്ദാലങ്കാരങ്ങൾ:
സജാതീയദ്വതീയാക്ഷരപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം ശം എന്നാണ്‌ എന്ന് ശ്രദ്ധിക്കുക; ഇതാണ്‌ സജാതീയദ്വിതീയാക്ഷരപ്രാസം .. രണ്ടാമത്തെ അക്ഷരം ഒന്ന് (ശം) തന്നെ, അതിന്റെ ജാതി ഒരേപോലെ (ശ എന്നാല്‍ എല്ലാ പാദവും ശ, ശി എന്നാല്‍ എല്ലാ പാദവും ശി, ശു എന്നാല്‍ എല്ലാ പാദത്തിനും ശു, അങ്ങിനെ) ഉള്ളതിനെ  സജാതീയദ്വതീയാക്ഷരപ്രാസം എന്ന് പറയുന്നു

കലാശപ്രാസം: ഓരോ പാദത്തിലും അവസാനഭാഗത്ത് സമാനമായ ശബ്ദം വരുന്നത്  ശ്രദ്ധിക്കുക. എംഡന്‍/ഇന്‍ഡ്യ (ഒന്നാം പാദത്തിലെ അവസാനഭാഗം), സഞ്ചരി/ച്ചഞ്ചിടാതെ (രണ്ടാം  പാദത്തിലെ അവസാനഭാഗം), താഴ്കയാ/ലാകവേ (മൂന്നാം  പാദത്തിലെ അവസാനഭാഗം), ലായ് വരും/ദൈവയോ (നാലാം  പാദത്തിലെ അവസാനഭാഗം)

കലാശപ്രാസത്തെ ശങ്കുണ്ണിപ്രാസം എന്നും പറയുമത്രേ, അത് കൊട്ടാരത്തില്‍ ശങ്കുണ്ണി സുലഭമായി പ്രയോഗിക്കുക കാരണം

സന്ദര്‍ഭവശാല്‍ പറയട്ടെ, ശങ്കുണ്ണിപ്രാസത്തെ ഞാന്‍ ആദ്യമായി അറിയുന്നത് സന്തോഷ് പറഞ്ഞുതന്നിട്ടാണ്