Saturday, August 15, 2020

രഥോദ്ധത: ഉദാഹരണങ്ങള്‍

 രഥോദ്ധത: ഉദാഹരണങ്ങള്‍

1. ഉമാവിവാഹം നാടകം
തീരുമാനമുര ചെയ്തിടാമെടോ
തീരുമാനമിതു കേട്ടുവെങ്കിലോ
തീരെ മാനമെഴുമപ്‌സരോമദം
തീരു,മാനനമവർക്കു വാടിടും

2. ഗംഗാവതരണം നാടകം

കോട്ടയം കവിസമാജമതിങ്കൽ
കോട്ടമറ്റൊരുപരീക്ഷയതിങ്കൽ
പുഷ്ടവേഗമതെടുത്തിഹക്കുഞ്ഞി-
ക്കുട്ടഭൂപതികൃതിച്ചുവതല്ലൊ

3. സ്യമന്തകം നാടകം
പ്രാജ്യമായ മണി കൈയുവിട്ടുടന്‍
രാജ്യപാലനു കൊടുപ്പതെങ്ങനെ?
പൂജ്യരാകുമവനൊന്നിരക്കുകില്‍
പൂജ്യമെന്നു പറയുന്നതെങ്ങനെ?

4. സോമതിലകം ഭാണം
വല്ലഭേ, രസമിയന്ന ഭാണമൊ-
ന്നല്ലല്‍ വിട്ടഭിനയിച്ചുകൊണ്ടു നാം
കല്യരായിടുമിവര്ക്കുശേഷവും
നല്ല കൗതുകമതുള്ളിലേറ്റണം

5. സീതാസ്വയംവരം നാടകം
ചൊല്ലെഴുന്ന കുലശേഖരാലയേ
കല്യഭാവമൊടു ചേർന്നു വാണിടും
നല്ല സജ്ജനസദസ്സിതാ രമാ-
വല്ലഭാഗ്രമതിൽ വന്നുചേർന്നുതേ

6. നാരായണീയത്തിലെ ഈ ദശകത്തിലെ ശ്ലോകങ്ങള്‍ രഥോദ്ധതയില്‍ ആണ്:
ദശകം 4 (അഷ്ടാംഗയോഗം), ദശകം 47 (ഉലൂഖലബന്ധനം), ദശകം 59 (വേണുഗാനം)

7. രഥോദ്ധത വാസ്തവത്തിൽ കുസുമസഞ്ജരി എന്ന വലിയ വൃത്തത്തിലേക്കുള്ള പ്രവേശം കൂടിയാണ്.  നാരായണീയം രാസക്രീഡയിലെ ഏതെങ്കിലും ഒരു വരിയിലെ ആദ്യത്തെ 9 അക്ഷരങ്ങൾ താഴെ കൊടുത്തിട്ടുള്ള സമസ്യയുമായി വേണ്ടവർക്ക് ഒന്ന് താരതമ്യം ചെയ്യാം.

വൃത്തപരിചയം - 4

 വൃത്തപരിചയം - 4

അനുഷ്ടുപ്പ്, ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര എന്നീ വൃത്തങ്ങള്‍ സമസ്യാപൂരണവും സ്വതന്ത്രശ്ലോകങ്ങളും എഴുതി പരിചയപ്പെട്ടുവല്ലോ. ഏതാണ്ട് ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും പോലെ തന്നെയാണ്‌ ഇന്ദ്രവംശയും വംശസ്ഥവും .. ഇന്ദ്രവജ്രയുടെ ഓരോ വരിയിലും പതിനൊന്നാം അക്ഷരം ലഘുവും പന്ത്രണ്ടാമതൊരക്ഷരം ഗുരുവായും വന്നാല്‍ ഇന്ദ്രവംശയായി. അതുപോലെ ഉപേന്ദ്രവജ്രയുടെ ഓരോ വരിയിലും പതിനൊന്നാം അക്ഷരം ലഘുവും പന്ത്രണ്ടാമതൊരക്ഷരം ഗുരുവായും വന്നാല്‍ വംശസ്ഥമായി... അതുകൊണ്ട് ഒരുപക്ഷേ ആ വൃത്തങ്ങള്‍  ആവര്‍ത്തനവിരസത തോന്നിക്കാം എന്ന് തോന്നുന്നു. അതിനാല്‍ തല്‍ക്കാലത്തേയ്ക്ക് ഒഴിവാക്കുന്നു

നേരത്തെയുള്ള പ്ലാന്‍ പ്രകാരം അടുത്ത മാസം അക്ഷരശ്ലോകസദസ്സിന്റെ മൂന്നാം റൌണ്ട് തുടങ്ങുമല്ലോ. ഇന്ദ്രവംശയും വംശസ്ഥവും അതുകഴിഞ്ഞാവാം എന്ന് കരുതുന്നു

ഇന്ന് പരിചയപ്പെടുന്നത് ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും പോലെ തന്നെ ലളിതവും വളരെയധികം കണ്ടുവരുന്നതും ആയ രഥോദ്ധത എന്ന വൃത്തം ആണ്. . ഈ വൃത്തത്തിലും ഒരോ വരിയിലും 11 അക്ഷരങ്ങൾ ആണ്

വൃത്തം: രഥോദ്ധത 

വൃത്തലക്ഷണം :  രം നരം ല ഗുരുവും രഥോദ്ധത

ഗുരുലഘുവിന്യാസം*: -v-/vvv/-v-/v-

താളം/ചൊൽവഴി:

തം ത തം/ ത ത ത/തം ത തം/ത തം  

പതിവ് പോലെ, ഇന്ന് (ഓഗസ്റ്റ് 16) മുതൽ ഓഗസ്റ്റ് 22 വരെ രഥോദ്ധതയിൽ സമസ്യാപൂരണം ആവാം എന്ന് കരുതുന്നു. അതു കഴിഞ്ഞ് ഓഗസ്റ്റ് 23 മുതൽ ഓഗസ്റ്റ് 29 വരെ രഥോദ്ധതയില്‍ സ്വന്തം ശ്ലോകങ്ങള്‍ 

* v ലഘു, -   ഗുരു

ശ്ലോകപരിചയം: ശ്ലോകം 20

ശ്ലോകപരിചയം


ശ്ലോകം 20:

കില്ലെന്ന്യേ ബഹുനാള്‍ ഭജിക്കിലുമിവ-
ന്നായൊന്നുമേ നല്കിയി-
ട്ടില്ലെന്നുള്ളതുകൊണ്ടെനിക്കൊരു കട-
ക്കാരത്തിയായ് തീര്‍ന്നു നീ
വല്ലെന്നാലുമകം കനിഞ്ഞൊരുവരം
തന്നിക്കടപ്പാടു തീര്‍-
ക്കില്ലെന്നാകിലപര്‍ണ്ണയെന്ന തവ പേ-
രീശാനി മോശപ്പെടും

കവി / കൃതി: വള്ളത്തോള്‍ നാരായണമേനോന്റെ ഒറ്റശ്ലോകം 

വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം
വൃത്തലക്ഷണം: പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം

അതായത് മഗണം സഗണം ജഗണം സഗണം  തഗണം, തഗണം  പിന്നെ ഒരു ഗുരു


---/vv-/v-v/vv-/(യതി)--v/--v/-

v ലഘു, - ഗുരു

വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

അർത്ഥം:
(അല്ലയോ) ഈശാനി (ശ്രീപാര്‍വ്വതീ), കില്ലെന്ന്യേ (സംശയമില്ലാതെ) ബഹുനാള്‍ (പല ദിവസം) ഭജിക്കിലും (ഭജിച്ചിട്ടും) ഇവന്നായ് (ഇവനു വേണ്ടി) ഒന്നുമേ (ഒന്നും തന്നെ) നല്കിയിട്ടില്ല (തന്നില്ല) എന്നുള്ളതുകൊണ്ട് (എന്നതുകൊണ്ട്) എനിക്കൊരു കടക്കാരത്തിയായ് തീര്‍ന്നു (എനിക്ക് കടക്കാരിയായി) നീ (ഭഗവതി) വല്ലെന്നാലുമകം (വല്ലവിധേനയും) കനിഞ്ഞൊരുവരം (കനിഞ്ഞു ഒരു വരം) 

തന്നിക്കടപ്പാടു (തന്ന് ഈ കടപ്പാട്) തീര്‍ക്കില്ലെന്നാകില്‍ (തീര്‍ക്കൂകയില്ല എങ്കില്‍) അപര്‍ണ്ണ  (അപര്‍ണ്ണ എന്നാല്‍ കടത്തെ കളയുന്നവര്‍ എന്നും അര്‍ത്ഥം ഉണ്ട്) എന്ന തവ (നിന്റെ) പേര്‍ മോശപ്പെടും (ചീത്തയാകും) 

സാരാര്‍ത്ഥം:
അല്ലയോ ശ്രീപാര്‍വ്വതീദേവീ, പല ദിവസം ഭഗവതിയെ ഭജിച്ചിട്ടും ഒന്നും തന്നില്ല. ഇങ്ങിനെയൊരു കടം ഭഗവതിക്ക് എന്നോട് ഉണ്ട്. ഭഗവതി കനിഞ്ഞു ഒരു വരം തന്നിട്ട് ഈ കടം തീര്‍ക്കാതിരുന്നാല്‍ അപര്‍ണ്ണയെന്ന ഭഗവതിയുടെ പേരു ചീത്തയാകും. (കടത്തെ കളയുന്നവള്‍ അത് വീട്ടണമല്ലോ; അതുകൊണ്ട് വരം തരണം എന്ന് അപേക്ഷ) 

ശബ്ദാലങ്കാരങ്ങൾ:
ദ്വിതീയാക്ഷരസജാതീയപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (ല്ലെ)
കലാശപ്രാസം: പല പാദങ്ങളിലും  അവസാനഭാഗത്ത് സമാനമായ ശബ്ദം വരുന്നത്  ശ്രദ്ധിക്കുക
ന്നായൊ/ന്നുമേ,  ക്കാരത്തിയായ്/തീര്‍ന്നു, ക്കട/പ്പാടു, രീശാനി/മോശപ്പെടും

ശ്ലോകപരിചയം: ശ്ലോകം 19

 ശ്ലോകപരിചയം

ശ്ലോകം 19:

മുട്ടിക്കൂടീട്ടു നിന്‍ കാല്‍ത്തളിരിണ പണിയു-
ന്നോര്‍ക്കു കാര്യങ്ങളെല്ലാം
മുട്ടി ക്രൂരാധി ചേരുന്നതിനുടനിടയായ്-
ത്തീരുമോ ചാരുമൂര്‍ത്തേ
തട്ടിത്താപാഗ്നി ചുട്ടുള്ളൊരുഹൃദയമൊടും
ശ്രീപതേ ഞാന്‍ ഭവല്‍ക്കാല്‍-
ത്തട്ടില്‍ത്താനേ കിടക്കും കരുണ തവ കിട-
യ്ക്കാതെ മാറില്ല തെല്ലും


കവി / കൃതി: പന്തളം കേരളവര്‍മ്മയുടെ ലക്ഷ്മീശദശകത്തില്‍ നിന്നും 

വൃത്തം: സ്രഗ്ദ്ധര

വൃത്തലക്ഷണം: ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും

അതായത് മഗണം, രഗണം, ഭഗണം, നഗണം, യഗണം, യഗണം, യഗണം

---/-v-/-(യതി)vv/vvv/v-(യതി)-/v--/v--

v ലഘു, - ഗുരു

വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

അർത്ഥം:
ശ്രീപതേ (അല്ലയോ ശ്രീപതേ; മഹാലക്ഷ്മിയുടെ പതിയായ വിഷ്ണുഭഗവാനേ) മുട്ടിക്കൂടീട്ടു (അടുത്തുകൂടീട്ട്) നിന്‍ കാല്‍ത്തളിരിണ  (കാലുകളാകുന്ന തളിരിന്‍റെ ജോഡി - പാദയുഗ്മം) പണിയുന്നോര്‍ക്കു (സേവിക്കുന്നവര്‍ക്ക്) കാര്യങ്ങളെല്ലാം മുട്ടി (ഒരു കാര്യവും നടക്കാതെ) ക്രൂരാധി (വല്ലാത്ത വിഷമം ) ചേരുന്നതിന്‌ (ഉണ്ടാകുവാന്‍) ഉടന്‍ ഇടയായ് തീരുമോ (സാദ്ധ്യതയുണ്ടോ; ഇല്ല എന്ന് ധ്വനി) ചാരുമൂര്‍ത്തേ (സുന്ദരനായ ഭഗവാനേ). തട്ടിത്താപാഗ്നി ചുട്ടുള്ളൊരു (താപം ചൂട് എന്നും ദുഃഖം എന്നും (മേഘദൂതം സന്തപ്താനാം - ചൂടു തട്ടിയവര്‍ക്ക് എന്നും ദുഃഖിക്കുന്നവര്‍ക്ക് എന്നും) വിഗ്രഹിക്കുമ്പോള്‍ - ചൂടുള്ള തീ എന്നും ദുഃഖത്തിന്‍റെ ചൂട് എന്നും - അത് തട്ടി ദഹിക്കുന്ന) ഹൃദയമൊടും (ഹൃദയത്തോടെ) ഞാന്‍ ഭവല്‍ക്കാല്‍ത്തട്ടിത്താനേ കിടക്കും (താനേ - ഒറ്റയ്ക്ക് എന്നും അവിടെത്തന്നെ എന്നും.  താപവും താനേയും രണ്ടും ധ്വന്യാത്മകമാണ് -  ഞാന്‍ ഭവാന്റെ കാല്‍ക്കല്‍ തന്നെ കിടക്കും) തവ കരുണ കിടയ്ക്കാതെ (ഭവാന്റെ കരുണ ലഭിക്കാതെ) മാറില്ല തെല്ലും (മാറിപ്പോവില്ല)

സാരാര്‍ത്ഥം:
വിഷ്ണുഭഗവാനേ, നിന്റെ അടുത്തു വന്ന് സേവിക്കുന്നവര്‍ക്ക് ഒരു കാര്യവും നടക്കാതെയായി വല്ലാത്ത വിഷമം ഒന്നും വരില്ല (ഇത് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ എനിക്ക് വിഷമങ്ങള്‍ ഉണ്ട്. അതു മാറ്റാന്‍). ഭഗവാന്‍ കനിയുന്നതുവരെ, വിഷമിക്കുന്ന ഹൃദയത്തോടെ, ഞാന്‍ ഭവാന്റെ കാല്‍ക്കല്‍ തന്നെ കിടക്കും.

ശബ്ദാലങ്കാരങ്ങൾ:
ദ്വിതീയാക്ഷരസജാതീയപ്രാസം:  എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (ട്ടി)
കലാശപ്രാസം: പല പാദങ്ങളിലും  അവസാനഭാഗത്ത് സമാനമായ ശബ്ദം വരുന്നത്  ശ്രദ്ധിക്കുക

തീരുമോ ചാരുമൂര്‍ത്തേ, മാറില്ല തെല്ലും

അനുപ്രാസം (വ്യഞ്ജനം ഇടയ്ക്കിടക്ക് ആവർത്തിച്ചു വരുന്നത്):
മുട്ടി/ക്കൂടീട്ടു , തളിരിണ/പണിയു, നുടനിടയായ്, ത്തട്ടില്‍ ത്താനേ, കിടക്കും കരുണ തവ കിടയ്ക്കാതെ

Monday, August 10, 2020

ശ്ലോകപരിചയം : ശ്ലോകം 18

 ശ്ലോകപരിചയം


ശ്ലോകം 18:

അവനമാവനമാലി നടത്തുമെ-
ന്നിഹ മുദാഹമുദാര! നിനച്ചു താന്‍
ഭുവനപാവന! പാര്‍ക്കുവതെന്നതോര്‍-
ക്കണമിതാണമിതാദരമാശ മേ

കവി / കൃതി: കെ സി കേശവപിള്ളയുടെ കേശവാഷ്ടകത്തില്‍ നിന്ന്

വൃത്തം: ദ്രുതവിളംബിതം
വൃത്തലക്ഷണം: ദ്രുതവിളംബിതമാം നഭവും ഭരം

അതായത് നഗണം ഭഗണം ഭഗണം  രഗണം

vvv/-vv/-vv/-v-

v ലഘു, - ഗുരു

വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

അർത്ഥം:

(ഹേ) ഭുവനപാവന! (ലോകം പാലിക്കുന്നവനേ) (ഹേ) ഉദാര (ദയാശീല)  അവനം (പാലനം രക്ഷണം) ആ വനമാലി (വിഷ്ണു/കൃഷ്ണന്‍ ആയ നീ) നടത്തും എന്ന് ഇഹ (ഇവിടെ) മുദാ (സന്തോഷത്തോടെ) അഹം (ഞാന്‍) നിനച്ചു താന്‍ (വിചാരിച്ചു തന്നെയാണ്)  പാര്‍ക്കുവത് (താമസിക്കുന്നത്/ജീവിക്കുന്നത്) എന്നതോര്‍ക്കണം (എന്ന് അങ്ങ് ഓര്‍ത്തുകൊള്ളും) ഇതാണ്‌ മേ (എന്റെ) അമിതാദരം (അമിതമായ ആദരവോട് കൂടിയുള്ള) ​ആശ 

സാരാര്‍ത്ഥം:
ലോകം പാലിക്കുന്ന ദയാശീലനായ ഭഗവാനേ, ഈ ലോകത്തെ ഭഗവാന്‍ പാലിക്കും രക്ഷിക്കും എന്ന് വിചാരിച്ചാണ്‌ ഞാന്‍ സമാധാനമായി ഇരിക്കുന്നത്. ഇത് നീ ഓര്‍ക്കണം എന്നതാണ്‌ എന്റെ വലിയ ആഗ്രഹം 

ശബ്ദാലങ്കാരങ്ങൾ:
അനുപ്രാസം (വ്യഞ്ജനം ഇടയ്ക്കിടക്ക് ആവർത്തിച്ചു വരുന്നത്):
അവനമാവനമാലി, ന്നിഹ മുദാഹമുദാര, ഭുവനപാവന

യമകം (അക്ഷരക്കൂട്ടം പല അര്‍ത്ഥത്തില്‍ ആവർത്തിച്ച് ഉപയോഗിക്കുന്നത്): 
നാലുപാദങ്ങളിലും: അവനമാവന, മുദാഹമുദാര, ഭുവനപാവന, മിതാണമിതാ

Sunday, August 9, 2020

ശ്ലോകപരിചയം : ശ്ലോകം 17

 ശ്ലോകപരിചയം

ശ്ലോകം 17:

നെറ്റിക്കണ്ണന്റെ മൂന്നാം തിരുമിഴിയിലെഴും
നാളമേറ്റങ്ങുമിങ്ങും
പറ്റിച്ചേര്‍ന്നുള്ള പുത്തന്‍മഷിയെയുടനണി-
ത്തിങ്കളില്‍ക്കാണ്‍കമൂലം
നെറ്റിച്ചാന്തിത്രചിന്നും വിധമധികപണി-
പ്പെട്ടഹോ ഗംഗയെന്നെ-
പ്പറ്റിച്ചൂ കള്ളിയെന്നോര്‍ത്തുമയൊരുനെടുവീര്‍-
പ്പിട്ടതിന്നായ് തൊഴുന്നേന്‍ 

കവി / കൃതി:
ചമ്പത്തില്‍ ചാത്തുക്കുട്ടി മന്നാടിയാരുടെ ഒറ്റശ്ലോകം 

വൃത്തം: സ്രഗ്ദ്ധര

വൃത്തലക്ഷണം: ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും

അതായത് മഗണം, രഗണം, ഭഗണം, നഗണം, യഗണം, യഗണം, യഗണം
---/-v-/-(യതി)vv/vvv/v-(യതി)-/v--/v--

v ലഘു, - ഗുരു

വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

അർത്ഥം:

നെറ്റിക്കണ്ണന്റെ (മുക്കണ്ണനായ ശിവന്റെ) മൂന്നാം തിരുമിഴിയിലെഴും (മൂന്നാമത്തെ കണ്ണിലുള്ള) നാളമേറ്റ് (തീനാളം കൊണ്ട്) അങ്ങുമിങ്ങും 

പറ്റിച്ചേര്‍ന്നുള്ള (നെറ്റിയില്‍  അവിടവിടെയായി) പുത്തന്‍മഷിയെ (പുതിയ മഷി... ചന്ദ്രനില്‍ കാണുന്നത് കണ്ണിലെ ജ്വാലയുടെ കരിയാണ്; മഷി കരി...  അതാണ് പുത്തന്‍ മഷി ) ഉടന്‍ അണിത്തിങ്കളില്‍ ക്കാണ്‍കമൂലം (ഉടനെ നെറ്റി എന്ന് താന്‍ ധരിച്ചു നോക്കുന്നതില്‍ കണ്ടത് ഗംഗയുടെ നെറ്റിയിലെ ചാന്താണെന്ന് ശ്രീപാര്‍വ്വതി ധരിച്ചു.. ഭഗവാന്‍റെ നെറ്റിത്തടത്തിനും ബാലചന്ദ്രന്‍റെ ആകൃതിയാണ്; പ്രസിദ്ധമായ ഉപമ സുന്ദരമായ നെറ്റിയും ചന്ദ്രക്കലയും)) നെറ്റിച്ചാന്തിത്രചിന്നും വിധം (നെറ്റിയുള്ള ചാന്ത് ഇത്രയ്ക്ക് എല്ലായിടത്തും ആകുവാന്‍) അധികപണിപ്പെട്ടഹോ ഗംഗ  എന്നെപ്പറ്റിച്ചൂ കള്ളി (ഇപ്പോള്‍ നെറ്റി എന്ന് താന്‍ ധരിച്ചു നോക്കുന്നതില്‍ കണ്ടത് ഗംഗയുടെ നെറ്റിയിലെ ചാന്താണെന്ന് ധരിച്ചു. ഇങ്ങനെ അധികപണിപ്പെട്ട്  സംഗമശങ്ക ഉണ്ടായി) എന്ന് ഓര്‍ത്ത് ഉമ (എന്ന് ശ്രീപാര്‍വ്വതീദേവി ഓര്‍ത്ത്) ഒരു നെടുവീര്‍പ്പിട്ടതിന്നായ് (അത് ചന്ദ്രനാണെന്ന് മനസ്സിലായപ്പോള്‍  സമാധാനത്തിന്‍റെ നെടുവീര്‍പ്പ് ) തൊഴുന്നേന്‍ (തൊഴുന്നു)

സാരാര്‍ത്ഥം:
പരമശിവന്റെ മൂന്നാമത്തെ കണ്ണിലുള്ള തീനാളമേറ്റ് അവിടവിടെയായി പറ്റിപ്പിടിച്ച പുത്തന്‍മഷി ഉടനെ ആദ്യം നെറ്റിയിലും പിന്നെയും മേല്പോട്ട് നോക്കിയപ്പോള്‍ ചന്ദ്രനിലും കണ്ടു (ചന്ദ്രനിലെ കളങ്കം). അത് ഗംഗയുടെ, നെറ്റിയുള്ള ചാന്ത് ആണ്, അത് ഭഗവാന്റെ നെറ്റിയില്‍ ആയതാണ്‌ എന്ന് ധരിച്ചു. പിന്നെ അത് ചന്ദ്രനാണ്‌ എന്ന് മനസ്സിലായി ശ്രീപാര്‍വ്വതീദേവി സമാധാനിച്ചതിനായി തൊഴുന്നു


ശബ്ദാലങ്കാരങ്ങൾ:
ദ്വിതീയാക്ഷരസജാതീയപ്രാസം:  എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (റ്റി)
കലാശപ്രാസം: പല പാദങ്ങളിലും  അവസാനഭാഗത്ത് സമാനമായ ശബ്ദം വരുന്നത്  ശ്രദ്ധിക്കുക
നാളമേറ്റങ്ങു/മിങ്ങും,  പ്പിട്ടതിന്നായ്/തൊഴുന്നേന്‍

Wednesday, August 5, 2020

ശ്ലോകപരിചയം: ശ്ലോകം 16

ശ്ലോകപരിചയം

ശ്ലോകം 16:
കണ്ഠേ നല്ല കറുപ്പുമുണ്ടൊരുമുറി-
സ്സോമന്‍ ജടാന്തസ്ഥലേ
പണ്ടേയുള്ളൊരുവെള്ളമുണ്ടുതലയില്‍
കണ്ടാലതും വിസ്മയം
ഉണ്ടേ നിങ്കലൊരെട്ടു നല്ല കരമു-
ണ്ടെന്നല്ല രുദ്രാവലീ
ശ്രീകണ്ഠേശ്വര! പിന്നെയും വെറുതെ നീ
തോല്‍മുണ്ടുടുത്തീടൊലാ

കവി / കൃതി:
വെണ്മണി മഹന്‍ നമ്പൂതിരിയുടെ ഒറ്റശ്ലോകം

വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം
വൃത്തലക്ഷണം: പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം
അതായത് മഗണം സഗണം ജഗണം സഗണം  തഗണം, തഗണം  പിന്നെ ഒരു ഗുരു

---/vv-/v-v/vv-/(യതി)--v/--v/-

v ലഘു, - ഗുരു

വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

അർത്ഥം:
(അല്ലയോ) ശ്രീകണ്ഠേശ്വര!, കണ്ഠേ (കഴുത്തില്‍) നല്ല കറുപ്പും (നീലകണ്ഠനാണല്ലോ ശിവന്‍)  ഉണ്ട്; (അതുപോലെ) ഒരു മുറിസ്സോമന്‍ (ചന്ദ്രക്കല) ജടാന്തസ്ഥലേ (ജടയ്ക്കുള്ളില്‍), തലയില്‍ പണ്ടേ ഉള്ളൊരു വെള്ളം ഉണ്ട്. കണ്ടാല്‍ അതും വിസ്മയം ഉണ്ടേ (ഉണ്ടല്ലോ). നിങ്കല്‍ (നിന്നില്‍ /നിനക്ക്) ഒരെട്ടു നല്ല കരം (നല്ല എട്ട് കൈകള്‍) ഉണ്ട്. രുദ്രാവലീ (ഏകാദശരുദ്രന്മാരുടെ നിര) ഉണ്ട്. പിന്നെയും (ഇത്രയും മുണ്ടുള്ള അവസ്ഥയ്ക്ക്) വെറുതെ നീ തോല്‍മുണ്ട് (തോല്‍ ) ഉടുത്തീടൊലാ (ഉടുത്തുകൂടാ)

സാരാര്‍ത്ഥം:
അല്ലയോ ശ്രീകണ്ഠേശ്വര!, അല്ലയോ) ശ്രീകണ്ഠേശ്വര!, നല്ല കറുപ്പു'മുണ്ട്', ഒരു മുറിസ്സോമന്‍ ജടയ്ക്കുള്ളില്‍; തലയില്‍ പണ്ടേ ഉള്ളൊരു വെള്ള'മുണ്ട്'. കണ്ടാല്‍ അതും വിസ്മയം ഉണ്ടേ (ഉണ്ടല്ലോ). നിങ്കല്‍ (നിന്നില്‍ /നിനക്ക്) ഒരെട്ടു നല്ല കര'മുണ്ട്'. ഏകാദശരുദ്രന്മാരുടെ നിര ഉണ്ട്. പിന്നെയും (ഇത്രയും 'മുണ്ടു'ള്ള അവസ്ഥയ്ക്ക്) വെറുതെ നീ തോല്‍മുണ്ട് (തോല്‍ ) ഉടുത്തീടൊലാ (ഉടുത്തുകൂടാ)

(മുണ്ട് എന്ന വാക്ക് പല അര്‍ത്ഥത്തില്‍ ഉപയോഗിച്ചിട്ട് ഇത്രയധികം മുണ്ടുള്ളപ്പോള്‍ എന്തിനാണ്‌ തോല്മുണ്ട് ഉടുക്കണ്ടാ  ന്ന് തമാശയായിട്ട് ഭഗവാനോട് പറയുന്ന സരസശ്ലോകമാണിത്)

ശബ്ദാലങ്കാരങ്ങൾ:
അനുപ്രാസം (വ്യഞ്ജനം ഇടയ്ക്കിടക്ക് ആവർത്തിച്ചു വരുന്നത്): 
യുള്ളൊരുവെള്ളമുണ്ടു
കണ്ഠേ/കറുപ്പുമുണ്ടൊരു/പണ്ടേ/വെള്ളമുണ്ടു/കണ്ടാലതും/ഉണ്ടേ/കരമുണ്ടെന്നല്ല/ശ്രീകണ്ഠേശ്വര/തോല്‍മുണ്ടു

Tuesday, August 4, 2020

ഉപേന്ദ്രവജ്ര: ഉദാഹരണങ്ങള്‍

ഉപേന്ദ്രവജ്ര: ഉദാഹരണങ്ങള്‍

1. ഉമാവിവാഹം നാടകം
പടുത്വമോടിങ്ങിനെ തള്ളിയുന്തീ-
ട്ടടുത്തിടുന്നെന്തിനു മാറിനില്പിൻ
തടുത്തിടും ഞാനിനിയങ്ങൊരാളെ-
ക്കടത്തുവാൻ കൽപ്പന വേണമല്ലോ

2. ഗംഗാവതരണം നാടകം
കൊടുക്കുമോഗംഗയെ മന്നനായി-
ട്ടടക്കമില്ലാതെ സുരാധിനാഥൻ.
മുടക്കിയാലോ വരദാനമിഷ്ടം
തടുക്കുവാനും നിരുപിച്ചുകൂടാ

3. തുപ്പല്‍ക്കോളാമ്പി കാവ്യം
പെരുമ്പടപ്പിൽ ക്ഷിതിപാലരത്നം
പെരുമ്പടക്കോപ്പിഹ കൂട്ടിവന്നൂ
ഒരുമ്പെടേണം പട നീ തടുപ്പാൻ
കുരുമ്പയമ്മേ ! മമ തമ്പുരാട്ടി

4. സ്യമന്തകം നാടകം
കളിക്കെടോ ചുക്കിണിയും പിടിച്ചി-
ട്ടിളിച്ചിരുന്നാല്‍ മതിയാകയില്ലാ
കളിപ്രയോഗത്തില്‍ മടങ്ങിയെന്നാ-
ലിളിഭ്യനാമെന്നു മടിച്ചിരുന്നോ? 

5. സോമതിലകം ഭാണം
തനിക്കുതാൻപോന്നവരോടു ചെന്നി-
ക്കനക്ഷയം കാട്ടരുതെങ്കിലും കേൾ
മനക്കുരുന്നിങ്കലെഴുന്ന കാമ-
മെനിക്കു ചൊല്ലാതെയിരിക്കവയ്യാ

വൃത്തപരിചയം - 3

വൃത്തപരിചയം - 3

കഴിഞ്ഞ രണ്ടാഴ്ചകൾ ഇന്ദ്രവജ്രയിലെ സമസ്യാപൂരണവും സ്വതന്ത്രശ്ലോകങ്ങളും, അതിന് മുമ്പ് അനുഷ്ടുപ്പിലും, എഴുതി പരിചയപ്പെട്ടുവല്ലോ. എല്ലാവരും തന്നെ നല്ലവണ്ണം പങ്കെടുത്തു എന്നത് സന്തോഷം തരുന്നു.

ഇനി പരിചയപ്പെടുന്നത് ഉപേന്ദ്രവജ്ര എന്ന വൃത്തം ആണ്. ഇന്ദ്രവജ്ര പോലെ തന്നെ വളരെയധികം കണ്ടുപരിചയം ഉള്ള ഒരു വൃത്തം ആണ് ഇത്. ആദ്യത്തെ അക്ഷരം ലഘുവാണ് എന്നതൊഴിച്ചാൽ ഗുരു-ലഘുവിന്യാസം ഇന്ദ്രവജ്രയുടെ പോലെ തന്നെയാണ്. ഈ വൃത്തത്തിലും ഒരോ വരിയിലും 11 അക്ഷരങ്ങൾ ആണ്

വൃത്തം::  ഉപേന്ദ്രവജ്ര

വൃത്തലക്ഷണം :  ഉപേന്ദ്രവജ്രക്ക് ജതം ജഗംഗം

ഗുരുലഘുവിന്യാസം*: v-v/--v/-v-/--

താളം/ചൊൽവഴി:
ത തം ത തം തം ത ത തം ത തം തം 

സമാനതയുള്ള മറ്റു വൃത്തങ്ങൾ
1. ഇന്ദ്രവജ്ര: ഈ വൃത്തം പരിചയപ്പെട്ടുവല്ലോ
2. വംശസ്ഥം: ഓരോ വരിയിലും പതിനൊന്നാം അക്ഷരം ലഘുവും പന്ത്രണ്ടാമതൊരക്ഷരം ഗുരുവായും,  മറ്റെല്ലാം ഉപേന്ദ്രവജ്ര പോലെ തന്നെ
3. ഇന്ദ്രവംശ:   ഓരോ വരിയിലും ആദ്യത്തെ അക്ഷരം ഗുരു,  പതിനൊന്നാം അക്ഷരം ലഘുവും പന്ത്രണ്ടാമതൊരക്ഷരം ഗുരുവായും,  മറ്റെല്ലാം ഉപേന്ദ്രവജ്ര പോലെ തന്നെ
4. ആഖ്യാനകി: ഒന്നും മൂന്നും പാദം ഇന്ദ്രവജ്ര, രണ്ടും നാലും പാദം ഉപേന്ദ്രവജ്ര
5. വിപരീത ആഖ്യാനകി: ഒന്നും മൂന്നും പാദം ഉപേന്ദ്രവജ്ര, രണ്ടും നാലും പാദം ഇന്ദ്രവജ്ര

ഇന്ന് (ഓഗസ്റ്റ് 2) മുതൽ ഓഗസ്റ്റ് 8 വരെ ഇന്ദ്രവജ്രയിൽ സമസ്യാപൂരണം. അതു കഴിഞ്ഞ് ഓഗസ്റ്റ് 9 മുതൽ ഓഗസ്റ്റ് 15 വരെ

* v ലഘു, -   ഗുരു

ശ്ലോകപരിചയം: ശ്ലോകം 15

ശ്ലോകപരിചയം

ശ്ലോകം 15:
തിങ്ങിപ്പൊങ്ങിപ്പരന്നീടിന പെരിയ ഭവാം-
ഭോനിധിക്കുള്ളിലെന്നും
മുങ്ങിപ്പൊങ്ങിക്കുഴങ്ങീടിനൊരടിയനെ നീ
യത്തല്‍തീര്‍ത്താത്തമോദം
ഭംഗം കൂടാതപാംഗത്തരണിയിലണയെ-
ച്ചേര്‍ത്തുടന്‍ കാത്തിടേണം 
'ചെങ്ങല്‍'ത്തുംഗപ്രമോദാന്വിതമടിയരുളും
ശൈലകന്യേ വദാന്യേ

കവി / കൃതി:
വെണ്മണി അച്ഛന്‍ നമ്പൂതിരിയുടെ ഒറ്റശ്ലോകം

വൃത്തം: സ്രഗ്ദ്ധര
വൃത്തലക്ഷണം: ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും
അതായത് മഗണം, രഗണം, ഭഗണം, നഗണം, യഗണം, യഗണം, യഗണം

---/-v-/-(യതി)vv/vvv/v-(യതി)-/v--/v--

v ലഘു, - ഗുരു

വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

അർത്ഥം:
വദാന്യേ (ഉദാരമനസ്കയായ) 'ചെങ്ങല്‍'ത്തുംഗപ്രമോദാന്വിതമടിയരുളും (+ചെങ്ങല്‍ ക്ഷേത്രത്തില്‍ സന്തോഷത്തോടെ എഴുന്നള്ളിയിരിക്കുന്ന) ശൈലകന്യേ (ശ്രീപാര്‍വ്വതീ) , തിങ്ങിപ്പൊങ്ങിപ്പരന്നീടിന (നിറഞ്ഞുപരന്നു കിടക്കുന്ന) പെരിയ (വലിയ) ഭവാംഭോനിധിക്കുള്ളില്‍ (ലോകമാകുന്ന കടലില്‍) എന്നും മുങ്ങിപ്പൊങ്ങിക്കുഴങ്ങീടിനൊരടിയനെ (മുങ്ങിയും പൊങ്ങിയും കഴയുന്ന എന്നെ) നീയത്തല്‍ (വിഷമം) തീര്‍ത്ത് (ഇല്ലാതെ ആക്കി) ആത്തമോദം (സന്തോഷത്തോടു കൂടി) ഭംഗം കൂടാതെ (തടസ്സങ്ങള്‍ ഇല്ലാതെ) അപാംഗത്തരണിയില്‍ (കടാക്ഷമാകുന്ന വഞ്ചിയില്‍) അണയെച്ചേര്‍ത്തുടന്‍ (തന്നോട് ചേര്‍ത്ത് ഉടനെ തന്നെ) കാത്തിടേണം 

സാരാര്‍ത്ഥം:
ഉദാരമനസ്കയായ ചെങ്ങല്‍ ഭഗവതീ, അറ്റം കാണാനാവാത്ത സംസാരസമുദ്രത്തില്‍ മുങ്ങിപ്പൊങ്ങി വലയുന്ന എന്നെ എത്രയും പെട്ടെന്ന് നിന്നോട് ചേര്‍ത്ത് എന്റെ വിഷമങ്ങള്‍ മാറ്റി കാത്തുരക്ഷിക്കണം

ശബ്ദാലങ്കാരങ്ങൾ:
ദ്വിതീയാക്ഷരപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (ങ്ങി/ഗം/ങ്ങ); ഭംഗം എന്നതില്‍ അക്ഷരം ഗ ആണെങ്കിലും ഭംഗം എന്ന് പറയുമ്പോള്‍ ഏതാണ്ട് ങ്ങ എന്ന പോലെയുള്ള ശബ്ദം ആണല്ലോ; അതിനാല്‍ പൊതുവെ ദ്വിതീയാക്ഷരപ്രാസമായി കാണുന്നു
അനുപ്രാസം (വ്യഞ്ജനം ഇടയ്ക്കിടക്ക് ആവർത്തിച്ചു വരുന്നത്):  തിങ്ങിപ്പൊങ്ങി, മുങ്ങിപ്പൊങ്ങിക്കുഴങ്ങീ, ടിനൊരടിയനെ, ഭംഗം കൂടാതപാംഗ, ത്തരണിയിലണയെ, ഭവാംഭോനിധി
കലാശപ്രാസം: പല പാദങ്ങളിലും  അവസാനഭാഗത്ത് സമാനമായ ശബ്ദം വരുന്നത്  ശ്രദ്ധിക്കുക
യത്തല്‍തീര്‍ത്താത്തമോദം, ച്ചേര്‍ത്തുടന്‍ കാത്തിടേണം , ശൈലകന്യേ വദാന്യേ

+വെണ്മണി  ഇല്ലം സ്ഥിതിചെയ്യുന്ന ശ്രീമൂലനഗരത്തിനും കാഞ്ഞൂരിനും ഇടയ്ക്കുള്ള ഒരു അമ്പലമാണ് ചെങ്ങൽ ഭഗവതീ ക്ഷേത്രം . വെണ്മണിമാരുടെ പല കൃതികളിലും ഇഷ്ടദേവതാവന്ദനമായി തിര വൈരാണിക്കുളത്തപ്പന്‍റേയും  അവിടത്തെ ശ്രീപാര്‍വതിയുടേയും കൂടെ ചെങ്ങൽ ഭഗവതിയെയും സ്മരിച്ചു കാണുന്നുണ്ട്.

Saturday, August 1, 2020

ശ്ലോകപരിചയം: ശ്ലോകം 14

ശ്ലോകപരിചയം

ശ്ലോകം 14:
വിതതസംസൃതിസങ്കടവന്‍കടല്‍
പ്രതരണേ തുണ നിന്തിരുമേനി മേ
സതതമാര്‍ക്കൊരു ശക്തി വിമുക്തി തന്‍
വിതരണേ തരണേ വിജയം ഹരേ

കവി / കൃതി:
കാത്തൊള്ളില്‍ അച്യുതമേനോന്റെ കൃഷ്ണസ്തുതി എന്ന കൃതിയില്‍ നിന്ന്

വൃത്തം: ദ്രുതവിളംബിതം
വൃത്തലക്ഷണം: ദ്രുതവിളംബിതമാം നഭവും ഭരം

അതായത് നഗണം ഭഗണം ഭഗണം  രഗണം

vvv/-vv/-vv/-v-

v ലഘു, - ഗുരു

വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

അർത്ഥം:
അല്ലയോ ഹരേ, ആര്‍ക്ക്  വിമുക്തി  തന്‍  വിതരണേ (ആര്‍ക്ക് വിമുക്തിയുടെ വിതരണത്തില്‍) സതതം ഒരു ശക്തി [(സതതമായ ഒരു ശക്തി)  (ഉണ്ടോ, അങ്ങിനെയല്ലാമുള്ള)] നിന്തിരുമേനി (നിന്‍റെ തിരുവടി) വിതതസംസൃതിസങ്കടവന്‍കടല്‍ പ്രതരണേ  (വിതതം = വ്യാപിച്ച, സംസൃതി = ലോകം; പ്രതരണേ = പ്രകര്‍ഷേണ തരണം ചെയ്യുന്നതില്‍; വിതതമായ സംസൃതിയാകുന്ന വന്‍ കടല്‍ പ്രകര്‍ഷേണ തരണം ചെയ്യുന്നതില്‍)  മേ (എനിക്ക്) തുണ വിജയം തരണേ (തുണയും വിജയവും തരണേ)

സാരാര്‍ത്ഥം:
അല്ലയോ ഹരേ, എന്നും മോക്ഷം തരാന്‍ ശക്തിയുള്ള ഭഗവാന്‍ തന്നെ അനന്തമായി കാണപ്പെടുന്ന ലോകമാകുന്ന വലിയ കടല്‍ കടക്കാന്‍ ഭഗവാന്‍ തന്നെ തുണയും വിജയവും തരണേ

ശബ്ദാലങ്കാരങ്ങൾ:
ദ്വിതീയാക്ഷരസജാതീയപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (ത)
അനുപ്രാസം (വ്യഞ്ജനം ഇടയ്ക്കിടക്ക് ആവർത്തിച്ചു വരുന്നത്):  സങ്കടവന്‍കടല്‍,  പ്രതരണേ തുണ, ശക്തി വിമുക്തി
++യമകം (വാക്കുകൾ ആവർത്തിച്ച് ഉപയോഗിക്കുന്നത്):  വിതരണേ/തരണേ
(കാത്തൊള്ളില്‍ അച്യുതമേനോന്റെ കൃഷ്ണസ്തുതി എന്ന കൃതിയില്‍ എല്ലാ ശ്ലോകത്തിലും യമകം കാണാം )

++ വാക്കുകൾ ആവർത്തനം യമകം ആയി കണക്കാക്കപ്പെടണമെങ്കില്‍ അവ  "ശിവ ശിവ" എന്ന് പറയുന്നത് പോലെ ഒരേ അര്‍ത്ഥത്തില്‍ ആകരുത്
"അക്ഷരക്കൂട്ടമൊന്നായി-
ട്ടർഥം ഭേദിച്ചിടും പടി
ആവർത്തിച്ചു കഥിച്ചീടിൽ
യമകം പലമാതിരി"