Monday, July 6, 2020

വൃത്തപരിചയം: അനുഷ്ടുപ്പ്

വൃത്തപരിചയം: അനുഷ്ടുപ്പ്

നമുക്ക് സുപരിചിതമായ അനുഷ്ടുപ്പ് പരിചയപ്പെടുത്താന്‍ ദിലീപേട്ടന്‍ കളരിയില്‍ ഏതാണ്ട് ഒരു കൊല്ലം മുമ്പ് ഇട്ട പോസ്റ്റിനെ ആശ്രയിക്കുന്നു. വൃത്തമഞ്ജരിയിലെ നിയമങ്ങളെക്കാള്‍ എന്നെ സഹായിച്ചിട്ടുള്ളത് ആ വിവരണം ആണ്.

നേരത്തെ ഛന്ദസ്സിനെ കുറിച്ചു പറഞ്ഞിരുന്നല്ലോ. അനുഷ്ടുപ്പ് 8 അക്ഷരം ഒരു വരിയിൽ എന്ന നിബന്ധനയുള്ള ഛന്ദസ്സാണ്. ഈ ഛന്ദസ്സിൽ നിരവധി വൃത്തങ്ങൾ ഉണ്ട്. അത് മുഴുവൻ മനസ്സിലാക്കാൻ ശ്രമിക്കുന്നതിനേക്കാൾ എളുപ്പം ദിലീപേട്ടൻ പറഞ്ഞു തന്ന വഴിയാണ്. അതുറച്ചാൽ സൌകര്യം പോലെ മറ്റുള്ളവ സ്വയം നോക്കാവുന്നതാണ്

ദിലീപേട്ടൻ്റെ പഴയ പോസ്റ്റിൽ നിന്നും:



കാളി കാളി *മഹാകാ*ളി
ഭദ്രകാളി *നമോസ്തു*തേ
കുലം ച കു*ലധര്‍മം* ച
മാം ച പാല*യ പാല*യ


ഓരോ വരിയിലും എട്ടക്ഷരങ്ങൾ (വർണ്ണങ്ങൾ). മുകളിൽ എഴുതിയതിൽ ബോൾഡ് ആയി എഴുതിയ, ഓരോ വരിയിലെയും അക്ഷരങ്ങൾ ശ്രദ്ധിക്കുക. ഗുരു ലഘുക്കളുടെ പരിചയം ഇവിടെ കിട്ടുന്നു.

ചൊല്ലുവാൻ ഒരു സുഖമുണ്ടാകണം, അത് മാത്രമേ അനുഷ്ടുപ്പിന് നിയമമുള്ളൂ. എങ്കിലും പഴമക്കാർ, അങ്ങനെ എളുപ്പത്തിൽ ചൊല്ലുന്നതിന് ഒരു സൂത്രം പറഞ്ഞു തന്നിട്ടുണ്ട്. വീണ്ടും മുകളിലെ വരികളിലെ അവസാനത്തെ നാലക്ഷരം ശ്രദ്ധിക്കുക.

ആദ്യത്തെ നാലക്ഷരം എന്തുവേണമെങ്കിലും ആവാം. അഞ്ചു മുതൽ ഏഴു വരെയുള്ള അക്ഷരങ്ങളിൽ,

അഞ്ചാമത്തെ അക്ഷരം എല്ലാ വരികളിലും ലഘു തന്നെ ആവണം - ഇത് കൂട്ടക്കരമാവാം, പക്ഷെ ദീർഘമാവരുത്. കൂട്ടക്ഷരമായാൽ, നാലാമത്തെ അക്ഷരമാണ് ഗുരു ആവുക. (ഉദാഹരണം, "കത്തി* എന്ന വാക്ക് ഉണ്ടാകുന്നത്, കത്+ തി - എന്നാണ്. അതുകൊണ്ട് ക ആണ് ഗുരു, ത്തി ലഘുവാണ്. അതിനെപ്പറ്റി കൂടുതൽ ഭാവിയിൽ പറയാം)

ആറാമത്തെ അക്ഷരം എല്ലാ വരികളിലും ഗുരുവാകണം - ദീർഘമാകാം, അല്ലെങ്കിൽ അടുത്ത അക്ഷരം കൂട്ടക്ഷരമാക്കിയാൽ മതി - തത്കാലം ഇങ്ങനെ നിൽക്കട്ടെ

ഏഴാമത്തെ അക്ഷരം ഒന്നും മൂന്നും വരികളിൽ ഗുരുവും, രണ്ടും നാലും വരികളിൽ ലഘുവും ആകണം - ഇതാണ് നോക്കേണ്ടത്.

എട്ടാമത്തെ അക്ഷരം എന്തായാലും ഗുരു ആയി പരിഗണിക്കപ്പെടും

അതായത്, ഓരോ വരികളിലും എട്ടക്ഷരങ്ങൾ വീതം,

ആദ്യത്തെ നാലക്ഷരങ്ങൾ എങ്ങനെ വേണമെങ്കിൽ ആവാം

അഞ്ച്, ആറ്, ഏഴ് ഈ സ്ഥാനത്ത് വരുന്ന അക്ഷരങ്ങൾ വിവരിച്ചപോലെ ആക്കാൻ നോക്കണം

എട്ടാമത്തെ അക്ഷരം എന്തുവേണമെങ്കിലും ആവാം.

തത്കാലം, ദീർഘമായതും, ചില്ലക്ഷരങ്ങൾ വരുന്നതും, തുടർന്ന് കൂട്ടക്ഷരം വരുന്നതും ആയ അക്ഷരങ്ങൾ ഗുരുക്കൾ ബാക്കി എല്ലാം ലഘു എന്ന് കണക്കാക്കിയാൽ മതി. കൂട്ടക്ഷരം ഹ്രസ്വമായി വന്നാൽ (ഉദാ: ക്ക) അതിനു മുന്നിലത്തെ അക്ഷരമാണ് ഗുരു. നേരെ മറിച്ച് ക്കാ എന്നായാൽ അതിനു മുന്നില്ലേ അക്ഷരവും, ഇതും ഗുരുക്കൾ ആണ്. ഒന്ന് ശ്രമിച്ചാൽ പെട്ടെന്ന് ചെയ്യാം. 

No comments:

Post a Comment