Monday, July 6, 2020

ഗണങ്ങള്‍

ഗണങ്ങള്‍

വര്‍ണ്ണവൃത്തത്തിന്റെ ലക്ഷണങ്ങളെ മുമ്മൂന്ന് അക്ഷരങ്ങള്‍ കൂടുന്ന ഗണങ്ങളായി തിരിച്ച് ഓരോന്നും ഏതു ഗണത്തില്‍ പെടുന്നു എന്ന രീതിയില്‍ എന്നാണ്‌ സൂചിപ്പിക്കുക

വൃത്തമഞ്ജരിയിലെ ശ്ലോകം 19 (രണ്ടുപാദമേ ഉള്ളൂ) ശ്രദ്ധിക്കുക

മൂന്നക്ഷരം ചേര്‍ന്നതിനു
ഗണമെന്നിഹ സംജ്ഞയാം

ഇത് മൂന്നക്ഷരം കൂടുന്നതിനെ ആണ്‌ ഗണം എന്ന് പറയുക എന്ന് വ്യക്തമാക്കുന്നു

വൃത്തമഞ്ജരിയിലെ ശ്ലോകം 20 (രണ്ടുപാദമേ ഉള്ളൂ) ശ്രദ്ധിക്കുക

ഗണം ഗുരുലഘുസ്ഥാന-
ഭേദത്താലെട്ടുമാതിരി

അതായത് ലഘു-ഗുരുക്കളുടെ സ്ഥാനങ്ങള്‍ കണക്കാക്കിയാണ്‌ അത് ഏത് ഗണം എന്ന് നിശ്ചയിക്കുക; അങ്ങിനെ 8 ഗണങ്ങള്‍ ഉണ്ട്.

മേലില്‍ ലഘു-ഗുരുക്കളെ ഇങ്ങിനെ സൂചിപ്പിക്കുന്നു
v: ലഘു
-:  ഗുരു

അവ ഏതൊക്കെ എന്ന് അറിയാന്‍ ശ്ലോകം 21 ശ്രദ്ധിക്കുക

ആദിമധ്യാന്തവര്‍ണ്ണങ്ങള്‍
ലഘുക്കള്‍ യരതങ്ങളില്‍
ഗുരുക്കള്‍ ഭജസങ്ങള്‍ക്കു
മനങ്ങള്‍ ഗലമാത്രമാം

അതായത്
ആദ്യാക്ഷരം ലഘുവും മറ്റു രണ്ടും ഗുരുവും ആയാല്‍ യഗണം (v--)
മധ്യാക്ഷരം ലഘുവും മറ്റു രണ്ടും ഗുരുവും ആയാല്‍ രഗണം (-v-)
അന്ത്യാക്ഷരം ലഘുവും മറ്റു രണ്ടും ഗുരുവും ആയാല്‍ തഗണം (--v)

ആദ്യാക്ഷരം ഗുരുവും മറ്റു രണ്ടും ലഘുവുംആയാല്‍ ഭഗണം (-vv)
മധ്യാക്ഷരം ഗുരുവും മറ്റു രണ്ടും ലഘുവും ആയാല്‍ ജഗണം (v-v)
അന്ത്യാക്ഷരം ഗുരുവും മറ്റു രണ്ടും ലഘുവുംആയാല്‍ സഗണം  (vv-)

മൂന്നും ലഘുവായാല്‍ നഗണം (vvv) മൂന്നും ഗുരുവായാല്‍ മഗണം (---)

No comments:

Post a Comment