ശ്ലോകപരിചയം
ശ്ലോകം 18:
അവനമാവനമാലി നടത്തുമെ-
ന്നിഹ മുദാഹമുദാര! നിനച്ചു താന്‍
ഭുവനപാവന! പാര്‍ക്കുവതെന്നതോര്‍-
ക്കണമിതാണമിതാദരമാശ മേ
കവി / കൃതി: കെ സി കേശവപിള്ളയുടെ കേശവാഷ്ടകത്തില്‍ നിന്ന്
വൃത്തം: ദ്രുതവിളംബിതം
വൃത്തലക്ഷണം: ദ്രുതവിളംബിതമാം നഭവും ഭരം
അതായത് നഗണം ഭഗണം ഭഗണം രഗണം
vvv/-vv/-vv/-v-
v ലഘു, - ഗുരു
വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ
അർത്ഥം:
(ഹേ) ഭുവനപാവന! (ലോകം പാലിക്കുന്നവനേ) (ഹേ) ഉദാര (ദയാശീല) അവനം (പാലനം രക്ഷണം) ആ വനമാലി (വിഷ്ണു/കൃഷ്ണന്‍ ആയ നീ) നടത്തും എന്ന് ഇഹ (ഇവിടെ) മുദാ (സന്തോഷത്തോടെ) അഹം (ഞാന്‍) നിനച്ചു താന്‍ (വിചാരിച്ചു തന്നെയാണ്) പാര്‍ക്കുവത് (താമസിക്കുന്നത്/ജീവിക്കുന്നത്) എന്നതോര്‍ക്കണം (എന്ന് അങ്ങ് ഓര്‍ത്തുകൊള്ളും) ഇതാണ് മേ (എന്റെ) അമിതാദരം (അമിതമായ ആദരവോട് കൂടിയുള്ള) ആശ
സാരാര്‍ത്ഥം:
ലോകം പാലിക്കുന്ന ദയാശീലനായ ഭഗവാനേ, ഈ ലോകത്തെ ഭഗവാന്‍ പാലിക്കും രക്ഷിക്കും എന്ന് വിചാരിച്ചാണ് ഞാന്‍ സമാധാനമായി ഇരിക്കുന്നത്. ഇത് നീ ഓര്‍ക്കണം എന്നതാണ് എന്റെ വലിയ ആഗ്രഹം
ശബ്ദാലങ്കാരങ്ങൾ:
അനുപ്രാസം (വ്യഞ്ജനം ഇടയ്ക്കിടക്ക് ആവർത്തിച്ചു വരുന്നത്):
അവനമാവനമാലി, ന്നിഹ മുദാഹമുദാര, ഭുവനപാവന
യമകം (അക്ഷരക്കൂട്ടം പല അര്‍ത്ഥത്തില്‍ ആവർത്തിച്ച് ഉപയോഗിക്കുന്നത്):
നാലുപാദങ്ങളിലും: അവനമാവന, മുദാഹമുദാര, ഭുവനപാവന, മിതാണമിതാ
No comments:
Post a Comment