ശ്ലോകപരിചയം
ശ്ലോകം 17:
നെറ്റിക്കണ്ണന്റെ മൂന്നാം തിരുമിഴിയിലെഴും
നാളമേറ്റങ്ങുമിങ്ങും
പറ്റിച്ചേര്‍ന്നുള്ള പുത്തന്‍മഷിയെയുടനണി-
ത്തിങ്കളില്‍ക്കാണ്‍കമൂലം
നെറ്റിച്ചാന്തിത്രചിന്നും വിധമധികപണി-
പ്പെട്ടഹോ ഗംഗയെന്നെ-
പ്പറ്റിച്ചൂ കള്ളിയെന്നോര്‍ത്തുമയൊരുനെടുവീര്‍-
പ്പിട്ടതിന്നായ് തൊഴുന്നേന്‍
കവി / കൃതി:
ചമ്പത്തില്‍ ചാത്തുക്കുട്ടി മന്നാടിയാരുടെ ഒറ്റശ്ലോകം
വൃത്തം: സ്രഗ്ദ്ധര
വൃത്തലക്ഷണം: ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും
അതായത് മഗണം, രഗണം, ഭഗണം, നഗണം, യഗണം, യഗണം, യഗണം
---/-v-/-(യതി)vv/vvv/v-(യതി)-/v--/v--
v ലഘു, - ഗുരു
വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ
അർത്ഥം:
നെറ്റിക്കണ്ണന്റെ (മുക്കണ്ണനായ ശിവന്റെ) മൂന്നാം തിരുമിഴിയിലെഴും (മൂന്നാമത്തെ കണ്ണിലുള്ള) നാളമേറ്റ് (തീനാളം കൊണ്ട്) അങ്ങുമിങ്ങും
പറ്റിച്ചേര്‍ന്നുള്ള (നെറ്റിയില്‍ അവിടവിടെയായി) പുത്തന്‍മഷിയെ (പുതിയ മഷി... ചന്ദ്രനില്‍ കാണുന്നത് കണ്ണിലെ ജ്വാലയുടെ കരിയാണ്; മഷി കരി... അതാണ് പുത്തന്‍ മഷി ) ഉടന്‍ അണിത്തിങ്കളില്‍ ക്കാണ്‍കമൂലം (ഉടനെ നെറ്റി എന്ന് താന്‍ ധരിച്ചു നോക്കുന്നതില്‍ കണ്ടത് ഗംഗയുടെ നെറ്റിയിലെ ചാന്താണെന്ന് ശ്രീപാര്‍വ്വതി ധരിച്ചു.. ഭഗവാന്‍റെ നെറ്റിത്തടത്തിനും ബാലചന്ദ്രന്‍റെ ആകൃതിയാണ്; പ്രസിദ്ധമായ ഉപമ സുന്ദരമായ നെറ്റിയും ചന്ദ്രക്കലയും)) നെറ്റിച്ചാന്തിത്രചിന്നും വിധം (നെറ്റിയുള്ള ചാന്ത് ഇത്രയ്ക്ക് എല്ലായിടത്തും ആകുവാന്‍) അധികപണിപ്പെട്ടഹോ ഗംഗ എന്നെപ്പറ്റിച്ചൂ കള്ളി (ഇപ്പോള്‍ നെറ്റി എന്ന് താന്‍ ധരിച്ചു നോക്കുന്നതില്‍ കണ്ടത് ഗംഗയുടെ നെറ്റിയിലെ ചാന്താണെന്ന് ധരിച്ചു. ഇങ്ങനെ അധികപണിപ്പെട്ട് സംഗമശങ്ക ഉണ്ടായി) എന്ന് ഓര്‍ത്ത് ഉമ (എന്ന് ശ്രീപാര്‍വ്വതീദേവി ഓര്‍ത്ത്) ഒരു നെടുവീര്‍പ്പിട്ടതിന്നായ് (അത് ചന്ദ്രനാണെന്ന് മനസ്സിലായപ്പോള്‍ സമാധാനത്തിന്‍റെ നെടുവീര്‍പ്പ് ) തൊഴുന്നേന്‍ (തൊഴുന്നു)
സാരാര്‍ത്ഥം:
പരമശിവന്റെ മൂന്നാമത്തെ കണ്ണിലുള്ള തീനാളമേറ്റ് അവിടവിടെയായി പറ്റിപ്പിടിച്ച പുത്തന്‍മഷി ഉടനെ ആദ്യം നെറ്റിയിലും പിന്നെയും മേല്പോട്ട് നോക്കിയപ്പോള്‍ ചന്ദ്രനിലും കണ്ടു (ചന്ദ്രനിലെ കളങ്കം). അത് ഗംഗയുടെ, നെറ്റിയുള്ള ചാന്ത് ആണ്, അത് ഭഗവാന്റെ നെറ്റിയില്‍ ആയതാണ് എന്ന് ധരിച്ചു. പിന്നെ അത് ചന്ദ്രനാണ് എന്ന് മനസ്സിലായി ശ്രീപാര്‍വ്വതീദേവി സമാധാനിച്ചതിനായി തൊഴുന്നു
ശബ്ദാലങ്കാരങ്ങൾ:
ദ്വിതീയാക്ഷരസജാതീയപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (റ്റി)
കലാശപ്രാസം: പല പാദങ്ങളിലും അവസാനഭാഗത്ത് സമാനമായ ശബ്ദം വരുന്നത് ശ്രദ്ധിക്കുക
നാളമേറ്റങ്ങു/മിങ്ങും, പ്പിട്ടതിന്നായ്/തൊഴുന്നേന്‍
No comments:
Post a Comment