Tuesday, July 14, 2020

ശ്ലോകപരിചയം: ശ്ലോകം 7

ശ്ലോകപരിചയം

ശ്ലോകം 7:

ദുഷ്‌ക്കാലം പെരുകിദ്ദരിദ്രത വളര്‍-
ന്നെത്തുന്ന സത്തുക്കളെ
തല്‍ക്കാലേ പരിരക്ഷ ചെയ്തു വിലസും
ശ്രീഭൈമിഭൂമീപതേ!
ത്വല്‍ക്കാരുണ്യകടാക്ഷഭൃംഗപടലി-
ക്കുദ്യാനമായേഷഞാ-
നിക്കാലത്തുഭവിക്കിലെന്റെഭവന-
പ്പേരെത്രയും സാര്‍ത്ഥമാം

കവി / കൃതി: പൂന്തോട്ടത്ത് അച്ഛന്‍ (ദാമോദരന്‍)  നമ്പൂരിയുടെ ഒറ്റശ്ലോകം

വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം
വൃത്തലക്ഷണം: പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം
അതായത് മഗണം സഗണം ജഗണം സഗണം  തഗണം, തഗണം  പിന്നെ ഒരു ഗുരു

വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ

അർത്ഥം:
ദുഷ്‌ക്കാലം (കഷ്ടകാലം) പെരുകി (വളരെ അധികമായി) ദ്ദരിദ്ര്യത വളര്‍ന്നെത്തുന്ന (ദാരിദ്ര്യം കൂടുതലുള്ളത് കാരണം വശം കെട്ട് വരുന്ന) സത്തുക്കളെ (സജ്ജനങ്ങളെ) തല്‍ക്കാലേ (അപ്പപ്പോള്‍) പരിരക്ഷ ചെയ്തു വിലസും (രക്ഷിച്ചുപോരുന്ന)
ശ്രീഭൈമിഭൂമീപതേ+! ത്വല്‍ക്കാരുണ്യകടാക്ഷഭൃംഗപടലിക്ക് (താങ്കളുടെ കടാക്ഷമാകുന്ന വണ്ടിന്റെ കൂട്ടത്തിന്)  ഉദ്യാനമായ് ഏഷ ഞാന്‍ (ഈ ഞാന്‍ പൂന്തോട്ടമായി) ഇക്കാലത്തു ഭവിക്കില്‍ (ഇപ്പോള്‍ അങ്ങിനെ ആവുന്നു എങ്കില്‍) എന്റെ ഭവനപ്പേര് (പൂന്തോട്ടം എന്ന എന്റെ ഇല്ലപ്പേര്) എത്രയും സാര്‍ത്ഥമാം (എത്രയോ അര്‍ത്ഥവത്തായി തീരും)

സാരാര്‍ത്ഥം:
ദാരിദ്ര്യവും കഷ്ടപ്പാടുകളുമായി വരുന്ന സജ്ജനങ്ങളെ അപ്പപ്പോള്‍ കാത്തുരക്ഷിക്കുന്ന  ശ്രീഭൈമിഭൂമീപതേ+, താങ്കളുടെ കടാക്ഷമാകുന്ന വണ്ടുകള്‍ പാറിനടക്കുന്ന പൂന്തോട്ടമായി ഞാന്‍ എങ്കില്‍ (എന്നും എന്നില്‍ ഉണ്ടാവുകയാണെങ്കില്‍) പൂന്തോട്ടം എന്ന എന്റെ  ഇല്ലപ്പേരും അര്‍ത്ഥവത്തായി തീരും 

ശബ്ദാലങ്കാരങ്ങൾ:
സജാതീയദ്വതീയാക്ഷരപ്രാസം: എല്ലാ പാദത്തിലേയും രണ്ടാം അക്ഷരം (ക്കാ) ശ്രദ്ധിക്കുക

കലാശപ്രാസം: പല പാദങ്ങളിലും  അവസാനഭാഗത്ത് സമാനമായ ശബ്ദം വരുന്നത്  ശ്രദ്ധിക്കുക.
ന്നെത്തുന്ന/സത്തുക്കളെ, ശ്രീഭൈമി/ഭൂമീപതെ, പ്പേരെത്രയും/സാര്‍ത്ഥമാം

+ കടത്തനാട് രാജാവിന് (കടത്തനാട് ശങ്കരവര്‍മ്മ എന്ന് തോന്നുന്നു) സമര്‍പ്പിച്ച ശ്ലോകമാണ് എന്ന് തോന്നുന്നു.    ഭൈമിഭൂമി കടത്തനാട് ആയാണ് പഴയ സാഹിത്യ കൃതികളിൽ പലതിലും കടത്തനാട് രാജവംശം ഈ പേരിലാണ് അറിയപ്പെടുന്നതത്രേ. കടത്തനാട് രാജ്യത്തിന്റെ ആസ്ഥാനം വടകരയായിരുന്നു.  പൂതച്ചെട എന്ന പര്യായമുണ്ടത്രേ, ഭൈമി എന്ന പദത്തിന്.

No comments:

Post a Comment