Tuesday, July 28, 2020

ശ്ലോകപരിചയം: ശ്ലോകം 13

ശ്ലോകപരിചയം

ശ്ലോകം 13:
അബ്ദാർദ്ധേന ഹരിം പ്രസന്നമകരോ-
ദൌത്താനപാദിശ്ശിശുഃ
സപ്താഹേന നൃപഃ പരീക്ഷിദബലാ
യാമാർദ്ധതഃ പിംഗളാ
ഖട്വാംഗോ ഘടികാദ്വയേന നവതി-
പ്രായോപി തന്ന വ്യഥേ
തം കാരുണ്യനിധിം പ്രപദ്യ ശരണം
ശേഷായുഷാ തോഷയേ

കവി / കൃതി:
ചേലപ്പറമ്പ്  നമ്പൂതിരിയുടെ മുക്തകം
(സ്വതവേ ലൌകികജീവിതത്തില്‍ മുഴുകി നടന്നിരുന്ന ചേലപ്പറമ്പിനോട് ആരോ  "ഇനിയെങ്കിലും ഈശ്വരാരാധന ആയിക്കൂടേ" എന്ന് ചോദിച്ചതിനു മറുപടിയായി ഈ ശ്ലോകം എഴുതിച്ചൊല്ലിയതാണത്രേ)

വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം
വൃത്തലക്ഷണം: പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം
അതായത് മഗണം സഗണം ജഗണം സഗണം  തഗണം, തഗണം  പിന്നെ ഒരു ഗുരു

---/vv-/v-v/vv-/(യതി)--v/--v/-

v ലഘു, - ഗുരു

വൃത്തത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ


അർത്ഥം:
i) അബ്ദാർദ്ധേന (അബ്ദത്തിന്റെ പകുതികൊണ്ട് = പാതിവര്‍ഷം കൊണ്ട്) ഔത്താനപാദി ശ്ശിശുഃ (ഉത്താനാപാദന്റെ ഉണ്ണി = ധ്രുവന്‍),
ii) സപ്താഹേന (ഏഴുദിവസം കൊണ്ട്) നൃപഃ (രാജാവ്) പരീക്ഷിത് 
iii) അബലാ പിംഗള (സ്ത്രീയായ പിംഗള) യാമാർദ്ധതഃ (യാമത്തിന്റെ പകുതികൊണ്ടും)
iv) ഖട്വാംഗോ (ഖട്വാംഗന്‍)  ഘടികാദ്വയേന (രണ്ട് ഘടിക കൊണ്ടും)

(ഇവരൊക്കെ)

ഹരിം (ഹരിയെ) പ്രസന്നം അകരോത് (പ്രസന്നനാക്കി)

(അത് അറിയുന്നതുകൊണ്ട്)

നവതി (90) പ്രായ അപി (വയസ്സായി എന്നാലും) തത് (അത്; അതിനാല്‍ ) ന വ്യഥേ (വിഷമിക്കുന്നില്ല)

തം (ആ) കാരുണ്യനിധിം (കരുണാനിധിയെ) ശരണം പ്രപദ്യ (ശരണം പ്രാപിച്ച്)  ശേഷായുഷാ (ശേഷിച്ചിട്ടുള്ള ആയുസ്സുകൊണ്ട്) തോഷയേ (സന്തോഷിപ്പിക്കാം)

സാരാര്‍ത്ഥം:
ധ്രുവന്‍ അരക്കൊല്ലം കൊണ്ടും പരീക്ഷിത് ഏഴുദിവസം കൊണ്ടും പിംഗള യാമത്തിന്റെ പകുതികൊണ്ടും ഖട്വാംഗന്‍ രണ്ട് ഘടിക കൊണ്ടും ഹരിയെ പ്രസാദിപ്പിച്ചല്ലോ. 90 വയസ്സായി എന്നതുകൊണ്ട് വിഷമം ഇല്ല, ഇനിയുള്ള ആയുഷ്ക്കാലം (അത് എത്രയോ ആകട്ടെ) കൊണ്ട് ഭഗവാനെ പ്രീതിപ്പെടുത്താം 

ശബ്ദാലങ്കാരങ്ങൾ:
കലാശപ്രാസം: ശേഷാ/യുഷാ/തോഷയേ

No comments:

Post a Comment